പെറു താരങ്ങളെ വട്ടം കറക്കി നിലത്തു വീഴ്ത്തിയ മെസി സ്‌കിൽ, എതിർ ടീമെങ്കിലും ഇങ്ങിനെയൊക്കെ ചെയ്യാമോയെന്ന് ആരാധകർ | Messi

മികച്ച ഫോമിലുള്ള ലയണൽ മെസിയെ തടുക്കാൻ ഒരാൾക്കും കഴിയില്ലെന്ന കാര്യം ഉറപ്പാണ്. കുറച്ചു കാലമായി പരിക്കേറ്റു പുറത്തിരിക്കുന്ന ലയണൽ മെസി ആദ്യ ഇലവനിൽ ഇറങ്ങിയത് പെറുവിനെതിരായ ലോകകപ്പ് യോഗ്യത മത്സരത്തിലായിരുന്നു. മത്സരത്തിൽ മികച്ച പ്രകടനം നടത്തിയ താരം നേടിയ രണ്ടു ഗോളുകളിലാണ് അർജന്റീന വിജയം സ്വന്തമാക്കിയത്. മൂന്നാമതൊരു ഗോൾ കൂടി മെസി നേടിയിരുന്നെങ്കിലും വീഡിയോ പരിശോധനയിൽ ഓഫ്‌സൈഡ് കണ്ടെത്തിയതിനാൽ മെസിക്ക് ഹാട്രിക്ക് നഷ്‌ടമായി.

ലയണൽ മെസി തന്റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാൻ തുടങ്ങിയാൽ ഏതൊരു എതിരാളിയെയും നിഷ്പ്രഭമാക്കാൻ താരത്തിന് കഴിയും. അത് ചിലപ്പോൾ തന്റെ മാരകമായ ഡ്രിബ്ലിങ് കൊണ്ടോ അല്ലെങ്കിൽ ഒരു കില്ലർ പാസ് കൊണ്ടോ ആയിരിക്കാം. ഖത്തർ ലോകകപ്പിൽ ക്രൊയേഷ്യൻ ഡിഫെൻഡറായ ജോസ്കോ ഗ്വാർഡിയോളിനെ നിഷ്പ്രഭമാക്കിയ ഡ്രിബ്ലിങ്ങും ഹോളണ്ടിനെതിരെ നടന്ന മത്സരത്തിൽ മോളിനക്ക് നൽകിയ പാസുമെല്ലാം അതിനുള്ള ഉദാഹരണമാണ്.

പെറുവിനെതിരായ മത്സരത്തിലും ലയണൽ മെസിയുടെ ഒരു അവിശ്വസനീയ സ്‌കിൽ ഉണ്ടായിരുന്നു. ത്രോ ലൈനിനരികിൽ വെച്ച് തന്നെ തടുക്കാൻ വന്ന താരത്തെ ലയണൽ മെസി ബോഡി ഫെയിന്റും പന്തടക്കവും കൊണ്ട് മൈതാനത്ത് വീഴ്ത്തി. അതിനിടയിൽ മറ്റൊരു താരം കൂടി മെസിയെ തടുക്കാനെത്തി. അവനെ കബളിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ നേരത്തെ വീണയാളും മെസിയെ തടുക്കാനെത്തി. സെക്കന്റിന്റെ ഒരംശം കൊണ്ട് മെസി നടത്തിയ നീക്കത്തിൽ ആദ്യം വീണ താരം വീണ്ടും മൈതാനത്തു വീഴുകയും രണ്ടു താരങ്ങളെയും കബളിപ്പിച്ച് മെസി പന്തെടുത്ത് മുന്നേറുകയും ചെയ്‌തു.

ലയണൽ മെസി ഈ സ്‌കിൽ പുറത്തെടുക്കുന്ന സമയത്ത് തൊട്ടരികിൽ തന്നെ അർജന്റീന പരിശീലകൻ ലയണൽ സ്‌കലോണി ഉണ്ടായിരുന്നു. സ്‌കലോണിയുടെ തൊട്ടു മുന്നിൽ വെച്ചാണ് മെസി ഈ താരങ്ങളെ നിഷ്പ്രഭമാക്കിയത്. മെസിയുടെ സ്‌കിൽ കണ്ട് സ്‌കലോണിക്കും ആവേശം അടക്കാൻ കഴിഞ്ഞില്ല. താരം അവസാനത്തെ സ്‌കില്ലിൽ രണ്ടു താരങ്ങളെയും കബളിപ്പിച്ച് പന്തുമായി മുന്നേറുന്ന സമയത്ത് ഗോളടിച്ച പോലെ രണ്ടും കയ്യും പൊക്കിയാണ് സ്‌കലോണി അതാഘോഷിച്ചത്.

ലയണൽ മെസിയുടെ പന്തടക്കവും ശരീരത്തിന്റെ ചലനങ്ങൾ കൊണ്ട് എതിരാളികളെ കബളിപ്പിക്കാനുള്ള കഴിവും ഒരിക്കൽക്കൂടി വ്യക്തമാക്കി തരുന്നതായിരുന്നു ഈ സ്‌കിൽ. കരിയറിൽ എല്ലാ കാലത്തും ഇതേപോലെ തന്നെയാണ് മെസി കളിച്ചിരുന്നതെങ്കിലും ഓരോ തവണയും ആരാധകർക്ക് ഇത് അത്ഭുതം തന്നെയാണ്. മുപ്പത്തിയാറാം വയസിലും ഈ ചലനങ്ങളും എതിരാളികളെ വീഴ്ത്താനുള്ള കഴിവും കാത്തുസൂക്ഷിക്കാൻ കഴിയുന്നു എന്നതു തന്നെയാണ് മെസിയെ ഇപ്പോഴും ലോകത്തിന്റെ നെറുകയിൽ നിർത്തുന്നത്.

Messi Unreal Skill Against Peru