എമിലിയാനോ മാർട്ടിനസിന്റെ വിവാദമായ സെലിബ്രെഷൻ അനുകരിച്ച് എംബാപ്പെ, വീഡിയോ വൈറലാകുന്നു

ഖത്തർ ലോകകപ്പിൽ അർജന്റീനക്കായി തകർപ്പൻ പ്രകടനം പുറത്തെടുത്ത താരമാണ് എമിലിയാനോ മാർട്ടിനസ്. അർജന്റീനയുടെ കിരീടനേട്ടത്തിൽ എമിലിയാനോ മാർട്ടിനസിനു വലിയൊരു പങ്കു തന്നെയുണ്ടെന്ന കാര്യത്തിൽ യാതൊരു സംശയവും ഇല്ല. ഫൈനൽ അടക്കം രണ്ടു ഷൂട്ടൗട്ടുകളിൽ അർജന്റീനയെ രക്ഷിച്ച താരം അതിനു പുറമെ നിരവധി സേവുകളും നടത്തി. ലോകകപ്പിലെ മികച്ച ഗോൾകീപ്പറായി തിരഞ്ഞെടുക്കപ്പെട്ടതും എമിലിയാനോ മാർട്ടിനസ് തന്നെയായിരുന്നു.

ഫൈനലിനു ശേഷം ഗോൾഡൻ ഗ്ലോവ് പുരസ്‌കാരം സ്വീകരിച്ച് എമിലിയാനോ മാർട്ടിനസ് നടത്തിയ ഗോളാഘോഷം ഏറെ ശ്രദ്ധ പിടിച്ചു പറ്റുകയും വിവാദങ്ങൾ ഉണ്ടാക്കുകയും ചെയ്‌തിരുന്നു. ഖത്തർ പോലൊരു രാജ്യത്ത് നടന്ന ലോകകപ്പിൽ സാമാന്യ മര്യാദകളെ ലംഘിക്കുന്ന തരത്തിലുള്ള ആഘോഷമാണ് എമിലിയാനോ നടത്തിയതെന്ന് പലരും ചൂണ്ടിക്കാട്ടി. താരത്തിന്റെ പ്രവൃത്തിക്കെതിരെ ഫിഫ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്‌തിട്ടുണ്ട്‌.

അതേസമയം എമിലിയാനോ മാർട്ടിനസിന്റെ ആഘോഷം ലോകകപ്പ് ഫൈനലിൽ ഹീറോയായി കിലിയൻ എംബാപ്പെ അനുകരിക്കുന്ന വീഡിയോ ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായി മാറുകയാണ്. പിഎസ്‌ജി ഓഫിസിൽ നിന്നും ഇറങ്ങി വരുന്ന എംബാപ്പെ ലോകകപ്പിൽ മാൻ ഓഫ് ദി മാച്ച് ആകുന്നവർക്ക് നൽകുന്ന ട്രോഫിക്ക് സമാനമായ വസ്‌തു കൊണ്ട് എമിലിയാനോ സെലെബ്രെഷൻ അനുകരിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്.

ലോകകപ്പ് കഴിഞ്ഞതിനു ശേഷം എംബാപ്പക്കെതിരെ നടത്തിയ അവഹേളനത്തിന്റെ പേരിലും എമിലിയാനോ മാർട്ടിനസ് രൂക്ഷമായ വിമർശനങ്ങൾ ഏറ്റു വാങ്ങിയിരുന്നു. അതുകൊണ്ടു തന്നെ രണ്ടു താരങ്ങളും തമ്മിൽ മികച്ചൊരു ബന്ധമുണ്ടാകാൻ സാധ്യതയില്ല. എങ്കിലും എമിലിയാനോ സെലിബ്രെഷൻ അനുകരിക്കാൻ എംബാപ്പക്കത് തടസ്സമായില്ല. അതു ചെയ്‌തത്‌ എമിലിയാനോ മാർട്ടിനസിനെ കളിയാക്കിയിട്ടാകാനും സാധ്യതയുണ്ട്.