മെസിയുടെ മുന്നേറ്റങ്ങളെ തകർത്തെറിയാൻ റാമോസെത്തുന്നു, അമേരിക്കൻ ക്ലബുമായി സ്‌പാനീഷ്‌ ഇതിഹാസം ചർച്ചയിൽ | Sergio Ramos

ചിരവൈരികളായ രണ്ടു ക്ലബുകളായ റയൽ മാഡ്രിഡിന്റെയും ബാഴ്‌സലോണയുടെയും നായകന്മാരായിരുന്ന താരങ്ങളാണ് ലയണൽ മെസിയും സെർജിയോ റാമോസും. നിരവധി വർഷങ്ങൾ ഇരുവരും ടീമിനെ നയിക്കുകയും സാധ്യമായ നേട്ടങ്ങളെല്ലാം സ്വന്തമാക്കുകയും ചെയ്‌തു. കളിക്കളത്തിൽ പരസ്‌പരം പോരടിച്ചിട്ടുള്ള ഇരുവരും പിന്നീട് പിഎസ്‌ജിയിൽ ഒരുമിച്ചു കളിച്ചു. ഒരുമിച്ച് ഫ്രഞ്ച് ക്ലബിലെത്തിയ അവർ ഒരുമിച്ചു തന്നെ അവിടം വിടുകയും ചെയ്‌തു.

ലയണൽ മെസി ഇന്റർ മിയാമിയിലേക്ക് ചേക്കേറിയതിനു പിന്നാലെ സെർജിയോ റാമോസും ഇന്റർ മിയാമിയിൽ എത്തുമെന്ന അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ബുസ്‌ക്വറ്റ്സ്, ആൽബ എന്നിവരെ ഇന്റർ മിയാമി സ്വന്തമാക്കിയിട്ടും റാമോസിനായി നീക്കങ്ങളൊന്നും നടത്തുന്നത് കണ്ടില്ല. അതുകൊണ്ട് തന്നെ നിലവിൽ ഫ്രീ ഏജന്റായ താരം യൂറോപ്പിലെയോ അമേരിക്കയിലെയോ സൗദിയിലെയോ മറ്റേതെങ്കിലും ക്ലബ്ബിലേക്ക് ചേക്കേറാനുള്ള സാധ്യതയുണ്ടായിരുന്നു.

സെർജിയോ റാമോസ് വീണ്ടുമൊരിക്കൽക്കൂടി ലയണൽ മെസിയുടെ എതിരാളിയായി വരുമെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിലവിൽ ഒരു ക്ലബിനു വേണ്ടിയും കരാർ ഒപ്പിട്ടിട്ടില്ലാത്ത താരത്തെ സ്വന്തമാക്കാൻ അമേരിക്കൻ ലീഗിലെ മറ്റൊരു ക്ലബായ ലോസ് ഏഞ്ചൽസ് ഫുട്ബോൾ ക്ലബ് ശ്രമം നടത്തുന്നുണ്ട്. മുപ്പത്തിയേഴുകാരനായ താരവുമായി ക്ലബ് പ്രതിനിധികൾ ചർച്ച തുടങ്ങിയെന്ന് മുണ്ടോ ഡിപോർറ്റീവോ വ്യക്തമാക്കുന്നു.

അതേസമയം ഇന്റർ മിയാമിയും ലോസ് ഏഞ്ചൽസ് ഫുട്ബോൾ ക്ലബും അമേരിക്കൻ ലീഗിലെ രണ്ടു വ്യത്യസ്‌ത കോണ്ഫറന്സുകളിലാണ് കളിക്കുന്നത്. ഇന്റർ മിയാമി ഈസ്റ്റേൺ കോൺഫറൻസിൽ കളിക്കുമ്പോൾ ലോസ് ഏഞ്ചൽസ് ഫുട്ബോൾ ക്ലബ് വെസ്റ്റേൺ കോൺഫറൻസിൽ കളിക്കുന്നു. അതുകൊണ്ടു തന്നെ റാമോസ് ലോസ് ഏഞ്ചൽസ് ഫുട്ബോൾ ക്ലബിലേക്ക് ചേക്കേറിയാലും പ്ലേ ഓഫ് മത്സരങ്ങളിലാകും ഇരുവരും ഏറ്റുമുട്ടേണ്ടി വരിക.

MLS Club LAFC Want Sergio Ramos