ബാലൺ ഡി ഓർ അന്തിമലിസ്റ്റിൽ നിന്നും ഒഴിവാക്കപ്പെട്ടതിനു കളിക്കളത്തിൽ മെസി മറുപടി നൽകുന്നു

ഒരു ദശാബ്ദത്തിലേറെക്കാലം ബാലൺ ഡി ഓറിൽ ആധിപത്യം സ്ഥാപിച്ച താരമാണെങ്കിലും ഈ വർഷത്തെ പുരസ്‌കാരത്തിനുള്ള അന്തിമ ലിസ്റ്റിൽ ഇടം പിടിക്കാൻ ലയണൽ മെസിക്ക് കഴിഞ്ഞിരുന്നില്ല. ബാഴ്‌സലോണയിൽ നിന്നും പിഎസ്‌ജിയിലേക്ക് ചേക്കേറിയ കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം നടത്താൻ കഴിയാതിരുന്നതാണ് ലയണൽ മെസി അവസാനത്തെ മുപ്പതു പേരുടെ ലിസ്റ്റിൽ ഇടം പിടിക്കാതിരിക്കാൻ കാരണമായത്. എന്നാൽ മെസിക്ക് അന്തിമലിസ്റ്റിൽ ഇടം പിടിക്കാൻ അർഹതയുണ്ടായിരുന്നുവെന്ന് പലരും അഭിപ്രായപ്പെട്ടിരുന്നു.

എന്തായാലും ബാലൺ ഡി ഓർ അന്തിമ ലിസ്റ്റിൽ നിന്നും ഒഴിവാക്കപ്പെട്ടതിനു തന്റെ കളിക്കളത്തിലെ പ്രകടനം കൊണ്ട് മറുപടി നൽകുകയാണ് അർജന്റീന താരം. ഒക്ടോബർ പതിനെട്ടിന് ബാലൺ ഡി ഓർ ചടങ്ങ് കഴിഞ്ഞതിനു ശേഷം രണ്ടു മത്സരങ്ങൾ കളിച്ച ലയണൽ മെസി അതിൽ ഏഴു ഗോളുകളിലാണ് പങ്കാളിയായത്. മൂന്നു ഗോളുകളും നാല് അസിസ്റ്റുകളും ഈ മത്സരങ്ങളിൽ നിന്നും മെസി സ്വന്തമാക്കി. ബാലൺ ഡി ഓറിൽ നിന്നും ഒഴിവാക്കപ്പെട്ടത് ലയണൽ മെസി വ്യക്തിപരമായി എടുത്തുവെന്നാണ് ഇതേക്കുറിച്ച് ആരാധകർ സോഷ്യൽ മീഡിയയിൽ അഭിപ്രയപ്പെടുന്നത്.

ബാലൺ ഡി ഓർ പുരസ്‌കാരം പ്രഖ്യാപിച്ച ചടങ്ങിനു ശേഷം ശേഷം ലയണൽ മെസിയുടെ ആദ്യത്തെ മത്സരം ഫ്രഞ്ച് ലീഗിൽ എസി അയാക്കിയോക്ക് എതിരേയായിരുന്നു. പിഎസ്‌ജി എതിരില്ലാത്ത മൂന്നു ഗോളുകളുടെ വിജയം നേടിയ മത്സരത്തിൽ ഒരു ഗോളും രണ്ട് അസിസ്റ്റും മെസി സ്വന്തമാക്കി. ഇതിനു പുറമെയാണ് ഇന്നലത്തെ ചാമ്പ്യൻസ് ലീഗ് മത്സരത്തിലും മെസിയുടെ മികച്ച പ്രകടനം വന്നത്. മത്സരത്തിൽ രണ്ടു ഗോളുകൾ നേടിയ താരം കിലിയൻ എംബാപ്പെ, കാർലോസ് സോളർ എന്നിവർ നേടിയ ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്തു. ഇന്നലത്തെ മത്സരത്തിൽ കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടതും മെസി തന്നെയാണ്.

ഇന്നലത്തെ മത്സരത്തിൽ രണ്ടു ഗോളുകളും അസിസ്റ്റുകളും നേടിയതോടെ യൂറോപ്പിലെ ടോപ് ഫൈവ് ലീഗുകളിൽ എല്ലാ മത്സരങ്ങളിൽ നിന്നുമായി പത്തിലധികം ഗോളുകളും പത്തിലധികം അസിസ്റ്റുകളും സ്വന്തമാക്കിയ ഒരേയൊരു താരമായും ലയണൽ മെസി മാറി. സീസണിലിതു വരെ പതിനൊന്നു ഗോളുകളും പന്ത്രണ്ട് അസിസ്റ്റുകളുമാണ് ഫ്രഞ്ച് ലീഗ്, ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ നിന്നും മെസി സ്വന്തമാക്കിയത്. ഈ വർഷം ബാലൺ ഡി ഓറിൽ നിന്നും തഴയപ്പെട്ടെങ്കിലും ചാമ്പ്യൻസ് ലീഗോ ലോകകപ്പോ നേടാൻ കഴിഞ്ഞാൽ അടുത്ത വർഷത്തെ ബാലൺ ഡി ഓർ നേടാൻ ഏറ്റവുമധികം സാധ്യത മെസിക്ക് തന്നെയായിരിക്കും.