വിജയങ്ങളെത്ര നേടിയാലും ആ നാണക്കേട് മാറ്റാൻ മെസിക്ക് കഴിയുന്നില്ല, വീണ്ടും പരാജിതനായി അർജന്റീന നായകൻ | Messi

നിലവിൽ ഏറ്റവും മികച്ച ഫോമിലുള്ള ടീമുകളിൽ ഒന്നാണ് അർജന്റീന. കഴിഞ്ഞ രണ്ടര വർഷത്തിനിടയിൽ നേടിയ മൂന്നു കിരീടങ്ങളിലൂടെയും അപരാജിത കുതിപ്പിലൂടെയും അവരത് തെളിയിക്കുകയും ചെയ്‌തതാണ്‌. ഇപ്പോഴും മികച്ച ഫോമിൽ തന്നെ ടീം മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നു. കഴിഞ്ഞ ദിവസം ബ്രസീലിനെതിരെ നടന്ന ലോകകപ്പ് യോഗ്യത മത്സരത്തിൽ വിജയം നേടിയതോടെ ലാറ്റിനമേരിക്കയിലെ കരുത്തുറ്റ ടീം തങ്ങളാണെന്ന് തെളിയിക്കാനും അവർക്കായി.

അർജന്റീനയുടെ നിലവിലെ മികച്ച ഫോമിനു പിന്നിലെ ചാലകശക്തി നായകൻ ലയണൽ മെസിയാണെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. ഖത്തർ ലോകകപ്പിൽ താരത്തിന്റെ പ്രകടനം അവിശ്വസനീയമായ തരത്തിലായിരുന്നു. മുപ്പത്തിയഞ്ചാം വയസിൽ ഏറെ കാത്തിരുന്ന ലോകകപ്പ് കിരീടം സ്വന്തമാക്കാൻ ഈ പ്രകടനത്തിലൂടെ താരത്തിന് കഴിഞ്ഞു. എന്നാൽ അപ്പോഴും ലയണൽ മെസിക്ക് തെളിയിക്കാൻ ബാക്കിയുള്ള ചില കാര്യങ്ങളുണ്ടെന്നതിൽ സംശയമില്ല.

ലോകത്തിലെ തന്നെ ഏറ്റവും മികച്ച താരമാണെങ്കിലും ബ്രസീൽ ദേശീയ ടീമിനെതിരെയുള്ള പ്രധാന മത്സരങ്ങളിൽ താരത്തിന്റെ പ്രകടനമാണ് ഇപ്പോൾ ചർച്ചയാകുന്നത്. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിലും ബ്രസീലിനെതിരെ ഒരു ഗോളോ അസിസ്റ്റോ സ്വന്തമാക്കാൻ മെസിക്ക് കഴിഞ്ഞില്ല. താരത്തിന്റെ ഭാഗത്തു നിന്നും മികച്ച പ്രകടനവും കണ്ടില്ല. ഒരൊറ്റ ഷോട്ട് മാത്രമാണ് എഴുപത്തിയെട്ടു മിനുട്ട് കളിച്ച ലയണൽ മെസിയുടെ ഭാഗത്തു നിന്നും ഉണ്ടായത്.

ബ്രസീലിനെതിരെ കോംപിറ്റിറ്റിവ് മത്സരങ്ങളിൽ ഒരു ഗോൾ പോലും നേടാൻ കഴിഞ്ഞിട്ടില്ലെന്ന നാണക്കേടിന്റെ റെക്കോർഡ് ഇല്ലാതാക്കാൻ കഴിഞ്ഞ മത്സരത്തിലും മെസിക്ക് കഴിഞ്ഞില്ല. ബ്രസീലിനെതിരെ എട്ടു പ്രധാന മത്സരങ്ങൾ കളിച്ച മെസി അതിൽ ഒരു ഗോൾ പോലും നേടിയിട്ടില്ലെന്നു മാത്രമല്ല, ഒരു അസിസ്റ്റ് പോലും സ്വന്തമാക്കിയിട്ടില്ല. കരിയർ അവസാനിക്കുമ്പോഴേക്കും ഈ റെക്കോർഡിൽ മാറ്റം വരുത്താൻ മെസിക്ക് കഴിഞ്ഞില്ലെങ്കിൽ അതൊരു നാണക്കേട് തന്നെയാണ്.

ബ്രസീലും അർജന്റീനയും തമ്മിൽ ഇനിയും മുഖാമുഖം വരാനുള്ള അവസരമുണ്ട്. അടുത്ത വർഷം നടക്കുന്ന കോപ്പ അമേരിക്ക ടൂർണമെന്റിൽ രണ്ടു ടീമുകളും തമ്മിൽ ഏറ്റുമുട്ടാനുള്ള സാധ്യത വരുന്നുണ്ട്. അതിനു പുറമെ ലോകകപ്പ് യോഗ്യതക്കു വേണ്ടി രണ്ടു ടീമുകളും തമ്മിൽ അർജന്റീനയിൽ വെച്ചും ഒരു മത്സരം കളിക്കും. അങ്ങിനെ ബ്രസീൽ മുന്നിൽ വരുമ്പോൾ മെസിയൊരു ഗോൾ നേടേണ്ടത് അനിവാര്യമാണെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.

Messi Got 0 Goals And Assists Against Brazil In Competitive Games