എമിലിയാനോയുടെ അസിസ്റ്റ് ഇല്ലാതാക്കി, കാനഡക്കെതിരെ മെസി നഷ്‌ടമാക്കിയത് സുവർണാവസരങ്ങൾ

കോപ്പ അമേരിക്കയിലെ ആദ്യത്തെ മത്സരത്തിൽ വിജയത്തോടെ അർജന്റീന തുടങ്ങി. ഇന്ന് പുലർച്ചെ നടന്ന മത്സരത്തിൽ കാനഡ മികച്ച പ്രകടനം നടത്തിയെങ്കിലും ലയണൽ മെസിയുടെ മികവിൽ അർജന്റീന വിജയം നേടുകയായിരുന്നു. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു അർജന്റീനയുടെ വിജയം.

ഗോളുകളൊന്നും പിറക്കാതെ പോയ ആദ്യ പകുതിക്ക് ശേഷം നാൽപത്തിയൊമ്പതാം മിനുട്ടിലാണ് അർജന്റീന ആദ്യഗോൾ നേടുന്നത്. മെസി നൽകിയ പാസിൽ നിന്നും അലിസ്റ്ററുടെ അസിസ്റ്റിൽ അൽവാരസ് ഗോൾ കണ്ടെത്തി. അതിനു ശേഷം എൺപത്തിയെട്ടാം മിനുട്ടിൽ മെസിയുടെ അസിസ്റ്റിൽ പകരക്കാരനായ ലൗടാരോ മാർട്ടിനസും ഗോൾ കണ്ടെത്തി.

മത്സരത്തിൽ ലയണൽ മെസി രണ്ടു സുവർണാവസരങ്ങൾ നഷ്‌ടമാക്കിയിരുന്നു. അറുപത്തിനാലാം മിനുട്ടിൽ എമിലിയാനോ മാർട്ടിനസ് നൽകിയ ലോങ്ങ് ബോൾ പിടിച്ചെടുത്ത മെസിക്ക് മുന്നിൽ ഗോൾകീപ്പർ മാത്രമേ ഉണ്ടായിരുന്നുള്ളുവെങ്കിലും കീഴടക്കാനായില്ല. കീപ്പറുടെ സേവ് വീണ്ടും മെസിയുടെ കാലുകളിലേക്കാണ് വന്നതെങ്കിലും അതും താരത്തിന് മുതലെടുക്കാൻ കഴിഞ്ഞില്ല.

എമിലിയാനോക്ക് ഒരു അസിസ്റ്റ് ലഭിക്കാനുള്ള അവസരം നഷ്‌ടമാക്കിയ മെസി പത്ത് മിനിറ്റിനകം അടുത്ത ചാൻസും തുലച്ചു. എഴുപത്തിയെട്ടാം മിനുട്ടിൽ മറ്റൊരു ലോങ്ങ് പാസ് പിടിച്ചെടുത്ത മെസിക്ക് മുന്നിലും ഗോൾകീപ്പർ മാത്രമേ ഉണ്ടായിരുന്നുള്ളൂവെങ്കിലും താരത്തിന്റെ ഷോട്ട് ഗോൾകീപ്പറുടെ കയ്യിൽ തട്ടി പോസ്റ്റിനു തൊട്ടു വെളിയിലൂടെ പുറത്തേക്ക് പോയി.