ബാഴ്‌സയിൽ എത്തിയാൽ ഗോളടിച്ചു കൂട്ടുന്ന പഴയ മെസിയാകില്ല, വലിയൊരു മാറ്റത്തിനൊരുങ്ങി അർജന്റീന താരം | Lionel Messi

ലയണൽ മെസിയുടെ ബാഴ്‌സലോണ ട്രാൻസ്ഫറുമായി ബന്ധപ്പെട്ടാണ് ഫുട്ബോൾ ലോകത്തെ പ്രധാന ചർച്ചകൾ നടക്കുന്നത്. ഈ സീസണോടെ കരാർ അവസാനിക്കുന്ന താരം ഇതുവരെ പിഎസ്‌ജി കരാർ പുതുക്കിയിട്ടില്ല. ഫ്രഞ്ച് ക്ലബിനൊപ്പം തുടരാൻ മെസിക്ക് താല്പര്യമില്ലെന്നതാണ് അതിനു കാരണം. ചാമ്പ്യൻസ് ലീഗ് തോൽവിയോടെ ആരാധകരുടെ പ്രതിഷേധം ഏറ്റു വാങ്ങേണ്ടി വന്നതാണ് മെസിയെ മാറ്റി ചിന്തിക്കാൻ പ്രേരിപ്പിച്ചത്.

അതേസമയം രണ്ടു വർഷം മുൻപ് തങ്ങൾക്ക് കൈവിടേണ്ടി വന്ന താരത്തെ സ്വന്തമാക്കാനുള്ള സാധ്യതകൾ തേടുകയാണ് ബാഴ്‌സലോണ. നിലവിൽ സാമ്പത്തിക പ്രതിസന്ധിയിൽ ആണെങ്കിലും ഏതെങ്കിലും തരത്തിൽ അതിനെ മറികടന്ന് മെസിയെ ടീമിലെത്തിക്കാനാണ് ബാഴ്‌സയുടെ ഉദ്ദേശം. ക്ലബിന്റെ വൈസ് പ്രസിഡന്റ് റാഫ യുറ്റ്‌സെയും പരിശീലകൻ സാവിയും മെസിയുടെ തിരിച്ചു വരവിനെക്കുറിച്ച് അനുകൂലമായി പ്രതികരിച്ചു.

അതേസമയം ലയണൽ മെസിയുടെ തിരിച്ചു വരവിൽ ഗോളുകൾ അടിച്ചു കൂട്ടി മുന്നേറ്റനിരയിൽ സ്വാതന്ത്ര്യത്തോടെ പറന്നു നടക്കാൻ താരത്തിന് കഴിയില്ല. താരത്തിന്റെ പൊസിഷനിൽ വലിയൊരു മാറ്റം വരുത്താൻ ബാഴ്‌സലോണ പരിശീലകൻ സാവി ഒരുങ്ങുകയാണ്. മുന്നേറ്റനിര താരം എന്നതിൽ ഉപരിയായി മെസിയെ മധ്യനിരയിൽ നാലാമനായി ഇറക്കി കൂടുതൽ ഡീപ് റോളിൽ കളിപ്പിക്കുക എന്നതാണ് സാവി ഉദ്ദേശിക്കുന്നത്.

ഇപ്പോഴും അവസരങ്ങൾ സൃഷ്‌ടിക്കുന്നതിലുള്ള തന്റെ കഴിവ് മെസി ലോകത്തിനു മുന്നിൽ തെളിയിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ പുതിയ പൊസിഷനിൽ മെസിയെ കൃത്യമായി ഉപയോഗപ്പെടുത്താൻ സാവിക്ക് കഴിയും. എന്തായാലും ബാഴ്‌സയിൽ എത്തിയാൽ മെസി കൂടുതൽ സമാധാനത്തോടെ കളിക്കുമെന്നുറപ്പാണ്. അത് താരത്തിന്റെ പ്രകടനം മികച്ചതാകാനും സഹായിക്കും.

Content Highlights: Lionel Messi To Use As A Fourth Midfielder In Barcelona