ബ്രസീലിനെ വീണ്ടും എയറിൽ കയറ്റി അർജന്റീന, U17 ലോകകപ്പിൽ നേടിയത് വമ്പൻ വിജയം | Argentina U17

ലോകകപ്പ് യോഗ്യത മത്സരത്തിൽ അർജന്റീനയോട് സ്വന്തം നാട്ടിൽ തോൽവി വഴങ്ങിയതിനു പിന്നാലെ U17 ലോകകപ്പിലും തോൽവി വഴങ്ങി ബ്രസീൽ. ഇന്തോനേഷ്യയിലെ ജക്കാർത്ത ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ കുറച്ചു മുൻപ് നടന്ന ക്വാർട്ടർ ഫൈനൽ പോരാട്ടത്തിലാണ് അർജന്റീന ബ്രസീലിനെതിരെ വിജയം നേടിയത്. ഫൈനലിലേക്ക് മുന്നേറിയ അർജന്റീന ടീം സെമിയിൽ സ്പെയിനിനെ തോൽപ്പിച്ചെത്തിയ ജർമനി U17 ടീമിനെയാണ് നേരിടുക.

രണ്ടു ടീമുകളും മികച്ച ഫുട്ബോൾ കാഴ്‌ച വെക്കുകയും ആക്രമണങ്ങൾ നടത്തുകയും ചെയ്‌ത മത്സരത്തിൽ അർജന്റീനയാണ് കൂടുതൽ മെച്ചപ്പെട്ട പ്രകടനം നടത്തിയത്. ഇരുപത്തിയെട്ടാം മിനുട്ടിൽ തന്നെ അവർ മുന്നിലെത്തുകയും ചെയ്‌തു. ഗൊറോസിറ്റോയിൽ നിന്നും പന്ത് സ്വീകരിച്ച ടീമിന്റെ നായകനായ ക്ലൗഡിയോ എച്ചെവരി നടത്തിയ ഒറ്റയാൻ നീക്കത്തിലാണ് ഗോൾ പിറന്നത്. മെസിയുടെ പിന്ഗാമിയെന്ന വിശേഷണം താൻ അർഹിക്കുന്നതാണെന്നു വ്യക്തമാക്കുന്ന ഗോളാണ് താരം നേടിയത്.

രണ്ടാം പകുതിയിൽ തിരിച്ചു വരാൻ ബ്രസീൽ ആക്രമണങ്ങൾ കടുപ്പിച്ചെങ്കിലും അർജന്റീന വല കുലുക്കാൻ അവർക്ക് കഴിഞ്ഞില്ല. മികച്ച സേവുകൾ നടത്തിയ അർജന്റീന ഗോൾകീപ്പർ ജെറമിയാസ് ഫ്ലോറന്റീൻ മത്സരത്തിൽ ബ്രസീലിനെ തടഞ്ഞു നിർത്തുന്നതിൽ പ്രധാന പങ്കു വഹിച്ചു. അമ്പത്തിയെട്ടാം മിനുട്ടിൽ അർജന്റീന വീണ്ടും എച്ചെവരിയിലൂടെ മുന്നിലെത്തി. ബോക്‌സിനുള്ളിൽ രണ്ടു താരങ്ങളെ വെട്ടിച്ച് താരം നേടിയ ഗോളും അതിമനോഹരമായിരുന്നു.

രണ്ടു ഗോളുകൾ നേടിയതോടെ ബ്രസീലിനു തിരിച്ചു വരാമെന്നുള്ള പ്രതീക്ഷകൾ ഇല്ലാതായി. അവരുടെ നീക്കങ്ങളെ അർജന്റീന ഇല്ലാതാക്കുകയും ചെയ്‌തു. തിരിച്ചു വരാൻ കഴിയുമെന്ന എല്ലാ പ്രതീക്ഷയും ബ്രസീലിനു നഷ്‌ടമായപ്പോഴാണ് അർജന്റീനയുടെ മൂന്നാമത്തെ ഗോൾ പിറക്കുന്നത്. അഗസ്റ്റിൻ റുബെർട്ടോയുടെ മനോഹരമായൊരു ത്രൂ പാസ് പിടിച്ചെടുത്ത എച്ചെവരി ഹാട്രിക്ക് സ്വന്തമാക്കി അർജന്റീനയുടെ വിജയം ഉറപ്പിച്ചു. മെസിക്ക് ശേഷം അർജന്റീനക്കായി ബ്രസീലിനെതിരെ ഹാട്രിക്ക് നേടുന്ന താരം കൂടിയാണ് എച്ചെവരി.

കഴിഞ്ഞ അണ്ടർ 17 ലോകകപ്പിലെ വിജയികളായ ബ്രസീലിനെ കീഴടക്കിയത് അർജന്റീനക്ക് വലിയ ആത്മവിശ്വാസമാണ് നൽകുക. ആദ്യത്തെ മത്സരത്തിൽ സെനഗലിനോട് തോൽവി വഴങ്ങിയ അർജന്റീന അതിനു ശേഷമുള്ള മത്സരങ്ങളിൽ മികച്ച പ്രകടനം നടത്തിയാണ് സെമി ഫൈനൽ വരെയെത്തിയത്. അടുത്ത മത്സരത്തിൽ ജർമനിയെ നേരിടാനൊരുങ്ങുമ്പോൾ മികച്ച പ്രകടനം നടത്തുന്ന സാന്റിയാഗോ ലോപ്പസിനു സസ്‌പെൻഷൻ ലഭിച്ചത് മാത്രമാണ് അവർക്ക് തിരിച്ചടി.

Argentina U17 Beat Brazil U17 In World Cup