മെസിക്ക് വേണ്ടി ഞങ്ങളതു ചെയ്യില്ല, താരത്തെ കളിപ്പിക്കേണ്ടെന്ന് അമേരിക്കൻ ക്ലബ് | Messi

ലയണൽ മെസിയുടെ വരവ് അമേരിക്കൻ ലീഗിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കിയെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകർ അമേരിക്കൻ ലീഗിനെ കൂടുതൽ ശ്രദ്ധിച്ചു തുടങ്ങിയത് ഇതിൽ പ്രധാനമാണ്. ഇന്റർ മിയാമിക്കായി രണ്ടു മത്സരങ്ങളിൽ ഇറങ്ങിയ ലയണൽ മെസി രണ്ടിലും മികച്ച പ്രകടനം നടത്തുകയും ഗോളുകൾ നേടി ടീമിന് വിജയം സ്വന്തമാക്കി നൽകുകയും ചെയ്‌തു. മൂന്നു ഗോളും രണ്ട് അസിസ്റ്റുമാണ് മെസി രണ്ടു മത്സരങ്ങളിൽ സ്വന്തമാക്കിയത്.

ലയണൽ മെസിയുടെ വരവ് അമേരിക്കൻ ലീഗിലെ അടിസ്ഥാനസൗകര്യങ്ങളിലും മാറ്റങ്ങളുണ്ടാക്കാൻ കാരണമായിട്ടുണ്ട്. മേജർ ലീഗ് സോക്കറിലെ ആറു ക്ലബുകൾ കൃത്രിമ പുല്ല് പാകിയ മൈതാനങ്ങളിലാണ് കളിക്കുന്നത്. ലയണൽ മെസി വന്നതോടെ ഈ ടർഫ് മാറ്റി സാധാരണ പുല്ല് മൈതാനങ്ങളിൽ സ്ഥാപിക്കണമെന്ന് എംഎൽഎസ് അധികൃതർ ആവശ്യപ്പെട്ടിരുന്നു. ആർട്ടിഫിഷ്യൽ ടർഫിൽ കളിച്ചാൽ പരിക്ക് പറ്റാനുള്ള സാധ്യത കൂടുതലാണെന്നതാണ് ഇതിനു കാരണം.

എന്നാൽ എംഎൽഎസ് അധികൃതരുടെ ഈ ആവശ്യം തള്ളിക്കളഞ്ഞിരിക്കുകയാണ് ലീഗിലെ ഒരു ക്ലബായ ഷാർലറ്റ് എഫ്‌സി. ലയണൽ മെസി ലീഗിലേക്ക് വന്നതു കൊണ്ട് തങ്ങളുടെ മൈതാനത്തെ ആർട്ടിഫിഷ്യൽ പുല്ല് മാറ്റി സാധാരണ പുല്ല് സ്ഥാപിക്കാൻ കഴിയില്ലെന്നാണ് അവർ വ്യക്തമാക്കിയത്. ഒക്ടോബർ 21നാണു ഇന്റർ മിയാമി ഷാർലറ്റ് എഫ്‌സിയുടെ മൈതാനത്ത് കളിക്കാൻ വരുന്നതെങ്കിലും ആർട്ടിഫിഷ്യൽ ടർഫ് മാറ്റാൻ കഴിയില്ലെന്ന് ക്ലബ് നേതൃത്വം തീരുമാനം എടുത്തു കഴിഞ്ഞു.

ഇതോടെ ഷാർലറ്റ് എഫ്‌സിയുടെ മൈതാനത്ത് നടക്കുന്ന മത്സരത്തിൽ ലയണൽ മെസി കളിക്കാനുള്ള സാധ്യത കുറവായി. മുപ്പത്തിയാറുകാരനായ താരത്തിനു പരിക്ക് പറ്റാതെ നോക്കേണ്ടത് ഇന്റർ മിയാമിയുടെ പ്രധാന ലക്ഷ്യമായതിനാൽ അവർ താരത്തെ ഇത്തരം ടാർഫുള്ള സ്റ്റേഡിയങ്ങളിലെ മത്സരങ്ങളിൽ ഇറക്കാതിരിക്കാനാണ് സാധ്യത കൂടുതൽ. ഷാർലറ്റ് എഫ്‌സിക്ക് പുറമെ സെപ്‌തംബറിൽ ഇന്റർ മിയാമിക്ക് മത്സരമുള്ള അറ്റ്‌ലാന്റാ യുണൈറ്റഡിന്റെ മൈതാനവും ആർട്ടിഫിഷ്യൽ ടർഫ് തന്നെയാണ്.

Messi Denied Pitch Change By MLS Club