നിസ്വാർത്ഥതയുടെ പ്രതിരൂപമായി മെസി, സഹതാരങ്ങൾക്കു വേണ്ടി നഷ്‌ടമാക്കിയത് 27 ഹാട്രിക്കുകൾ

സമകാലീന ഫുട്ബോളിലെ ഏറ്റവും മികച്ച താരമാരാണെന്ന ചോദ്യത്തിന് ഒരു മറുപടിയെയുള്ളൂ. അർജന്റീന താരമായ ലയണൽ മെസി. ഒരു ഫുട്ബോൾ താരത്തിന് കരിയറിൽ സ്വന്തമാക്കാൻ കഴിയാവുന്ന എല്ലാ നേട്ടവും സ്വന്തമാക്കി ചരിത്രത്തിലെ ഏറ്റവും മികച്ച താരമെന്ന നിലയിൽ നിൽക്കുന്ന മെസി ഒരു കിരീടം കൂടി സ്വന്തമാക്കാൻ വേണ്ടിയുള്ള തയ്യാറെടുപ്പിലാണ്.

എതിരാളികൾ പോലും വളരെയധികം ബഹുമാനം നൽകുന്ന ലയണൽ മെസിക്ക് അത് ലഭിക്കാൻ താരത്തിന്റെ നിസ്വാർത്ഥമായ പ്രവൃത്തികൾ കാരണമായിട്ടുണ്ട്. കളിക്കളത്തിൽ തന്റെ വ്യക്തിഗത നേട്ടങ്ങളെക്കാൾ ടീമിന്റെ വിജയത്തിന് വേണ്ടിയും സഹതാരങ്ങൾ പ്രചോദിപ്പിക്കുന്നതിനു വേണ്ടിയും മെസി ശ്രമിക്കാറുണ്ട്. അർജന്റീനയുടെ കഴിഞ്ഞ മത്സരത്തിലും അത് കാണുകയുണ്ടായി.

ഗ്വാട്ടിമാലക്കെതിരെ നടന്ന കഴിഞ്ഞ മത്സരത്തിൽ മെസിയുടെ ഗോളിൽ അർജന്റീന ഒപ്പമെത്തിയതിനു ശേഷം ഒരു പെനാൽറ്റി ടീമിന് ലഭിച്ചിരുന്നു. അർജന്റീനയുടെ പെനാൽറ്റി ടേക്കർ മെസിയാണെങ്കിലും താരമത് സ്‌ട്രൈക്കറായ ലൗടാരോ മാർട്ടിനസിനാണ് നൽകിയത്. ആ പെനാൽറ്റി മെസി എടുത്തിരുന്നെങ്കിൽ മത്സരം അവസാനിക്കുമ്പോൾ ഹാട്രിക്ക് നേട്ടം താരത്തിന് സ്വന്തമായേനെ.

ഇതാദ്യമായല്ല സഹതാരത്തിനു പെനാൽറ്റി നൽകി മെസി ഹാട്രിക്ക് നേട്ടം സ്വന്തമാക്കാതെ പോകുന്നത്. കരിയറിൽ ഇരുപത്തിയേഴു തവണയാണ് സഹതാരത്തിനു പെനാൽറ്റി നൽകിയതു കൊണ്ട് മെസിക്ക് ഹാട്രിക്ക് നഷ്‌ടമായിരിക്കുന്നത്. ഒരൽപം സ്വാർത്ഥത ഉണ്ടായിരുന്നെങ്കിൽ കരിയറിൽ മെസിയുടെ മൊത്തം ഹാട്രിക്ക് നേട്ടം എത്രത്തോളം ഉയരത്തിലായിരിക്കും.

കഴിഞ്ഞ മത്സരത്തിൽ മെസി ലൗടാരോ മാർട്ടിനസിനു പെനാൽറ്റി നൽകിയത് താരത്തിന്റെ ആത്മവിശ്വാസം വർധിപ്പിക്കുന്നതിന് വേണ്ടിയാണ്. ഇന്റർ മിലാനൊപ്പം മികച്ച ഫോമിലാണെങ്കിലും അർജന്റീനക്കൊപ്പം അതെ ഫോം ആവർത്തിക്കാൻ ലൗടാരോക്ക് കുറച്ചായി കഴിയുന്നില്ല. കോപ്പ അമേരിക്കക്ക് മുൻപ് താരത്തിന്റെ ആത്മവിശ്വാസം വർധിപ്പിക്കേണ്ടത് അനിവാര്യമായതു കൊണ്ടാണ് മെസിയുടെ ഈ പ്രവൃത്തി.