മെസിയുടെ അഭാവത്തിൽ ആരാകും അർജന്റീന നായകൻ, നാല് പേരുകൾ പരിഗണനയിൽ

കഴിഞ്ഞ കുറെ വർഷങ്ങളായി അർജന്റീന ടീമിന്റെ നേതൃസ്ഥാനത്ത് ലയണൽ മെസിയല്ലാതെ മറ്റൊരാളെ ചിന്തിക്കാൻ പോലും കഴിയില്ല. മെസിയുടെ അഭാവത്തിൽ ഏഞ്ചൽ ഡി മരിയയാണ് ടീമിനെ നയിച്ചിരുന്നത്. എന്നാൽ വരാൻ പോകുന്ന മത്സരങ്ങളിൽ ഈ രണ്ടു താരങ്ങളും ഉണ്ടാകില്ല. ഏഞ്ചൽ ഡി മരിയ വിരമിക്കൽ പ്രഖ്യാപിക്കുകയും മെസി പരിക്ക് കാരണം ടീമിന് പുറത്തിരിക്കുകയുമാണ്.

ഇരുവരുടെയും അഭാവത്തിൽ ടീമിലുള്ള മറ്റൊരു വെറ്ററൻ താരമായ നിക്കോളാസ് ഒട്ടമെൻഡിയാണ് അർജന്റീന ടീമിനെ നയിക്കേണ്ടതെങ്കിലും പരിശീലകനായ ലയണൽ സ്‌കലോണിയുടെ പദ്ധതികൾ വേറെയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ക്യാപ്റ്റൻ സ്ഥാനത്തേക്ക് മറ്റു നാല് താരങ്ങളെയാണ് അദ്ദേഹം പരിഗണിക്കുന്നതെന്നാണ് ലഭ്യമായ സൂചനകൾ.

അർജന്റൈൻ ജേർണലിസ്റ്റായ നാനി സെർനയുടെ റിപ്പോർട്ടുകൾ പ്രകാരം മധ്യനിരതാരം റോഡ്രിഗോ ഡി പോൾ, ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസ്, പ്രതിരോധതാരങ്ങളായ ക്രിസ്റ്റ്യൻ റോമെറോ, ലിസാൻഡ്രോ മാർട്ടിനസ് എന്നിവരാണ് ക്യാപ്റ്റൻ ആംബാൻഡ്‌ ധരിക്കാൻ സാധ്യതയുള്ളത്. ഇന്ത്യൻ സമയം വെള്ളിയാഴ്‌ച പുലർച്ചെ അഞ്ചരക്കാണ് അർജന്റീന ചിലിയെ നേരിടുന്നത്.

ഈ താരങ്ങളിൽ റോഡ്രിഗോ ഡി പോളിനാണ് ക്യാപ്റ്റൻ ആംബാൻഡ്‌ കിട്ടാൻ കൂടുതൽ സാധ്യത. ലയണൽ സ്‌കലോണിയുടെ അർജന്റീന ടീമിനെ ഇത്രയും ഒത്തിണക്കമുള്ള ഒരു സംഘമാക്കി മാറ്റുന്നതിൽ താരം പ്രധാന പങ്കു വഹിച്ചിട്ടുണ്ട്. ഇറ്റലിയിൽ കളിച്ചു കൊണ്ടിരുന്നപ്പോൾ യുഡിനസ് ടീമിന്റെ നായകനായി മികച്ച പ്രകടനം നടത്തിയ പരിചയവും റോഡ്രിഗോ ഡി പോളിനുണ്ട്.

അതേസമയം അർജന്റീനയുടെ അടുത്ത മത്സരം ടീമിന്റെ ഇതിഹാസതാരമായ ഏഞ്ചൽ ഡി മരിയക്ക് യാത്രയയപ്പ് നൽകാനുള്ള വേദി കൂടിയാണ്. കോപ്പ അമേരിക്ക ടൂർണമെന്റിന് ശേഷം വിരമിക്കൽ പ്രഖ്യാപിച്ച ഡി മരിയക്ക് സ്വന്തം നാട്ടിൽ യാത്രയയപ്പ് നൽകാൻ വിപുലമായ പരിപാടികളാണ് അർജന്റീന പ്ലാൻ ചെയ്‌തിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.