നേടിയ കിരീടം രണ്ടാമതും സ്വന്തമാക്കണം, കോപ്പ അമേരിക്കക്ക് പിന്നാലെ മറ്റൊരു കിരീടത്തിനായി മെസിയും ഡി മരിയയും ഒരുമിക്കുന്നു | Messi Di Maria

അർജന്റീന ടീമിനൊപ്പം സാധ്യമായ കിരീടങ്ങളെല്ലാം സ്വന്തമാക്കിയ താരങ്ങളാണ് ലയണൽ മെസിയും ഏഞ്ചൽ ഡി മരിയയും. കഴിഞ്ഞ മൂന്നു വർഷത്തിനുള്ളിൽ കോപ്പ അമേരിക്ക, ഫൈനലൈസിമ, ലോകകപ്പ് എന്നിവ സ്വന്തമാക്കിയ ഇരുവരും 2008ൽ ഒളിമ്പിക്‌സ് കിരീടവും നേടിയിട്ടുണ്ട്. അതിനു പുറമെ മെസി 2005ൽ യൂത്ത് ലോകകപ്പും ഡി മരിയ 2007ൽ അണ്ടർ 20 ലോകകപ്പും സ്വന്തമാക്കിയതാണ്.

രണ്ടു താരങ്ങളും ഇനി ലക്‌ഷ്യം വെക്കുന്നത് വരാനിരിക്കുന്ന കോപ്പ അമേരിക്ക കിരീടമാണ്. രണ്ടു തവണ കോപ്പ അമേരിക്ക ഫൈനലിൽ തോൽവി വഴങ്ങിയ താരങ്ങൾ 2021ലാണ് ആദ്യമായി കോപ്പ അമേരിക്ക ഉയർത്തുന്നത്. അതിനു ശേഷം രണ്ടു കിരീടങ്ങൾ കൂടി സ്വന്തമാക്കിയ ഇരുവരും വരുന്ന കോപ്പ അമേരിക്ക കിരീടം കൂടി ലക്‌ഷ്യം വെച്ചു കൊണ്ടുള്ള തയ്യാറെടുപ്പിലാണ്.

വരുന്ന കോപ്പ അമേരിക്കക്ക് ശേഷം ഡി മരിയ വിരമിക്കുമെന്നാണ് റിപ്പോർട്ടുകൾ ഉള്ളതെങ്കിലും അതിനു സാധ്യതയില്ലെന്ന് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കോപ്പ അമേരിക്ക ടൂർണമെന്റിന് ശേഷം നടക്കാനിരിക്കുന്ന ഒളിമ്പിക്‌സ് ഗെയിംസിൽ അർജന്റീനക്കൊപ്പം പങ്കെടുത്ത് ഒരിക്കൽ കൂടി ഒളിമ്പിക്‌സ് കിരീടം നേടാൻ രണ്ടു പേരും ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.

നിലവിൽ ഒളിമ്പിക്‌സ് യോഗ്യതക്ക് നേടാൻ വേണ്ടിയുള്ള ശ്രമത്തിലാണ് അർജന്റീന അണ്ടർ 23 ടീം. യോഗ്യത നേടിക്കഴിഞ്ഞാൽ ഇരുപത്തിമൂന്നു വയസിനു മുകളിലുള്ള നിശ്ചിത എണ്ണം താരങ്ങളെയും ടൂർണമെന്റിൽ പങ്കെടുപ്പിക്കാൻ കഴിയും. ഈ മാസം ഇരുപത്തിരണ്ടു മുതൽ ആരംഭിക്കുന്ന യോഗ്യത റൗണ്ടിൽ നിന്നും മുന്നേറാൻ കഴിഞ്ഞാൽ മെസിയും ഡി മരിയയും ഒളിമ്പിക്‌സിനും ഉണ്ടായിരിക്കും.

ജൂലൈ ഇരുപത്തിയാറു മുതൽ ഓഗസ്റ്റ് പതിനൊന്നു വരെയാണ് ഒളിമ്പിക്‌സ് മത്സരങ്ങൾ നടക്കാൻ പോകുന്നത്. ഇത്തവണ ഫ്രാൻസിലാണ് ഒളിമ്പിക്‌സ് നടക്കുന്നത് എന്നതിനാൽ കിരീടം നേടാൻ ഫ്രാൻസ് ടീമിനൊപ്പം എംബാപ്പയും ഉണ്ടായിരിക്കും. അർജന്റീനയും ഫ്രാൻസും യോഗ്യത നേടിയാൽ രണ്ടു ടീമുകളും വീണ്ടുമൊരിക്കൽ കൂടി കൊമ്പു കോർക്കാനുള്ള സാധ്യത കൂടുതലാണ്.

Messi Di Maria Wants To Play In Olympics