അത്ഭുതഗോളുകളുമായി ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അഴിഞ്ഞാട്ടം, മൂന്നു മിനുറ്റിനിടെ നേടിയത് രണ്ടു ഗോളുകൾ | Ronaldo

യൂറോപ്പിൽ നിന്നും സൗദി പ്രൊ ലീഗിൽ എത്തിയതിനു ശേഷമുള്ള മാരകഫോം തുടർന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ. നിലവിൽ ലീഗിലെ ടോപ് സ്കോറർമാരിൽ ബഹുദൂരം മുന്നിൽ നിൽക്കുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോ ഇന്നലെ ലീഗിൽ നടന്ന മത്സരത്തിൽ മൂന്നു മിനുറ്റിനിടെ രണ്ടു ഗോളുകൾ നേടി അൽ നസ്‌റിന്റെ വിജയത്തിൽ നിർണായക പങ്കു വഹിച്ചു. മത്സരത്തിൽ അൽ അഖ്‌ദൂദിനെതിരെ എതിരില്ലാത്ത മൂന്നു ഗോളുകളുടെ വിജയമാണ് അൽ നസ്ർ നേടിയത്.

മത്സരത്തിന്റെ പതിമൂന്നാം മിനുട്ടിൽ തന്നെ സമി അൽ നാജേയ് നേടിയ ഗോളിലൂടെ മുന്നിലെത്തിയ അൽ നസ്റിന് പിന്നീടൊരു ഗോൾ നേടാൻ എഴുപത്തിയേഴാം മിനുട്ട് വരെ കാത്തിരിക്കേണ്ടി വന്നെങ്കിലും അത് വളരെ മനോഹരമായിരുന്നു. ഗോൾകീപ്പർ തട്ടിയകറ്റാൻ ശ്രമിച്ചപ്പോൾ ഉയർന്നു വന്ന ഒരു ക്രോസ് അതിമനോഹരമായി കാലിൽ ഒതുക്കിയ താരം അതിനു ശേഷം തന്നെ തടയാൻ വന്ന താരങ്ങളെ കബളിപ്പിച്ച് ഒരു ബുള്ളറ്റ് ഷോട്ടിലൂടെ വലയിലേക്ക് പായിച്ചാണ് ഗോൾ നേടിയത്.

ആദ്യത്തെ ഗോൾ റൊണാൾഡോയുടെ പന്തടക്കം വെളിപ്പെടുത്തുന്നതായിരുന്നെങ്കിൽ അടുത്ത ഗോൾ റൊണാൾഡോയുടെ കൃത്യത തെളിയിക്കുന്നതായിരുന്നു. അൽ നസ്ർ താരത്തിലേക്ക് വന്ന പാസ് എതിർടീം ഗോളി അഡ്വാൻസ് ചെയ്‌തു വന്നു ക്ലിയർ ചെയ്‌തത്‌ നേരെ എത്തിയത് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കാലുകളിലേക്ക്. ഒന്നൊതുക്കിയതിനു ശേഷം അത് താരം വലയിലേക്ക് ഉയർത്തിയിട്ടു. ഗോൾപോസ്റ്റിന്റെ തൊട്ടരികിലൂടെ അത് നേരെ വലക്കുള്ളിലെത്തുകയും ചെയ്‌തു.

ഇന്നലെ രണ്ടു ഗോളുകൾ നേടിയതോടെ ഈ സീസണിൽ ഇതുവരെ പതിനഞ്ചു ഗോളുകളാണ് സൗദി പ്രൊ ലീഗിൽ റൊണാൾഡോ നേടിയിരിക്കുന്നത്. ലീഗിൽ രണ്ടാം സ്ഥാനത്തുള്ള അൽ ഹിലാൽ താരമായ മിട്രോവിച്ചിന് പത്തും മൂന്നാം സ്ഥാനത്തുള്ള ബെൻസിമക്ക് എട്ടും ഗോളുകൾ ഉള്ളപ്പോഴാണ് റൊണാൾഡോ അവരെക്കാൾ ബഹുദൂരം മുന്നിൽ നിൽക്കുന്നത്. ഇത്തവണ ടോപ് സ്‌കോറർ സ്ഥാനം താൻ തന്നെ സ്വന്തമാക്കുമെന്ന് ഉറപ്പിച്ചാണ് റൊണാൾഡോ കുതിക്കുന്നത്.

മുപ്പത്തിയെട്ടുകാരനായ റൊണാൾഡോ ഈ വർഷം ഇതുവരെ അറുപത്തിയൊന്നു ഗോളുകൾ നേടിക്കഴിഞ്ഞു എന്നതും എടുത്തു പറയേണ്ട കാര്യമാണ്. സൗദിയിൽ എത്തിയതിനു ശേഷം അപാരമായ ആത്മവിശ്വാസം വന്നത് താരത്തിന്റെ പ്രകടനത്തിന്റെ നിലവാരത്തെ ഉയർത്തിയിട്ടുണ്ട്. നിലവിൽ ലീഗിൽ മുപ്പത്തിയഞ്ചു പോയിന്റുമായി അൽ ഹിലാൽ മുന്നിൽ നിൽക്കുമ്പോൾ ഒരു പോയിന്റ് താഴെ അൽ നസ്ർ നിൽക്കുന്നു. ഓഗസ്റ്റിലാണ് അൽ നസ്ർ അവസാനമായി ഒരു മത്സരം തോൽക്കുന്നത്.

Ronaldo Scored Brace Against Al Wakhdood