വമ്പൻ വാർത്തയെത്തുന്നു, കേരള ബ്ലാസ്റ്റേഴ്സിനെ മിഡിൽ ഈസ്റ്റ് ക്ലബ് സ്വന്തമാക്കാൻ സാധ്യത | Kerala Blasters
ഇന്ത്യൻ സൂപ്പർ ലീഗിലെത്തുന്ന ഏതൊരു താരവും കളിക്കാനാഗ്രഹിക്കുന്ന ക്ലബ് ആയിരിക്കും കേരള ബ്ലാസ്റ്റേഴ്സ്. ബ്ലാസ്റ്റേഴ്സിന് കീഴിൽ ആവേശത്തോടെ അണിനിരക്കുന്ന ആരാധകർ തന്നെയാണ് അതിനു കാരണം. എവേ മത്സരങ്ങൾ പോലും ഹോം ഗ്രൗണ്ട് പോലെയാക്കി മാറ്റുന്ന ഈ ആരാധകപ്പടയുടെ കരുത്ത് ലോകം തന്നെ ശ്രദ്ധിക്കുന്നുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ കെട്ടുറപ്പുള്ള ആരാധകപ്പടയിൽ കേരള ബ്ലാസ്റ്റേഴ്സും ഉൾപ്പെടുന്നു.
ഈ ആരാധകപ്പട കാരണം കൊണ്ട് തന്നെ കേരള ബ്ലാസ്റ്റേഴ്സ് ക്ലബ്ബിനെ ഏറ്റെടുക്കാൻ പലരും കഴിഞ്ഞ വർഷങ്ങളിൽ ശ്രമിച്ചിട്ടുണ്ട്. ലുലു ഗ്രൂപ്പ് ടീമിനെ സ്വന്തമാക്കാനുള്ള സാധ്യതയുണ്ടെന്ന് കഴിഞ്ഞ വർഷങ്ങളിൽ റിപ്പോർട്ടുകൾ വന്നിരുന്നു. ഇതിനു പുറമെയും മറ്റു പല നിക്ഷേപകരും ബ്ലാസ്റ്റേഴ്സിനെ സ്വന്തമാക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. സിറ്റി ഗ്രൂപ്പ് മുംബൈ സിറ്റിയെ സ്വന്തമാക്കിയത് പോലൊരു നീക്കം ബ്ലാസ്റ്റേഴ്സ് ആരാധകർ പ്രതീക്ഷിച്ചിരുന്നെങ്കിലും അത് സംഭവിച്ചില്ല.
You were amazing, Kozhikode! 👏💛#ഒന്നായിപോരാടാം #KBFC #KeralaBlasters pic.twitter.com/Wd1S39ONId
— Kerala Blasters FC (@KeralaBlasters) April 9, 2023
കേരള ബ്ലാസ്റ്റേഴ്സിന്റെ വലിയ ആരാധകപിന്തുണ കൊണ്ടു തന്നെ അതിന്റെ നിലവിലെ ഉടമകൾക്ക് ക്ലബ്ബിനെ വിട്ടു കൊടുക്കാനുള്ള താൽപര്യം ഉണ്ടായിരുന്നില്ല. എന്നാലിപ്പോൾ ഉടമകളുടെ നിലപാടിൽ മാറ്റം വന്നിട്ടുണ്ടെന്നും ക്ലബിലേക്കുള്ള നിക്ഷേപങ്ങളെ അവർ സ്വാഗതം ചെയ്യുന്നുണ്ടെന്നുമാണ് റിപ്പോർട്ടുകൾ. ബെംഗളൂരുവിനെതിരെ നടന്ന മത്സരത്തിൽ ഇറങ്ങിപ്പോയതിനു എഐഎഫ്എഫ് ചുമത്തിയ ഭീമമായ പിഴയാകാം ഈ മാറ്റത്തിന് കാരണം.
എന്തായാലും ബ്ലാസ്റ്റേഴ്സിനെ സ്വന്തമാക്കാൻ മിഡിൽ ഈസ്റ്റ് മേഖലയിൽ നിന്നുള്ള ഒരു ക്ലബ് ശ്രമം നടത്തിയേക്കുമെന്നുള്ള റിപ്പോർട്ടുകൾ ഇപ്പോൾ പുറത്തു വരുന്നുണ്ട്. മിഡിൽ ഈസ്റ്റിലെ ക്ലബാണോ അതോ സിറ്റി ഗ്രൂപ്പ് പോലെ ഏതെങ്കിലും സ്പോർട്ട്സ് ഇൻവെസ്റ്റ്മെന്റ് ഗ്രൂപ്പുകളാണോ ഈ നീക്കത്തിന് പിന്നിലെന്ന കാര്യം വ്യക്തമല്ല. ക്ലബ്ബിനെ മൊത്തമായി വാങ്ങാനാണോ അതോ നിക്ഷേപം നടത്താനാണോ അവർക്ക് താൽപര്യമെന്ന കാര്യത്തിലും നിശ്ചയമില്ല.
ഒരു ക്ലബ്ബിനെ കൈമാറ്റം ചെയ്യണമെങ്കിൽ ഒരുപാട് നടപടിക്രമങ്ങൾ കഴിയണം. നിലവിൽ ചർച്ചകൾ പോലും ആരംഭിച്ചിട്ടില്ലെങ്കിലും ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് പ്രതീക്ഷിക്കാൻ വകയുണ്ട്. കൂടുതൽ പണമൊഴുക്കി മികച്ച താരങ്ങളും അതിനൊപ്പം ആരാധകരുടെ പിന്തുണയും ചേർന്നാൽ കേരള ബ്ലാസ്റ്റേഴ്സ് കിരീടങ്ങൾ വാരിക്കൂട്ടും. കേരള ബ്ലാസ്റ്റേഴ്സ് മിഡിൽ ഈസ്റ്റ് മേഖലയിൽ കൂടുതൽ പരിശീലനവും പര്യടനവും പദ്ധതിയിടുന്നതും ഇതിനൊപ്പം ചേർത്ത് വായിക്കാം.
Content Highlights: Middle East Based Club Reportedly Wants To Buy Kerala Blasters