മുപ്പത്തിയഞ്ചു വാരയകലെ നിന്നും മെസി നിറയൊഴിച്ചു, വമ്പൻ വിജയവുമായി ഇന്റർ മിയാമി ഫൈനലിൽ | Messi

ഇന്റർ മിയാമിയിൽ എത്തിയതിനു ശേഷമുള്ള ഗോൾവേട്ട തുടർന്ന് ലയണൽ മെസി ടീമിനെ ലീഗ്‌സ് കപ്പിന്റെ ഫൈനലിലെത്തിച്ചു. ഇന്ന് പുലർച്ചെ നടന്ന മത്സരത്തിൽ അമേരിക്കൻ ലീഗിലെ കരുത്തുറ്റ ടീമായ ഫിലാഡൽഫിയ യൂണിയനെതിരെ നടന്ന മത്സരത്തിൽ ഒന്നിനെതിരെ നാല് ഗോളുകൾക്ക് വിജയം നേടിയാണ് ഇന്റർ മിയാമി ഫൈനലിലെത്തിയത്. ഫൈനലിൽ ഇന്റർ മിയാമി മോണ്ടറിയും നാഷ്‌വില്ലെയും തമ്മിൽ നടക്കുന്ന സെമി ഫൈനൽ വിജയികളെ നേരിടും.

പന്തടക്കത്തിലും ഷോട്ടുകളുടെ എണ്ണത്തിലും സ്വന്തം മൈതാനത്ത് ഫിലാഡൽഫിയ യൂണിയൻ മുന്നിട്ടു നിന്നെങ്കിലും ലഭിച്ച അവസരങ്ങളെല്ലാം കൃത്യമായി മുതലെടുത്താണ് ഇന്റർ മിയാമി വിജയം നേടിയത്. മൂന്നാം മിനുട്ടിൽ തന്നെ സെർഹി ക്രിസ്റ്റോവിന്റെ മികച്ചൊരു ലോങ്ങ് പാസ് പിടിച്ചെടുത്ത് മനോഹരമായ ഫിനിഷിംഗിലൂടെ ജോസഫ് മാർട്ടിനസ് ഇന്റർ മിയാമിയെ മുന്നിലെത്തിച്ചു. അതിനു ശേഷം ഇരുപതാം മിനുട്ടിൽ ലയണൽ മെസി നേടിയ ഗോൾ അതിമനോഹരമായിരുന്നു.

ഗോൾപോസ്റ്റിന്റെ മുപ്പത്തിയഞ്ചു വാരയകലെ നിന്നും മെസിയുതിർത്ത ഗ്രൗണ്ടർ ഷോട്ട് ഗോൾകീപ്പർക്ക് യാതൊരു അവസരവും നൽകാതെ വലയിലെത്തുകയായിരുന്നു. അതിനു ശേഷം ഇഞ്ചുറി ടൈമിൽ റോബർട്ട് ടെയ്‌ലർ തന്റെ വ്യക്തിഗത മികവ് മുഴുവൻ പുറത്തെടുത്ത് നടത്തിയ നീക്കത്തിന് ശേഷം നൽകിയ പാസിൽ നിന്നും വല കുലുക്കി ജോർദി ആൽബ ടീമിന്റെ മൂന്നാമത്തെ ഗോളും നേടി. ഇന്റർ മിയാമിക്ക് വേണ്ടി ആൽബ നേടുന്ന ആദ്യത്തെ ഗോളായിരുന്നു അത്.

എഴുപത്തിമൂന്നാം മിനുട്ടിൽ അലസാൻഡ്രോ ബെഡോയ നേടിയ ഗോളിലൂടെ ഫിലാഡൽഫിയ യൂണിയൻ ആശ്വാസഗോൾ നേടിയെങ്കിലും തിരിച്ചു വരാൻ അവർക്ക് യാതൊരു അവസരവും ഇന്റർ മിയാമി നൽകിയില്ല. ഡേവിഡ് റൂയിസ് നേടിയ ഗോളിൽ ഇന്റർ മിയാമി വിജയവും ഫൈനലും ഉറപ്പിച്ചു. ക്ലബ്ബിന്റ ചരിത്രത്തിൽ ആദ്യമായാണ് ഇന്റർ മിയാമി ഒരു ഫൈനൽ കളിക്കുന്നത്. അതിൽ വിജയിച്ച് കിരീടം സ്വന്തമാക്കാൻ നിലവിലെ ഫോമിൽ ഇന്റർ മിയാമിക്ക് കഴിയുമെന്നതിൽ സംശയമില്ല.

Messi Scored And Inter Miami Into The Final Of Leagues Cup