ടിക്കറ്റുകൾ വിറ്റഴിഞ്ഞത് എട്ടു മിനുട്ടിൽ, മെസിക്കും സംഘത്തിനും ഇനി അഗ്നിപരീക്ഷ | Messi

ഇന്റർ മിയാമിയിൽ എത്തിയതിനു ശേഷം തകർപ്പൻ ഫോമിൽ കളിച്ചു കൊണ്ടിരിക്കുന്ന ലയണൽ മെസി ലീഗ്‌സ് കപ്പ് സെമി ഫൈനലിലേക്ക് ടീമിനെ എത്തിച്ചിരുന്നു. മെസി വന്നതിനു ശേഷമുള്ള അഞ്ചു മത്സരങ്ങളും വിജയിച്ച് സെമിയിൽ എത്തിയ ഇന്റർ മിയാമിക്കായി എട്ടു ഗോളുകളും ഒരു അസിസ്റ്റുമാണ് താരം സ്വന്തമാക്കിയത്. അടുത്ത മത്സരത്തിൽ എംഎൽഎസിലെ തന്നെ കരുത്തുറ്റ ക്ലബുകളിൽ ഒന്നായ ഫിലാഡൽഫിയ യൂണിയനാണ് ഇന്റർ മിയാമിയുടെ എതിരാളികൾ.

കഴിഞ്ഞ മത്സരം ഇന്റർ മിയാമിയുടെ മൈതാനത്തു വെച്ചായിരുന്നെങ്കിൽ സെമി ഫൈനൽ ഫിലാഡൽഫിയ യൂണിയന്റെ മൈതാനത്ത് വെച്ചാണ് നടക്കുക. ഈ മത്സരത്തിന്റെ ടിക്കറ്റുകൾ വിൽപ്പനക്ക് വെച്ച് എട്ടു മിനുട്ടു കൊണ്ടാണ് മുഴുവനും വിറ്റു പോയത്. ഏതാണ്ട് ഇരുപതിനായിരത്തോളം പേർക്കിരിക്കാവുന്ന സ്റ്റേഡിയമാണ് ഫിലാഡൽഫിയ യൂണിയന്റേത്. അതേസമയം സെമി ഫൈനൽ മത്സരം ലയണൽ മെസിക്കും സംഘത്തിനും ഒട്ടും എളുപ്പമാകില്ലെന്ന കാര്യം ഉറപ്പാണ്.

ഇന്റർ മിയാമിയടക്കമുള്ള ടീമുകൾ കളിക്കുന്ന ഈസ്റ്റേൺ കോൺഫറൻസിൽ മൂന്നാം സ്ഥാനത്തു നിൽക്കുന്ന ടീമാണ് ഫിലാഡൽഫിയ യൂണിയൻ. സ്വന്തം മൈതാനത്താണ് കളിക്കുന്നതെന്നത് അവർക്ക് കൂടുതൽ കരുത്ത് നൽകുന്നു. കഴിഞ്ഞ ഏഴു മത്സരങ്ങളിലും വിജയം നേടിയ ടീമിന്റെ ഹോം സ്റ്റേഡിയത്തിലെ റെക്കോർഡ് ഒന്നുകൂടി മികച്ചതാണ്. ഹോം സ്റ്റേഡിയത്തിൽ കളിച്ച അവസാന ഇരുപത്തിയെട്ടു മത്സരങ്ങളിൽ ഒരെണ്ണത്തിൽ മാത്രമേ ഫിലാഡൽഫിയ യൂണിയൻ തോൽവി വഴങ്ങിയിട്ടുള്ളൂ.

ഏതാനും വർഷങ്ങൾക്ക് മുൻപ് മാത്രം അമേരിക്കൻ ലീഗിൽ കളിക്കാനാരംഭിച്ച ക്ലബാണ് ഇന്റർ മിയാമി. ഇതുവരെ ഒരു കിരീടം പോലും അവർക്ക് സ്വന്തമാക്കാനും കഴിഞ്ഞിട്ടില്ല. ലയണൽ മെസിയുടെ കരുത്തിൽ ആദ്യത്തെ കിരീടം സ്വന്തമാക്കാമെന്ന പ്രതീക്ഷയിലാണ് ടീം. അതിനു പുറമെ അടുത്ത മത്സരത്തിൽ വിജയം നേടിയാൽ നോർത്ത് അമേരിക്കൻ മേഖലയിലെ ചാമ്പ്യൻസ് ലീഗ് ടൂർണമെന്റിൽ കളിക്കാനുള്ള അവസരവും ഇന്റർ മിയാമിക്ക് ലഭിക്കും.

Tickets For Messi Next Match Vs Philadelphia Union Sold Out In 8 Minutes