മെസിയുടെ ഇന്റർ മിയാമി എംഎൽഎസിൽ ഇതുവരെ നേരിട്ട ഏറ്റവും മികച്ച ടീം, വെളിപ്പെടുത്തലുമായി കില്ലിനി | Messi

ലയണൽ മെസിയുടെ വരവിനു ശേഷം ഇന്റർ മിയാമിക്കുണ്ടായ മാറ്റം അത്ഭുതപ്പെടുത്തുന്ന ഒന്നാണ്. അതുവരെ തുടർച്ചയായ തോൽവികളിൽ വലഞ്ഞിരുന്ന ടീം ലയണൽ മെസി വന്നതിനു ശേഷം ഒരു മത്സരം പോലും തൊട്ടിട്ടില്ല, മാത്രമല്ല, ക്ലബിന് ആദ്യത്തെ കിരീടം സ്വന്തമാക്കി നൽകിയ മെസി ഒരു ഫൈനലിലേക്ക് കൂടി ടീമിനെ നയിച്ചിരുന്നു. അങ്ങിനെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഫോമിൽ മുന്നോട്ടു കുതിക്കുകയാണ് ലയണൽ മെസി കളിക്കുന്ന ഇന്റർ മിയാമി.

ഇന്റർ മിയാമിയുടെ കഴിഞ്ഞ മത്സരം അമേരിക്കൻ ലീഗിലെ കരുത്തുറ്റ ടീമുകളിലൊന്നായ ലോസ് ഏഞ്ചൽസ് എഫ്‌സിക്കെതിരെ ആയിരുന്നു. ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് മത്സരത്തിൽ ഇന്റർ മിയാമി വിജയം നേടുകയുണ്ടായി. കാർലോസ് വെല, കില്ലിനി തുടങ്ങിയ താരങ്ങൾ അണിനിരന്ന ലോസ് ഏഞ്ചൽസ് എഫ്‌സി ഇന്റർ മിയാമിക്ക് ഭീഷണിയായതേയില്ല. എംഎൽഎസിൽ താനിത് വരെ നേരിട്ടതിൽ ഏറ്റവും മികച്ച ടീമാണ് ഈ ഇന്റർ മിയാമിയെന്നാണ് മത്സരത്തിന് ശേഷം കില്ലിനി അഭിപ്രായപ്പെട്ടത്.

“ഈ ടീം ഞാൻ എംഎൽഎസിൽ ഇതുവരെ നേരിട്ട ടീമുകളിൽ ഏറ്റവും മികച്ചതാണ്. സത്യസന്ധമായി തന്നെ പറയുന്നു, ഇവർ ഒരുപാട് ദൂരം മുന്നിലാണ്. അവർ പ്ലേ ഓഫിലേക്ക് കടക്കുമെന്നാണ് ഞാൻ കരുതുന്നത്. ലയണൽ മെസിയുടെ വരവ് ഈ ലീഗിന് വളരെ നല്ലതാണ്, ഇന്റർ മിയാമിക്കും അവരുടെ മത്സരങ്ങൾക്കും മാത്രമല്ല. ഇപ്പോൾ എല്ലാവരുടെയും ശ്രദ്ധ എംഎൽഎസിലേക്ക് തിരിഞ്ഞിരിക്കുന്നു. അതൊരു വലിയ ചുവടുവെപ്പ് തന്നെയാണ്.” കില്ലിനി പറഞ്ഞു.

നിലവിൽ അമേരിക്കൻ ലീഗ് ഈസ്റ്റേൺ കോൺഫറൻസിൽ പതിനാലാം സ്ഥാനത്താണ് ഇന്റർ മിയാമി നിൽക്കുന്നത്. ഇനി ഒൻപത് മത്സരങ്ങൾ ബാക്കി നിൽക്കെ എട്ടാം സ്ഥാനത്തെങ്കിലും എത്തിയാൽ അവർക്ക് പ്ലേ ഓഫ് കളിക്കാനും എംഎൽഎസ് കപ്പ് സ്വന്തമാക്കാനും അവസരമുണ്ട്. ലയണൽ മെസിയുടെ സാന്നിധ്യം അതിനു സഹായിക്കുമെന്ന പ്രതീക്ഷ അവർക്കുണ്ടെങ്കിലും ലോകകപ്പ് യോഗ്യത മത്സരങ്ങൾ കാരണം താരം ഏതാനും മത്സരങ്ങൾ കളിക്കില്ലെന്നത് ടീമിന് ആശങ്കയാണ്.

Messi Inter Miami Best Seen In MLS Says Chiellini