മെസി തുടർന്നു കളിക്കുന്നതിൽ അപകട സാധ്യതയുണ്ട്, അർജന്റീന ആരാധകർക്ക് ആശങ്കപ്പെടുത്തുന്ന വാർത്ത

അർജന്റീനയുടെ ഏറ്റവും മികച്ച താരമായ ലയണൽ മെസി കഴിഞ്ഞ മത്സരത്തിനിടെ പരിക്കിന്റെ ലക്ഷണങ്ങൾ കാണിച്ചത് ആരാധകർക്ക് ആശങ്കയുണ്ടാക്കിയിരുന്നു. പരിക്കിന്റെ ബുദ്ധിമുട്ടുകൾ വകവെക്കാതെ പ്രാഥമിക ശുശ്രൂഷകൾ നടത്തി ലയണൽ മെസി മുഴുവൻ സമയവും ചിലിക്കെതിരെ കളിക്കുകയും എതിരില്ലാത്ത ഒരു ഗോളിന്റെ വിജയം നേടി അർജന്റീന ക്വാർട്ടർ ഫൈനൽ ഉറപ്പിക്കുകയും ചെയ്‌തു.

അർജന്റീനക്ക് ഗ്രൂപ്പ് ഘട്ടത്തിൽ ഇനിയൊരു മത്സരം കൂടിയാണ് ബാക്കിയുള്ളത്. പെറുവിനെതിരായ മത്സരത്തിൽ ലയണൽ മെസി കളിക്കില്ലെന്ന് ഉറപ്പായിട്ടുണ്ട്. എന്നാൽ മെസിയെ സംബന്ധിച്ച് അതിനു ശേഷമുള്ള ക്വാർട്ടർ ഫൈനൽ കളിക്കുന്നതും റിസ്‌കാണെന്നാണ് അർജന്റൈൻ ജേർണലിസ്റ്റായ ലിയോ പാരഡിസോ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.

“ദിവസങ്ങൾ ചെല്ലുന്തോറും മെസിയുടെ പരിക്കുമായി ബന്ധപ്പെട്ട് അശുഭാപ്‌തി വിശ്വാസം വർധിക്കുകയാണ്. ക്വാർട്ടർ ഫൈനലിൽ മെസി കളിക്കുന്നതിൽ അപകട സാധ്യതയുണ്ടെന്ന് ഞാൻ പറയുന്നു. മെസി കളിക്കില്ലെന്നല്ല പറയുന്നത്, അതിൽ അപകടമുണ്ടെന്നാണ്. ക്വാർട്ടർ ഫൈനൽ കളിക്കുന്നത് പരിക്കിനെ വഷളാക്കുമെന്നും സെമിയിൽ താരത്തെ ഇറക്കുന്നതാണ് നല്ലതെന്നും കരുതുന്നവരുണ്ട്.”

“ഇത് മെസിയെ മാനസികമായി ബാധിച്ചിട്ടുണ്ട്. തന്റെ പരിക്കിൽ മെസി അസ്വസ്ഥനാണ്. നിലവിൽ വീട്ടിലുള്ള താരം അടുത്ത ദിവസം ടീമിനൊപ്പം ചേരും. മെസി കളിക്കുന്നതിൽ അപകടസാധ്യത ഉണ്ടെങ്കിലും ഇനിയും ദിവസങ്ങൾ ബാക്കിയുള്ളതിനാൽ എന്തും സംഭവിക്കാം. പരിക്ക് മുഴുവൻ ഭേദമാകാതെ തന്നെ താരം കളിച്ചേക്കാം. അർജന്റീനക്കും താരത്തിനും ബുദ്ധിമുട്ടേറിയ നാളുകളാണ് വരുന്നത്.” ജേർണലിസ്റ്റ് വ്യക്തമാക്കി.

മെസിയുടെ ഈ പരിക്ക് ഒരുപാട് കാലമായി താരത്തെ ബുദ്ധിമുട്ടിക്കുന്ന ഒന്നാണ്. മതിയായ വിശ്രമമെടുക്കുന്നത് കൊണ്ടാണ് താരം കളിക്കളത്തിൽ തുടരുന്നത്. എന്നാൽ നിർണായകമായൊരു ടൂർണ്ണമെന്റിനിടെ മെസി പരിക്കിന്റെ ലക്ഷണങ്ങൾ കാണിക്കുന്നതും മത്സരങ്ങൾ നഷ്‌ടമാകുന്നതും അർജന്റീനയെ സംബന്ധിച്ച് വലിയ തിരിച്ചടി തന്നെയാണ്.