ത്രിമൂർത്തികളെ അണിനിരത്താൻ സൗദി അറേബ്യ, ആർക്കാണ് ഏറ്റവുമധികം പ്രതിഫലം | Neymar

ബ്രസീലിയൻ താരമായ നെയ്‌മർ പിഎസ്‌ജി വിടാനുള്ള തയ്യാറെടുപ്പിലാണെന്നും താരത്തിന്റെ അടുത്ത സൗദി അറേബ്യ ആണെന്നുമുള്ള റിപ്പോർട്ടുകൾ ശക്തമായി ഉയർന്നു വരുന്നുണ്ട്. യൂറോപ്പിലെ പ്രമുഖ മാധ്യമങ്ങളെല്ലാം ഇത് തന്നെയാണ് റിപ്പോർട്ട് ചെയ്യുന്നത്. ലൂയിസ് എൻറിക് പരിശീലകനായി എത്തിയതിനാൽ നെയ്‌മർ പിഎസ്‌ജിയിൽ തുടരുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും ക്ലബ് വിടാനുള്ള താൽപര്യം താരം അറിയിച്ചതിനാൽ പിഎസ്‌ജി സമ്മതം മൂളുകയായിരുന്നു.

നെയ്‌മർ അൽ ഹിലാലുമായി വ്യക്തിപരമായി ധാരണയിൽ എത്തുന്നതിന്റെ തൊട്ടരികിലാണെന്നാണ് റിപ്പോർട്ടുകളെല്ലാം വ്യക്തമാക്കുന്നത്. രണ്ടു വർഷത്തെ കരാറാണ് ബ്രസീലിയൻ താരം അൽ ഹിലാലുമായി ഒപ്പിടുക. താരത്തെ വിൽക്കുന്നതിലൂടെ തൊണ്ണൂറു മില്യൺ യൂറോയോളം പിഎസ്‌ജിക്ക് ഫീസ് ഇനത്തിൽ ലഭിക്കും. അതേസമയം നെയ്‌മർക്ക് സൗദി അറേബ്യയിൽ പ്രതിഫലമായി ഒരു വർഷത്തിൽ 160 മില്യൺ യൂറോയാണ് ലഭിക്കുകയെന്നാണ് റിപ്പോർട്ടുകൾ. മുപ്പതു മില്യൺ യൂറോയുടെ ബോണസുകളുമുണ്ട്.

ഇത്രയും ഉയർന്ന തുക പ്രതിഫലം ലഭിക്കുന്നുണ്ടെങ്കിലും സൗദി അറേബ്യൻ ലീഗിലെത്തിയ മറ്റു വമ്പൻ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോ, കരിം ബെൻസിമ എന്നിവരുടെ പ്രതിഫലത്തിന്റെ അടുത്തെത്താൻ നെയ്‌മർക്ക് കഴിഞ്ഞിട്ടില്ല. കരിം ബെൻസിമക്ക് ഏതാണ്ട് ഇരുനൂറു മില്യൺ യൂറോയും റൊണാൾഡോക്ക് ഇരുനൂറ്റിയഞ്ചു മില്യൺ യൂറോയുമാണ് സൗദിയിൽ പ്രതിഫലമായി ലഭിക്കുന്നത്. നിലവിൽ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന ഫുട്ബോൾ താരങ്ങളും അവരാണ്.

നെയ്‌മർ കൂടി സൗദി അറേബ്യയിലേക്ക് ചേക്കേറുന്നതോടെ ഫുട്ബോൾ ലോകത്തെ മൂന്നു വമ്പൻ താരങ്ങളെ അവർ ഒരുമിച്ച് അണിനിരത്തും. ക്രിസ്റ്റ്യാനോ റൊണാൾഡോ, കരിം ബെൻസിമ എന്നീ ബാലൺ ഡി ഓർ ജേതാക്കൾക്കൊപ്പമാണ് നെയ്‌മറും ഇനി കളിക്കാൻ പോകുന്നത്. സൗദി അറേബ്യൻ ലീഗിന് കൂടുതൽ ശ്രദ്ധ കിട്ടാൻ ഇത് സഹായിക്കും. അതേസമയം നെയ്‌മർ ഇപ്പോൾ തന്നെ സൗദി ലീഗിലേക്ക് ചേക്കേറുന്നതിൽ ആരാധകർ തൃപ്‌തരല്ല.

Neymar Salary Details On Al Hilal Contract