എംബാപ്പെ പുറത്തിരിക്കേണ്ടി വരും, ഫ്രാൻസിന് ആശങ്കപ്പെടുത്തുന്ന വാർത്ത

ഓസ്ട്രിയക്കെതിരെ ഇന്നലെ നടന്ന യൂറോ കപ്പ് മത്സരത്തിൽ ഫ്രാൻസ് വിജയം നേടിയെങ്കിലും അവസാനം ആശങ്കപ്പെടുത്തുന്ന കാര്യങ്ങളാണ് സംഭവിച്ചത്. ഓസ്ട്രിയക്കെതിരെ നേടിയ വിജയഗോളിന് കാരണക്കാരനായ സൂപ്പർതാരം കിലിയൻ എംബാപ്പെ പരിക്കേറ്റു പുറത്തു പോയി. ഒരു ഹെഡർ ശ്രമത്തിനിടെ മൂക്കിന് പരിക്കേറ്റാണ് എംബാപ്പെ കളിക്കളം വിട്ടത്.

എംബാപ്പയുടെ പരിക്കിന്റെ സാഹചര്യത്തെക്കുറിച്ച് ആദ്യം പുറത്തു വന്ന വാർത്തകൾ ആരാധകർക്ക് ആശ്വാസം നൽകുന്നതായിരുന്നു. എംബാപ്പെയുടെ മൂക്കിനു പരിക്കേറ്റെങ്കിലും മാസ്‌ക് വെച്ചാൽ താരത്തിന് അടുത്ത മത്സരം മുതൽ കളിക്കാനാകുമെന്നാണ് റിപ്പോർട്ടുകൾ ഉണ്ടായിരുന്നത്. യൂറോക്ക് ശേഷമേ താരത്തിന് ശസ്ത്രക്രിയ നടത്തേണ്ടതുള്ളൂവെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

എന്നാൽ ഏറ്റവും പുതിയ റിപ്പോർട്ടുകൾ ഫ്രഞ്ച് ആരാധകർക്ക് അത്ര ആശ്വസിക്കാൻ വക നൽകുന്നതല്ല. മിററിന്റെ റിപ്പോർട്ടുകൾ പ്രകാരം നെതർലാൻഡ്‌സിനെതിരായ അടുത്ത ഗ്രൂപ്പ് മത്സരം എംബാപ്പെക്ക് നഷ്‌ടപ്പെടാനുള്ള സാധ്യതയുണ്ട്. ഫ്രാൻസിൽ നിന്നുള്ള റിപ്പോർട്ടുകൾ താരത്തിന് ക്വാർട്ടർ ഫൈനൽ വരെ പുറത്തിരിക്കേണ്ടി വരുമെന്നും വ്യക്തമാക്കുന്നു.

നിലവിൽ ലോകഫുട്ബോളിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളാണ് എംബാപ്പെ. പിഎസ്‌ജി വിട്ട താരം അടുത്ത സീസൺ മുതൽ റയൽ മാഡ്രിഡിലാണ് കളിക്കുന്നത്. റയൽ മാഡ്രിഡിനെ സംബന്ധിച്ചിടത്തോളം തങ്ങളുടെ പ്രധാന താരങ്ങളെ വെച്ച് റിസ്‌ക് എടുക്കാൻ അവർ അനുവദിക്കില്ല. അതുകൊണ്ടു തന്നെ എംബാപ്പയുടെ ഫിറ്റ്നസ് ഉറപ്പു വരുത്തേണ്ടത് അനിവാര്യമാണ്.

ഫ്രാൻസിനെ സംബന്ധിച്ച് എംബാപ്പയെ നഷ്‌ടമായാൽ അതൊരു തിരിച്ചടിയാണ്. ഒറ്റക്ക് മത്സരങ്ങളുടെ ഗതി മാറ്റാൻ തനിക്ക് കഴിയുമെന്ന് ഇന്നലെക്കൂടി താരം തെളിയിച്ചു കഴിഞ്ഞു. അതിനു പുറമെ ഇനി ഫ്രാൻസ് മത്സരിക്കേണ്ട നെതർലാൻഡ്‌സ് ഗ്രൂപ്പിലെ ഏറ്റവും മികച്ച ടീമുകളിലൊന്നാണ്. അവർക്കെതിരെ വിജയം നേടാനായില്ലെങ്കിൽ അത് ടീമിന്റെ മുന്നോട്ടുപോക്കിനെ ബാധിക്കും.