റൊണാൾഡോയെ താഴെയിറക്കി സൗദിയിലെ രാജാവാകാൻ ബെൻസിമ, വീണ്ടും കിടിലൻ ഗോൾ | Benzema

ഖത്തർ ലോകകപ്പിന് പിന്നാലെ സൗദി അറേബ്യൻ ക്ലബായ അൽ നസ്റിലേക്ക് ചേക്കേറിയ ക്രിസ്റ്റ്യാനോ റൊണാൾഡോ കഴിഞ്ഞ സീസണിന്റെ രണ്ടാം പകുതിയിൽ ടീമിലെത്തി മികച്ച പ്രകടനമാണ് നടത്തിയത്. സീസണിന്റെ രണ്ടാം പകുതി മാത്രമേ കളിച്ചുള്ളൂവെങ്കിലും ലീഗിലെ ടോപ് സ്കോറർമാരിൽ ഒരാളായി മാറാൻ റൊണാൾഡോക്ക് കഴിഞ്ഞിരുന്നു. എന്നാൽ കഴിഞ്ഞ സീസണിൽ കിരീടങ്ങളൊന്നും സ്വന്തമാക്കാൻ കഴിയാതിരുന്ന റൊണാൾഡോ ഈ സീസണിൽ അത് നേടാമെന്ന പ്രതീക്ഷയിലാണ്.

എന്നാൽ റൊണാൾഡോയുടെ മോഹങ്ങൾ അത്രയെളുപ്പം നടക്കില്ലെന്ന് ഉറപ്പിക്കുന്ന പ്രകടനമാണ് സമ്മർ ജാലകത്തിൽ മറ്റൊരു സൗദി അറേബ്യൻ ക്ലബായ അൽ ഇത്തിഹാദിലേക്ക് ചേക്കേറിയ കരിം ബെൻസിമ വ്യക്തമാക്കുന്നത്. ഇത്തിഹാദിനു വേണ്ടിയുള്ള അരങ്ങേറ്റ മത്സരത്തിൽ കിടിലൻ ഗോളോടെ ടീമിന് വിജയം നേടിക്കൊടുത്ത കരിം ബെൻസിമ ഇന്നലെ നടന്ന മത്സരത്തിലും അതാവർത്തിച്ചിരുന്നു. മറ്റൊരു മികച്ച ഗോൾ നേടി ടീമിന് വിജയം നൽകാൻ ഫ്രഞ്ച് താരത്തിനായി.

അറബ് ക്ലബ് ചാമ്പ്യൻസ് കപ്പിന്റെ ഗ്രൂപ്പ് മത്സരത്തിലാണ് കരിം ബെൻസിമ ഇത്തിഹാദിനായി ഗോൾ കണ്ടെത്തിയത്. കഴിഞ്ഞ മത്സരത്തിൽ ബെൻസിമയുടെ കൂടി ഗോളിന്റെ പിൻബലത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകളുടെ വിജയം സ്വന്തമാക്കിയ അൽ ഇത്തിഹാദ് കഴിഞ്ഞ മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന്റെ വിജയം സ്വന്തമാക്കിയപ്പോൾ ഗോൾ ബെൻസിമയുടെ വകയായിരുന്നു. അറുപത്തിമൂന്നാം മിനുട്ടിലാണ് തന്റെ സ്കോറിങ് പാടവം വ്യക്തമാക്കുന്ന ഗോൾ താരം നേടിയത്.

സൗദി അറേബ്യയിൽ ലീഗ് മത്സരങ്ങൾ ഓഗസ്റ്റിലാണ് ആരംഭിക്കുന്നത്. അതിനു മുന്നോടിയായി നടക്കുന്ന ടൂർണ്ണമെന്റിലാണ് ബെൻസൈമാ മികച്ച പ്രകടനം നടത്തുന്നത്. അറബ് രാജ്യങ്ങളിലെ ക്ലബുകൾ ഉൾപ്പെടുന്ന ടൂർണമെന്റിൽ രണ്ടു മത്സരങ്ങൾ കളിച്ച താരം രണ്ടു ഗോളും ഒരു അസിസ്റ്റും സ്വന്തമാക്കിയിട്ടുണ്ട്. രണ്ടു മത്സരങ്ങളിൽ ടീമിന് വിജയവും നേടിക്കൊടുക്കാൻ കഴിഞ്ഞ ബെൻസിമ റൊണാൾഡോയുടെ കിരീടമോഹങ്ങൾ ഇല്ലാതാക്കാൻ കഴിയുമെന്ന് ഉറപ്പിക്കുന്ന പ്രകടനമാണ് നടത്തുന്നത്.

Benzema Scored Superb Goal For Al Ittihad Again