ലോകകപ്പിനു ശേഷം ഞങ്ങൾ തികഞ്ഞ ആത്മവിശ്വാസത്തിലാണ്, ഇനിയും മെച്ചപ്പെടാൻ അർജന്റീനക്ക് കഴിയുമെന്ന് മെസി | Messi

ലാറ്റിനമേരിക്കൻ ലോകകപ്പ് യോഗ്യത റൗണ്ടിലെ മറ്റൊരു മത്സരത്തിൽ കൂടി അർജന്റീന വിജയം സ്വന്തമാക്കി. ഇന്ന് രാവിലെ പെറുവിനെതിരെ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് അർജന്റീന വിജയം സ്വന്തമാക്കിയത്. പരിക്കിന്റെ ബുദ്ധിമുട്ടുകൾ കാരണം കഴിഞ്ഞ കുറച്ച് മത്സരങ്ങൾ കൃത്യമായി കളിക്കാതിരുന്ന ലയണൽ മെസി ആദ്യ ഇലവനിൽ ഇറങ്ങിയപ്പോൾ താരം തന്നെയാണ് ടീമിന്റെ രണ്ടു ഗോളുകളും നേടിയത്. രണ്ടു ഗോളുകളും മികച്ചതായിരുന്നു.

ഇതോടെ ലാറ്റിനമേരിക്കൻ ലോകകപ്പ് യോഗ്യത റൗണ്ടിൽ ഇതുവരെ കളിച്ച നാല് മത്സരങ്ങളിലും അർജന്റീന വിജയം സ്വന്തമാക്കി. കഴിഞ്ഞ മാസം നടന്ന മത്സരത്തിൽ ഇക്വഡോർ, ബൊളീവിയ എന്നീ ടീമുകളെ തോൽപ്പിച്ച അർജന്റീന ഈ ഇന്റർനാഷണൽ ബ്രേക്കിൽ പാരഗ്വായ്, പെറു എന്നിവരെയും കീഴടക്കി. മത്സരത്തിന് ശേഷം ലോകകപ്പ് കഴിഞ്ഞപ്പോൾ ടീമിനുണ്ടായ മാറ്റത്തെക്കുറിച്ചും ഇപ്പോഴത്തെ മികച്ച ഫോമിനെക്കുറിച്ചും നായകനായ ലയണൽ മെസി സംസാരിക്കുകയുണ്ടായി.

“ഖത്തർ ലോകകപ്പിൽ കിരീടം സ്വന്തമാക്കിയതിനു ശേഷം ഞങ്ങൾ വളരെയധികം ആത്മവിശ്വാസത്തിലാണ്, ഞങ്ങൾ ശാന്തമായി കളിക്കുന്നു. കൂടുതൽ ഒത്തിണക്കവും ഐക്യവും കളിക്കളത്തിൽ പ്രകടിപ്പിക്കുന്നു. ഇതുപോലെ തന്നെ മുന്നോട്ടു പോകാനും ഇനിയും വളരാനും കഴിയുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഒത്തിണക്കത്തോടു കൂടിയ താരങ്ങളുടെ ഒരു ഗ്രൂപ്പും ഡ്രസിങ് റൂമിലെ മികച്ച അന്തരീക്ഷവുമുണ്ടെങ്കിൽ എല്ലാം അനായാസമാകുമെന്നാണ് എനിക്ക് തോന്നുന്നത്.”

“ഒരുമിച്ച് കളിക്കാനും ഒരുമിച്ച് സമയം ചെലവിടാനും ഞങ്ങൾ ആഗ്രഹിക്കുന്നു, അത് ആസ്വദിക്കുകയും ചെയ്യുന്നു. ഞങ്ങൾക്ക് വളരെ മികച്ച താരങ്ങളും ഒരു പ്രത്യേക രീതിയിലുള്ള കേളീശൈലിയുമുണ്ട്, അതിനെ ഞങ്ങൾ വളരെയധികം ഇഷ്‌ടപ്പെടുന്നു. ഇതേ പാതയിലൂടെ കൂടുതൽ മികച്ച രീതിയിൽ മുന്നോട്ടു പോകാൻ കഴിയുമെന്നാണ് ഞങ്ങൾ കരുതുന്നത്.” പെറുവിനെതിരായ മത്സരത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ ലയണൽ മെസി പറഞ്ഞു.

പെറുവിനെതിരായ മത്സരവും വിജയിച്ചതോടെ മികച്ചൊരു വിജയക്കുതിപ്പിലാണ് അർജന്റീന ഇപ്പോഴുള്ളത്. ഖത്തർ ലോകകപ്പിലെ ആദ്യത്തെ മത്സരത്തിൽ സൗദി അറേബ്യയോട് തോൽവി വഴങ്ങിയതിനു ശേഷം പിന്നീട് നടന്ന എല്ലാ മത്സരങ്ങളിലും അർജന്റീന വിജയം സ്വന്തമാക്കി. ഇന്നും വിജയിച്ചതോടെ തുടർച്ചയായ പതിനാലാമത്തെ മത്സരമാണ് അർജന്റീന വിജയം നേടുന്നത്. നിലവിൽ യോഗ്യത റൗണ്ടിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ടീമും അർജന്റീനയാണ്.

Messi Talks About Argentina Team After Win Against Peru