ഗോൾകീപ്പർ നിൽക്കുന്ന സ്ഥലത്തേക്കു തന്നെ ഷോട്ട്, മെസിയുടെ ഫ്രീകിക്ക് ടെക്നിക്കുകൾ അവിശ്വസനീയം
സമകാലീന ഫുട്ബോളിലെ ഏറ്റവും മികച്ച ഫ്രീകിക്ക് ടേക്കർമാരിൽ ഒരാളാണ് ലയണൽ മെസിയെന്ന കാര്യത്തിൽ സംശയമില്ല. ബോക്സിന്റെ വെളിയിൽ ഒരു നിശ്ചിതപരിധിക്കുള്ളിൽ നിന്നുള്ള ഫ്രീ കിക്കുകൾ വലയിലാക്കാൻ പ്രത്യേക കഴിവുള്ള താരത്തിന്റെ അത്തരം ഷോട്ടുകളെല്ലാം തന്നെ എതിർഗോൾകീപ്പർമാർക്ക് ഭീഷണിയുയർത്തുന്നവ തന്നെയാണ്.
കഴിഞ്ഞ ദിവസം ഗ്വാട്ടിമാലക്കെതിരെ നടന്ന മത്സരത്തിലും ലയണൽ മെസിയുടെ ഫ്രീകിക്ക് അപകടം വിതക്കുകയുണ്ടായി. മത്സരം ആദ്യപകുതിക്ക് പിരിയുന്നതിനു മുൻപാണ് അർജന്റീനക്ക് അനുകൂലമായ ഫ്രീകിക്ക് ലഭിക്കുന്നത്. ലയണൽ മെസിയെ സംബന്ധിച്ച് ഗോൾ നേടാൻ കഴിയുന്ന പൊസിഷനിൽ തന്നെയാണ് ഫ്രീകിക്ക് ലഭിച്ചത്.
Lionel Messi is ridiculous. He still had the mind to play the free kick to where the keeper is already 😭😭😭 pic.twitter.com/HA4wqEovd6
— DesmundOris (@Desmund_Oris) June 15, 2024
ആ ഫ്രീകിക്ക് ഗോളായി മാറിയില്ലെങ്കിലും ലയണൽ മെസി അതിനുപയോഗിച്ച ടെക്നിക്ക് ശ്രദ്ധ നേടുന്നുണ്ട്. മെസി പോസ്റ്റിന്റെ ഇടതുവശത്തേക്ക് ഫ്രീകിക്ക് തൊടുക്കുമെന്ന് പ്രതീക്ഷിച്ച് വലതു വശത്തേക്ക് നീങ്ങിയാണ് ഗോൾകീപ്പർ നിന്നിരുന്നത്. വലതുവശത്തേക്കുള്ള ഷോട്ട് പ്രതിരോധിക്കാൻ വോൾ സെറ്റ് ചെയ്യുകയും ഷോട്ടിന് തൊട്ടു മുൻപ് ഇടതുവശത്തേക്ക് നീങ്ങാനും ഗോൾകീപ്പർ പദ്ധതിയിട്ടിരുന്നു.
എന്നാൽ ലയണൽ മെസിയുടെ ചിന്തയും ഷോട്ടിലെ കൃത്യതയും എല്ലാവരെയും അത്ഭുതപ്പെടുത്തുന്ന ഒന്നായിരുന്നു. ഗോൾകീപ്പർ നിൽക്കുന്നിടത്തേക്ക് തന്നെ ഷോട്ടെടുത്ത താരം കൃത്യത കൊണ്ട് ഡിഫെൻസിവ് വോളിനെ തകർത്തു. അവിടേക്ക് മെസിയുടെ ഷോട്ട് പ്രതീക്ഷിക്കാതിരുന്ന ഗോൾകീപ്പർ അത് തടുക്കാൻ പരാജയപ്പെട്ടപ്പോൾ പോസ്റ്റിലടിച്ചാണ് പന്ത് പുറത്തേക്ക് വന്നത്.
മനോഹരമായൊരു ഗോൾ മെസിക്ക് നഷ്ടമായെങ്കിലും മെസിയുടെ ടെക്നിക്ക് ആരാധകർക്ക് വളരെയധികം ആവേശം നൽകുന്നതായിരുന്നു എന്നതിൽ സംശയമില്ല. വളരെ അപൂർവമായാണ് മെസി ഇത്തരം ടെക്നിക്കുകൾ ഉപയോഗിക്കുക. കോപ്പ അമേരിക്കയിൽ ഈ ടെക്നിക്ക് ലയണൽ മെസി വീണ്ടും ഉപയോഗിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.