ഹൈദരാബാദിനെതിരെ ഗോൾവേട്ടക്ക് തുടക്കമിടും, വലിയ സിഗ്നൽ നൽകി ബ്ലാസ്റ്റേഴ്‌സ് താരം | Peprah

ഇന്ത്യൻ സൂപ്പർ ലീഗ് ഈ സീസൺ ആരംഭിക്കുന്നതിനു മുൻപ് കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് വളരെ പ്രതീക്ഷ നൽകിയ ഒരു സൈനിങ്‌ ആയിരുന്നു ഘാന താരമായ ക്വാമ പെപ്രയുടേത്. വലിയ തുക നൽകി ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയ ഇരുപത്തിരണ്ടുകാരനായ താരം ഇതിനു മുൻപ് കളിച്ച ക്ലബുകളിൽ മികച്ച പ്രകടനം നടത്തിയിട്ടുണ്ട്. വെറും ഇരുപത്തിരണ്ടു വയസ് മാത്രം പ്രായമുള്ള താരം ബ്ലാസ്റ്റേഴ്‌സിന്റെ ഭാവിയിലേക്ക് ഒരു മുതൽക്കൂട്ടെന്ന നിലയിലാണ് ഏവരും കണ്ടത്.

എന്നാൽ സീസൺ ആരംഭിച്ചപ്പോൾ ആരാധകരെ പെപ്ര നിരാശപ്പെടുത്തുകയാണുണ്ടായത്. സീസണിൽ ബ്ലാസ്റ്റേഴ്‌സ് ആറു മത്സരം കളിച്ചപ്പോൾ അതിൽ ഒരു ഗോൾ പോലും നേടാൻ താരത്തിന് കഴിഞ്ഞിട്ടില്ല. ബ്ലാസ്റ്റേഴ്‌സിന്റെ ശൈലിക്ക് അനുസൃതമായി നല്ല പ്രെസിങ് താരത്തിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നുണ്ടെങ്കിലും ഒരു സ്‌ട്രൈക്കറുടെ പ്രധാന ഗുണമായ ഗോളടിമികവ് പ്രകടിപ്പിക്കാൻ പെപ്രക്ക് കഴിഞ്ഞില്ല. കഴിഞ്ഞ മത്സരത്തിൽ നേടിയ ഒരു ഗോൾ റഫറി നിഷേധിക്കുകയും ചെയ്‌തു.

പെപ്രയുടെ ഫോമിൽ ആശങ്ക പ്രകടിപ്പിച്ച ആരാധകർ താരത്തിനെതിരെ സൈബർ ആക്രമണവും നടത്തിയിരുന്നു. അതിനു പിന്നാലെ നിരവധി ആരാധകർ താരത്തിന് പിന്തുണ നൽകിയും രംഗത്തു വന്നു. അടുത്ത മത്സരത്തിൽ ഗോൾ കണ്ടെത്താനുള്ള ഊർജ്ജമാണ് ആരാധകർ നൽകിയത്. എന്തായാലും അടുത്ത മത്സരത്തിൽ താരം ഗോൾ കണ്ടെത്തുമെന്ന സൂചനകൾ താരം നൽകിയിട്ടുണ്ട്. ഇന്റർനാഷണൽ ബ്രേക്കിൽ നടന്ന സൗഹൃദമത്സരം അതിന്റെ സൂചനയാണ്.

ഇന്റർനാഷണൽ ബ്രേക്കിൽ മഹാരാജാസ് കോളേജിനെതിരെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് സൗഹൃദ മത്സരം കളിച്ചത്. എതിരില്ലാത്ത നാല് ഗോളുകൾക്ക് ബ്ലാസ്റ്റേഴ്‌സ് മത്സരത്തിൽ വിജയം സ്വന്തമാക്കി. പെപ്ര ഈ മത്സരത്തിൽ ഒരു ഗോൾ നേടുകയും ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്‌തിരുന്നു. പെപ്രക്കു പുറമെ ബിദ്യാസാഗർ, പ്രീതം കോട്ടാൽ, മാർകോ ലെസ്‌കോവിച്ച് എന്നിവരാണ് മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സിന് വേണ്ടി ഗോളുകൾ നേടിയത്.

അടുത്ത മത്സരത്തിൽ ദിമിത്രിയോസ് വിലക്ക് കാരണം കളിക്കില്ലെന്നതിനാൽ ടീമിന്റെ പ്രധാന സ്‌ട്രൈക്കർ പെപ്ര തന്നെയായിരിക്കും. തനിക്ക് കൂടുതൽ ഉത്തരവാദിത്വമുള്ള മത്സരത്തിൽ ഗോൾ കണ്ടെത്തി താരം ഇന്ത്യൻ സൂപ്പർ ലീഗിലെ ഗോൾവേട്ടക്ക് തുടക്കമിടുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. അതിനു പുറമെ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധതാരമായ മാർകോ ലെസ്‌കോവിച്ച് തിരിച്ചെത്തിയതും കഴിഞ്ഞ മത്സരത്തിൽ ഗോൾ നേടിയതും ആരാധകർക്ക് കൂടുതൽ പ്രതീക്ഷ നൽകുന്നുണ്ട്.

Peprah To Start Goal Hunt Against Hyderabad FC