മാഞ്ചസ്റ്റർ യുണൈറ്റഡിൽ ടെൻ ഹാഗ് വിപ്ലവം, 13 താരങ്ങൾ പുറത്തേക്ക് | Manchester United

നിരവധി വർഷങ്ങളായി പ്രതാപത്തിന്റെ നിഴലിൽ കഴിഞ്ഞിരുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിന് പുതിയ ജീവൻ നൽകിയ പരിശീലകനാണ് എറിക് ടെൻ ഹാഗ്. കഴിഞ്ഞ സമ്മറിൽ അദ്ദേഹം സ്ഥാനമേറ്റെടുത്തതിന് ശേഷം മികച്ച പ്രകടനമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് നടത്തുന്നത്. ക്രിസ്റ്റ്യാനോ റൊണാൾഡോ ക്ലബ് വിട്ടതുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ഉണ്ടായെങ്കിലും അതിനെയെല്ലാം മറികടന്ന് താനാണ് ശരിയെന്ന് തെളിയിക്കാൻ ഡച്ച് പരിശീലകന് കഴിഞ്ഞു.

ഒരു കിരീടം നേടുകയും ഇനിയും രണ്ടു കിരീടങ്ങൾ നേടാൻ സാധ്യതയിൽ നിൽക്കുകയും ചെയ്യുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഈ സീസണിലെ പ്രകടനത്തിൽ ക്ലബ് നേതൃത്വവും തൃപ്തരാണ്. അതുകൊണ്ട് തന്നെ ടീമിനെ പരിശീലകൻ ആഗ്രഹിക്കുന്ന തരത്തിലേക്ക് മാറ്റാനുള്ള അനുവാദം അവർ നൽകിയിട്ടുണ്ട്. ഈ സീസൺ കഴിയുന്നതോടെ മാഞ്ചസ്റ്റർ യുണൈറ്റഡിൽ വലിയൊരു മാറ്റത്തിനുള്ള സാധ്യത ഇത് തുറക്കുന്നുണ്ട്.

റിപ്പോർട്ടുകൾ പ്രകാരം പതിമൂന്നു താരങ്ങളെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് അടുത്ത സമ്മറിൽ ഒഴിവാക്കാൻ പോകുന്നത്. ടെൻ ഹാഗിന്റെ പദ്ധതികൾക്ക് കൃത്യമായി യോജിക്കാത്ത താരങ്ങൾക്ക് പുറമെ അടുത്ത സീസണിൽ പുതിയ താരങ്ങളെ സ്വന്തമാക്കുന്നതിനുള്ള ഫണ്ടിലേക്കു വേണ്ടിയും കളിക്കാർ ഒഴിവാക്കപ്പെടും. ഇതിൽ പത്ത് താരങ്ങളെയോളം ഇവർ ഇപ്പോൾ തന്നെ കണ്ടെത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

ഹാരി മഗ്വയർ, ആന്തണി എലാങ്ക, ആന്തണി മാർഷ്യൽ, എറിക് ബെയ്‌ലി, ടോണി വാൻ ഡി ബിക്ക്, ആരോൺ വാൻ ബിസാക്ക, അലക്‌സ് ടെല്ലസ് എന്നിവരാണ് ഒഴിവാക്കുമെന്ന് തീരുമാനിക്കപ്പെട്ട താരങ്ങളെന്ന് ഡെയിലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു. ഈ സീസണ് ശേഷം മറ്റു താരങ്ങൾ ആരൊക്കെയാണെന്ന് ക്ലബ് തീരുമാനിക്കും. ഇതിനു പുറമെ അഞ്ചു പൊസിഷനിലേക്ക് പുതിയ താരങ്ങളെ എത്തിക്കാനും മാഞ്ചസ്റ്റർ യുണൈറ്റഡ് തീരുമാനിച്ചു കഴിഞ്ഞു.

കഴിഞ്ഞ സമ്മറിൽ പത്തോളം താരങ്ങളെ ഫസ്റ്റ് ടീമിൽ നിന്നും മാഞ്ചസ്റ്റർ യുണൈറ്റഡ് ഒഴിവാക്കിയെങ്കിലും പത്ത് മില്യൺ യൂറോയോളം മാത്രമാണ് ലഭിച്ചത്. പോഗ്ബ അടക്കമുള്ള താരങ്ങൾ ഫ്രീ ഏജന്റായി ക്ലബ് വിട്ടത് തിരിച്ചടിയായി. അതുകൊണ്ടു തന്നെ ഇത്തവണ ശ്രദ്ധാപൂർവം ട്രാൻസ്‌ഫർ ബിസിനസ് നടത്തുകയെന്നത് മാഞ്ചസ്റ്റർ യുണൈറ്റഡ് തീരുമാനിച്ചിട്ടുണ്ട്. എറിക് ടെൻ ഹാഗാണ് എല്ലാറ്റിനും ചരട് വലിക്കുന്നത്.

ഈ സീസണിൽ കറബാവോ കപ്പ് കിരീടം മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കിയിട്ടുണ്ട്. ഇനി എഫ്എ കപ്പ്, യൂറോപ്പ ലീഗ് എന്നിവയിൽ ടീമിന് പ്രതീക്ഷയുണ്ട്. പ്രീമിയർ ലീഗ് കിരീടത്തിനും തത്വത്തിൽ സാധ്യത പറയാമെങ്കിലും ടോപ് ഫോറിൽ ഉയർന്ന പൊസിഷനിൽ എത്തുകയെന്നത് മാത്രമേ മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർ ആഗ്രഹിക്കുന്നുണ്ടാകൂ. കാരണം അത്രയും വലിയ പോരാട്ടമാണ് കിരീടത്തിനായി സിറ്റിയും ആഴ്‌സണലും നടത്തുന്നത്.

Content Highlights: Manchester United To Sell 13 Players