മിന്നൽ ഗോളുകളുമായി ലയണൽ മെസി, നായകൻറെ കരുത്തിൽ വിജയക്കുതിപ്പ് തുടർന്ന് അർജന്റീന | Argentina

സൗത്ത് അമേരിക്കയിലെ ലോകകപ്പ് യോഗ്യത മത്സരത്തിൽ പെറുവിനെതിരെ വിജയം കുറിച്ച് അർജന്റീന. അൽപ്പസമയം മുൻപ് അവസാനിച്ച മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് അർജന്റീന വിജയം സ്വന്തമാക്കിയത്. പരിക്കിന്റെ പ്രശ്‌നങ്ങളിൽ നിന്നും മുക്തനായി അർജന്റീന ആദ്യ ഇലവനിൽ ഇടം പിടിച്ച നായകൻ ലയണൽ മെസി തന്നെയാണ് അർജന്റീനയുടെ രണ്ടു ഗോളുകളും നേടിയത്. ഇതോടെ നാല് യോഗ്യത മത്സരങ്ങളിൽ നാലിലും വിജയം സ്വന്തമാക്കാൻ അർജന്റീനക്കായി.

പെറുവിനെ മൈതാനത്താണ് മത്സരം നടന്നതെങ്കിലും അർജന്റീന തന്നെയാണ് ആധിപത്യം സ്ഥാപിച്ചത്. നിരവധി മുന്നേറ്റങ്ങൾ സംഘടിപ്പിച്ച അവർ അര മണിക്കൂർ പിന്നിട്ടപ്പോൾ മത്സരത്തിൽ മുന്നിലെത്തി. ഒരു വേഗതയേറിയ മുന്നേറ്റത്തിന് ശേഷം നിക്കോളാസ് ഗോൺസാലസ് നൽകിയ ക്രോസ് തകർപ്പൻ ഷോട്ടിലൂടെ മെസി വലയിലെത്തിച്ചു. പെറു ഗോൾകീപ്പർക്ക്‌ തടുക്കാൻ കഴിയുന്ന അകലത്തിലൂടെ തന്നെയാണ് പന്ത് പോയതെങ്കിലും അതിന്റെ വേഗതയും കരുത്തും അവിശ്വസനീയമായതിനാൽ അദ്ദേഹം പരാജയപ്പെട്ടു.

ആദ്യപകുതി അവസാനിക്കുന്നതിനു മുൻപ് തന്നെ അർജന്റീന ലീഡ് ഉയർത്തി. വിങ്ങിലൂടെ മുന്നേറി വന്ന് എൻസോ ഫെർണാണ്ടസ് നൽകിയ ക്രോസ് പിഴവൊന്നും കൂടാതെ മെസി വലയിലേക്കെത്തിച്ചു. രണ്ടു ഗോളിന്റെ ലീഡുമായി രണ്ടാം പകുതി തുടങ്ങിയ അർജന്റീന ക്രിസ്റ്റ്യൻ റൊമേറോയെ പിൻവലിച്ചു. അതിനു ശേഷം പെറുവിന്റെ ആക്രമണങ്ങൾ ഒന്ന് വർധിച്ചെങ്കിലും അർജന്റീന അതിനെ പ്രതിരോധിച്ചു. അതിനു ശേഷം മെസി ഒരു ഗോൾ നേടിയെങ്കിലും വീഡിയോ റഫറി അത് ഓഫ്‌സൈഡാണെന്ന് കണ്ടെത്തി.

അർജന്റീന അതിനു ശേഷം ഒന്നു പിൻവലിഞ്ഞാണ് കളിച്ചതെങ്കിലും രണ്ടു ടീമുകളുടെയും ഭാഗത്തു നിന്നും ആക്രമണങ്ങൾ ഉണ്ടായിരുന്നു. എന്നാൽ അതൊന്നും ഗോളിലേക്കെത്തിക്കാൻ രണ്ടു ടീമുകൾക്കും കഴിഞ്ഞില്ല. അർജന്റീന തന്നെയാണ് ആക്രമണങ്ങളിൽ മുന്നിൽ നിന്നത്. ലയണൽ മെസി പ്രതീക്ഷ നൽകുന്ന ഏതാനും ഷോട്ടുകൾ ഉതിർത്തെങ്കിലും അതൊന്നും ഗോളാക്കി മാറ്റാൻ കഴിഞ്ഞില്ല. താരത്തിന്റെ ഹാട്രിക്ക് പ്രതീക്ഷിച്ചിരുന്ന ആരാധകർക്ക് അതൊരു ചെറിയ നിരാശ നൽകി.

ഈ മത്സരത്തിലെ വിജയത്തോടെ ലാറ്റിനമേരിക്കൻ ലോകകപ്പ് യോഗ്യത റൗണ്ടിലെ നാളിൽ നാല് മത്സരങ്ങളും വിജയിച്ച അർജന്റീന പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനക്കാരായി നിൽക്കുന്നു. നാല് മത്സരങ്ങളിൽ നിന്നും അർജന്റീനക്ക് പന്ത്രണ്ടു പോയിന്റുള്ളപ്പോൾ അത്രയും മത്സരങ്ങളിൽ നിന്നും ഏഴു പോയിന്റുമായി യുറുഗ്വായും ബ്രസീലും രണ്ടും മൂന്നും സ്ഥാനങ്ങളിൽ നിൽക്കുന്നു. അതേസമയം നാലിൽ മൂന്നു മത്സരവും തോറ്റ പെറുവിന്റെ സമ്പാദ്യം ഒരു പോയിന്റ് മാത്രമാണ്.

Messi Brace Helps Argentina Win Against Peru