വമ്പൻ സൈനിങ്‌ വരുന്നുണ്ടേ, കൊളംബിയൻ കരുത്തിനെ ടീമിലെത്തിക്കാൻ ബ്ലാസ്റ്റേഴ്‌സ് ശ്രമങ്ങൾ ആരംഭിച്ചു | Kerala Blasters

പുതിയ സീസണിനു മുന്നോടിയായി മറ്റു ടീമുകളെല്ലാം കരുത്ത് വർധിപ്പിക്കുമ്പോൾ കേരള ബ്ലാസ്റ്റേഴ്‌സ് തിരിച്ചടികൾ നേരിട്ടു കൊണ്ടിരിക്കുകയാണ്. നിരവധി മികച്ച താരങ്ങളെ നഷ്‌ടമായ അവർക്ക് ടീമിന് ആവശ്യമായ പൊസിഷനിലേക്ക് വേണ്ട താരങ്ങളെ എത്തിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. അതിനു പുറമെ ലക്ഷ്യമിട്ട ചില താരങ്ങളെ മറ്റു ക്ലബുകൾ റാഞ്ചിക്കൊണ്ടു പോകുന്നതും കാണുകയുണ്ടായി. അതുകൊണ്ടു തന്നെ ആരാധകർ വലിയ നിരാശയിലാണ് നിൽക്കുന്നത്.

ട്രാൻസ്‌ഫർ മാർക്കറ്റിൽ ഇപ്പോഴും ഇടപെടലുകൾ നടത്തിക്കൊണ്ടിരിക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സുമായി ബന്ധപ്പെട്ടു അഭ്യൂഹങ്ങൾക്ക് കുറവില്ല. ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ പ്രകാരം കൊളംബിയയിൽ നിന്നുള്ള ഒരു താരവുമായാണ് കേരള ബ്ലാസ്റ്റേഴ്‌സ് ചർച്ചകൾ നടത്തുന്നത്. ഇറ്റാലിയൻ ലീഗിൽ കളിച്ചു കൊണ്ടിരുന്ന ഇരുപത്തിയഞ്ചുകാരനായ ദാമിർ സേറ്ററിനെയാണ് ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കാൻ ശ്രമിക്കുന്നത്. താരവുമായി ചർച്ചകൾ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്.

പ്രൊഫെഷണൽ കരിയറിൽ കൊളംബിയയിലെ മൂന്നു ക്ലബുകൾക്ക് വേണ്ടി കളിച്ചതിനു ശേഷം ഇറ്റാലിയൻ ക്ലബായ കാഗ്ലിയാരിയിലേക്ക് ചേക്കേറിയ താരമാണ് ദാമിർ. 2018 മുതൽ 2022 വരെ അവർക്കൊപ്പം ഉണ്ടായിരുന്നെങ്കിലും ഏഴു മത്സരങ്ങളിൽ മാത്രമാണ് ഇറങ്ങിയിരിക്കുന്നത്. അതിനു പുറമെ മൂന്നു ക്ലബിൽ ലോണിൽ കളിക്കുകയും ചെയ്‌തു. കഴിഞ്ഞ സീസണിൽ സീരി ബി ടീമായ ബാരിക്ക് വേണ്ടി കളിച്ച താരം നിലവിൽ കരാർ അവസാനിച്ച് ഫ്രീ ഏജന്റാണ്.

കഴിഞ്ഞ സീസണിൽ പത്ത് മത്സരങ്ങൾ കളിച്ച താരത്തിന് ഗോളൊന്നും നേടാൻ കഴിഞ്ഞില്ലെങ്കിലും കരിയറിൽ പല ക്ലബിന് വേണ്ടിയും മികച്ച പ്രകടനമാണ് താരം നടത്തിയിട്ടുള്ളത്. ടീമിനോട് കൃത്യമായി ഒത്തുചേർന്നു പോകാൻ കഴിഞ്ഞാൽ തന്റെ മികവ് പുറത്തെടുക്കാൻ താരത്തിന് കഴിയാറുണ്ട്. ആറടിയിലധികം ഉയരമുള്ള താരം എതിരാളികൾക്കൊരു ഭീഷണിയാകും. നിലവിൽ വേതനസംബന്ധമായ കാര്യങ്ങൾ ചർച്ച ചെയ്‌തു കൊണ്ടിരിക്കുന്ന ബ്ലാസ്റ്റേഴ്‌സ് അതിൽ തീരുമാനമായാൽ സൈനിങ്‌ പൂർത്തിയാക്കും.

Kerala Blasters In Talks With Damir Ceter