വിപ്ലവം സൃഷ്‌ടിച്ച് ലയണൽ മെസിയുടെ വരവ്, എംഎൽഎസ് നിയമം തന്നെ മാറ്റാനൊരുങ്ങുന്നു | Messi

ലയണൽ മെസിയുടെ വരവ് ഇന്റർ മിയാമിയിൽ സൃഷ്‌ടിച്ച മാറ്റങ്ങൾ ചെറുതല്ല. അതുവരെ നിരന്തരം തോൽവികൾ ഏറ്റു വാങ്ങിയിരുന്ന ഇന്റർ മിയാമി മെസി വന്നതിനു ശേഷം എട്ടു മത്സരങ്ങളാണ് തുടർച്ചയായി വിജയിച്ചത്. ഇതുവരെ ഒരു ഫൈനലിൽ പോലും എത്താതിരുന്ന ഇന്റർ മിയാമി മെസി എത്തിയതിനു ശേഷം ഒരു കിരീടം നേടുകയും മറ്റൊരു ഫൈനലിൽ ഇടം നേടുകയും ചെയ്‌തു. അമേരിക്ക മുഴുവൻ ലയണൽ മെസിയെക്കുറിച്ച് ചർച്ച ചെയ്യുന്ന രീതിയിലാണ് താരത്തിന്റെ പ്രഭാവം ഉണ്ടാകുന്നത്.

അതേസമയം ഇന്റർ മിയാമിയിൽ മാത്രമല്ല, അമേരിക്കൻ ലീഗിലും ലയണൽ മെസിയുടെ വരവ് വിപ്ലവകരമായ മാറ്റങ്ങൾ ഉണ്ടാക്കുകയാണ്. റിപ്പോർട്ടുകൾ പ്രകാരം മെസി വന്നതിനു പിന്നാലെ വലിയൊരു നിയമമാറ്റം വരുത്തുന്നതിനായി അമേരിക്കൻ ലീഗ് നേതൃത്വം ആലോചിക്കുന്നുണ്ട്. നിലവിൽ ക്ലബുകൾക്ക് എംഎൽഎസ് സാലറി ക്യാപ്പിനു മുകളിൽ പ്രതിഫലം നൽകി മൂന്നു താരങ്ങളെ മാത്രമേ സ്വന്തമാക്കാൻ കഴിയുകയുള്ളൂ. അതിൽ മാറ്റം വരുത്താനാണ് അമേരിക്കൻ ലീഗ് തയ്യാറെടുക്കുന്നത്.

നിലവിൽ ഇന്റർ മിയാമിയെപ്പോലെ വമ്പൻ താരങ്ങൾ മറ്റൊരു എംഎൽഎസ് ക്ലബിലുമില്ല. എന്നാൽ ഈ മാറ്റം വരുത്തുന്നതോടെ കൂടുതൽ ക്ലബുകൾക്ക് കൂടുതൽ മികച്ച താരങ്ങളെ മറ്റു ലീഗുകളിൽ നിന്നും വലിയ പ്രതിഫലം നൽകി കൊണ്ടുവരാൻ കഴിയും. ഇത് ലീഗിൽ കൂടുതൽ മത്സരമുണ്ടാക്കാൻ സഹായിക്കുമെന്ന കാര്യത്തിൽ സംശയമില്ല. ക്ലബുകൾ കൂടുതൽ മികച്ചതാകുന്നതോടെ ലീഗിന്റെ നിലവാരവും വർധിക്കുമെന്നതും എംഎൽഎസ് നേതൃത്വം ഉന്നം വെക്കുന്ന കാര്യമാണ്.

ജൂണിൽ എംഎൽഎസ് നേതൃത്വം നടത്തിയ യോഗത്തിൽ തന്നെ ഇക്കാര്യത്തിൽ തീരുമാനം എടുക്കാനുള്ള പ്രാഥമിക കാര്യങ്ങൾ തീരുമാനമായിയെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. പുതിയതായുള്ള വമ്പൻ സൈനിംഗുകൾക്ക് പുറമെ അടിത്തട്ടിൽ നിന്നും അമേരിക്കൻ ലീഗിനെ മികച്ചതാക്കി എടുക്കാനുള്ള പ്രവർത്തനങ്ങൾ നടത്താനും എംഎൽഎസ് നേതൃത്വം തീരുമാനമെടുത്തിട്ടുണ്ട്.

Messi Set To Prompt MLS Rule Change