എഐഎഫ്എഫിന്റെ ഉഡായിപ്പുകളെ വെറുതെ വിടാൻ പറ്റില്ല, വീണ്ടും കുറിക്കു കൊള്ളുന്ന വിമർശനവുമായി ഇവാൻ വുകോമനോവിച്ച് | Vukomanovic

ഇന്ത്യൻ സൂപ്പർ ലീഗ് ആരംഭിച്ചതു മുതൽ ഉണ്ടായിട്ടുള്ള പരാതിയാണ് റഫറിമാരുടെ നിലവാരമില്ലായ്‌മ. മനുഷ്യസഹജമായ പിഴവുകൾ സ്വാഭാവികമായും ഉണ്ടാകുമെങ്കിലും ഇന്ത്യൻ സൂപ്പർ ലീഗിൽ പലപ്പോഴും വലിയ രീതിയിലുള്ള മണ്ടത്തരങ്ങളാണ് റഫറിമാർ നടത്താറുള്ളത്. അതുകൊണ്ടു തന്നെ വ്യാപകമായ പ്രതിഷേധങ്ങൾ ഇതിനെതിരെ ഉണ്ടാകാറുണ്ട്. കഴിഞ്ഞ സീസണിലാണ് ഏറ്റവും ഉയർന്ന രൂപത്തിലുള്ള പ്രതിഷേധം ഇന്ത്യൻ സൂപ്പർ ലീഗ് റഫറിമാർക്കെതിരെ ഉയർന്നത്.

പ്രതിഷേധങ്ങൾ ശക്തമായി ഉയർന്നതോടെ വീഡിയോ അസിസ്റ്റന്റ് റഫറിയിങ് സംവിധാനം ഇന്ത്യൻ ഫുട്ബോളിൽ നടപ്പിലാക്കാനുള്ള തീരുമാനം ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ സ്വീകരിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ അടുത്തൊന്നും ആ സംവിധാനം നടപ്പിലാക്കാൻ ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷന് ഉദ്ദേശമില്ല. 2025-26 സീസണിൽ വീഡിയോ റഫറിയിങ് സംവിധാനം ഇന്ത്യൻ ഫുട്ബാളിൽ നടപ്പിലാക്കാനാണ് എഐഎഫ്എഫ് നിലവിൽ ഉദ്ദേശിക്കുന്നത്. അതിനെതിരെ കുറിക്കു കൊള്ളുന്ന വിമർശനമാണ് ഇവാൻ നടത്തിയത്.

“രണ്ടര വർഷങ്ങൾക്കു ശേഷം വീഡിയോ റഫറിയിങ് ടെക്‌നോളജി ഇന്ത്യൻ ഫുട്ബോളിൽ വരുമെന്ന വാർത്ത ഞാനും കണ്ടിരുന്നു. അതിനർത്ഥം ഈ നിരാശയും രോഷവും എല്ലാം മെച്ചപ്പെടുമെന്നുള്ള പ്രതീക്ഷയും ഇനിയും രണ്ടര വർഷം കൂടിയുണ്ടാകുമെന്നതാണ്. എന്നാൽ ഈ സാങ്കേതികവിദ്യ ലോകത്തെല്ലാം ആറോ ഏഴോ വർഷം മുൻപേയുണ്ടെന്നതാണ് ഞാൻ മനസിലാക്കുന്ന കാര്യം. അതുകൊണ്ടു തന്നെ ഇത് കുറച്ചുകൂടി വേഗത്തിൽ നടപ്പിലാക്കേണ്ട കാര്യങ്ങളാണെന്നു കരുതുന്നു.”

“പക്ഷെ, അതൊന്നും നമ്മുടെ കയ്യിലുള്ള കാര്യങ്ങളല്ല. ഇനിയും രണ്ടര വർഷങ്ങൾ കഴിഞ്ഞേ ഉണ്ടാകൂ എന്നു പറയുമ്പോൾ, ആർക്കറിയാം രണ്ടര വർഷങ്ങൾക്ക് ശേഷം എന്താണ് സംഭവിക്കാൻ പോകുന്നതെന്ന്? നിങ്ങൾക്കറിയാമോ, ആർക്കുമതറിയില്ല. അതുകൊണ്ടു തന്നെ ഇതൊരു വാഗ്‌ദാനമാണ്. കഴിഞ്ഞ വർഷം അവർ പറഞ്ഞു ഈ വർഷം വീഡിയോ റഫറിയിങ് നടപ്പിലാക്കുമെന്ന്. എന്നാൽ അതൊന്നും യാഥാർഥ്യമായില്ല എന്നു നമ്മൾ കണ്ടു.” ഇവാൻ വുകോമനോവിച്ച് പറഞ്ഞു.

റഫറിയിങ്ങിനെതിരെ കടുത്ത പ്രതിഷേധം ഉയരുന്ന സാഹചര്യത്തിൽ ഇത് അതിനെ തണുപ്പിക്കാൻ വേണ്ടിയുള്ള ഒരു നടപടി മാത്രമാകാനുള്ള സാധ്യത തള്ളിക്കളയാൻ കഴിയില്ല. കഴിഞ്ഞ സീസണിൽ ഈ സീസൺ മുതൽ വാർ ലൈറ്റ് നടപ്പിലാക്കുമെന്നു പറഞ്ഞ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ അതിനെക്കുറിച്ച് ഇപ്പോൾ ഒന്നും പറയുന്നില്ലെന്നതിൽ നിന്നു തന്നെ ഇതു വ്യക്തമാണ്. അതുകൊണ്ടു തന്നെ വീഡിയോ റഫറിയിങ് വന്നാൽ വരും എന്നു മാത്രമേ ഇപ്പോൾ പ്രതീക്ഷിക്കാൻ കഴിയുകയുള്ളൂ.

Ivan Vukomanovic On AIFF VAR Implementation