കൊച്ചി സ്റ്റേഡിയം എതിരാളികൾക്ക് നരകമാക്കി, കേരള ബ്ലാസ്റ്റേഴ്‌സിൽ ഇവാന്റെ വിപ്ലവം | Kerala Blasters

ഇവാൻ വുകോമനോവിച്ച് പരിശീലകനായി എത്തിയതിനു ശേഷം കേരള ബ്ലാസ്റ്റേഴ്‌സ് ടീമിനുണ്ടായ മാറ്റം ചെറുതല്ല. 2021ലാണ് സെർബിയൻ പരിശീലകനായ വുകോമനോവിച്ച് സൈപ്രസ് ക്ലബായ അപ്പോളോൺ ലിമാസോളിൽ നിന്നും കേരള ബ്ലാസ്റ്റേഴ്‌സിൽ എത്തിയത്. ഇപ്പോൾ ബ്ലാസ്റ്റേഴ്‌സ് ടീമിനൊപ്പം മൂന്നാമത്തെ സീസൺ പിന്നിടാനൊരുങ്ങുമ്പോൾ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പ്രിയപ്പെട്ട പരിശീലകനായി മാറാൻ ഇവാൻ വുകോമനോവിച്ചിന് കഴിഞ്ഞിട്ടുണ്ട്.

കേരള ബ്ലാസ്റ്റേഴ്‌സിനൊപ്പമുള്ള ആദ്യത്തെ സീസണിൽ തന്നെ ടീമിനെ ഫൈനലിൽ എത്തിക്കാൻ ഇവാന് കഴിഞ്ഞിരുന്നു. ആ സീസണിൽ ദൗർഭാഗ്യം കൊണ്ടാണ് കേരള ബ്ലാസ്റ്റേഴ്‌സിനു കിരീടം നഷ്‌ടമായത്. അതിനു ശേഷമുള്ള സീസണിൽ ടീമിനെ പ്ലേ ഓഫിൽ എത്തിക്കാനും ഇവാന് കഴിഞ്ഞു. ബ്ലാസ്റ്റേഴ്‌സ് പ്ലേ ഓഫിൽ തോൽവി വഴങ്ങിയതല്ല, മറിച്ച് റഫറി എടുത്ത തെറ്റായ തീരുമാനത്തിൽ പ്രതിഷേധിച്ച് മൈതാനം വിട്ടതിനെ തുടർന്ന് ടൂർണമെന്റിൽ നിന്നും പുറത്തു പോവുകയായിരുന്നു.

കേരള ബ്ലാസ്റ്റേഴ്‌സ് ടീമിനെക്കൊണ്ട് ഇത്രയും സ്ഥിരതയാർന്ന പ്രകടനം നടത്തിച്ച മറ്റൊരു പരിശീലകനില്ലെന്ന കാര്യത്തിൽ സംശയമില്ല. അതിൽ തന്നെ ഇവാൻ വന്നതിനു ശേഷമുണ്ടായ ഏറ്റവും പ്രധാനപ്പെട്ട മാറ്റം ഹോം മത്സരങ്ങളിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രകടനമാണ്. ഇവാൻ വരുന്നതിനു മുൻപ് സ്വന്തം മൈതാനത്തു പോലും ആധിപത്യം സ്ഥാപിക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന് കഴിഞ്ഞിരുന്നില്ലെങ്കിൽ അദ്ദേഹം എത്തിയതിനു ശേഷം കൊച്ചി സ്റ്റേഡിയം എതിരാളികൾക്ക് നരകമായി മാറിയിട്ടുണ്ട്.

ഇന്ത്യൻ സൂപ്പർ ലീഗ് പുറത്തുവിട്ട കണക്കുകൾ പ്രകാരം ഇവാൻ വുകോമനോവിച്ച് വരുന്നതിനു മുൻപ് കൊച്ചിയിൽ കേരള ബ്ലാസ്റ്റേഴ്‌സ് കളിച്ച അൻപതിൽ പതിനെട്ടു മത്സരങ്ങളിൽ മാത്രമാണ് ടീം വിജയം സ്വന്തമാക്കിയത്. വെറും മുപ്പത്തിയാറു ശതമാനമാണ് വിജയനിരക്ക്. അതേസമയം ഇവാൻ എത്തിയതിനു ശേഷം എഴുപത്തിയൊന്നു ശതമാനത്തിലധികം വിജയനിരക്കുമായി കൊച്ചിയിൽ നടന്ന പതിനാലു മത്സരങ്ങളിൽ പത്തെണ്ണത്തിലും വിജയം നേടാൻ അവർക്ക് കഴിഞ്ഞിട്ടുണ്ട്.

ഈ സീസണിലെ കണക്കുകൾ നോക്കിയാൽ തന്നെ സ്വന്തം മൈതാനത്ത് കേരളാ ബ്ലാസ്റ്റേഴ്‌സ് ടീമിന് വ്യക്തമായ ആധിപത്യമുണ്ടെന്ന് കാണാൻ കഴിയും. കേരള ബ്ലാസ്റ്റേഴ്‌സ് വിജയം നേടിയ നാലിൽ മൂന്നു മത്സരങ്ങളും സ്വന്തം മൈതാനത്താണ് നടന്നിട്ടുള്ളത്. ഒഡിഷക്കെതിരെ നടന്ന മത്സരത്തിൽ വിജയിക്കാൻ കഴിഞ്ഞില്ലെങ്കിലും സമനില നേടാൻ ടീമിനായിരുന്നു. അടുത്ത മത്സരവും സ്വന്തം മൈതാനത്താണ് നടക്കുന്നത് എന്നതിനാൽ തന്നെ ടീമിന് വിജയിക്കാൻ കഴിയുമെന്ന ഉറച്ച പ്രതീക്ഷയുണ്ട്.

Kerala Blasters Win Rate In Home Rise Under Ivan Vukomanovic