എതിരാളികൾക്ക് ഈ സ്റ്റേഡിയം ദുഷ്‌കരമാക്കണം, കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരോട് മൈക്കൽ സ്റ്റാറെ

ഇന്ത്യൻ സൂപ്പർ ലീഗ് ആദ്യത്തെ സീസൺ തുടങ്ങിയപ്പോൾ ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ട ടീമാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ഉടമയായിരുന്നു എന്നതിനൊപ്പം ക്ലബിനുള്ള ആരാധകപിന്തുണ അതിശയിപ്പിക്കുന്ന രീതിയിലായിരുന്നു. കൊച്ചിയിൽ നടന്ന മത്സരങ്ങൾക്കെല്ലാം സ്റ്റേഡിയം നിറഞ്ഞു കവിയുന്ന രീതിയിലാണ് ആരാധകർ എത്തിയത്.

ഐഎസ്എൽ പത്താം സീസൺ പൂർത്തിയായപ്പോൾ സ്റ്റേഡിയത്തിൽ എത്തുന്ന ആരാധകരുടെ കണക്കിൽ ബ്ലാസ്റ്റേഴ്‌സിനെ മറികടക്കാൻ കഴിയുന്ന ക്ലബുകൾ ഉണ്ടെങ്കിലും സംഘടിതമായ ഫാൻ ബേസ് എന്ന നിലയിൽ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ ബഹുദൂരം മുന്നിലാണ്. ഇന്ത്യയുടെ മത്സരങ്ങൾ നടക്കുമ്പോൾ ബ്ലാസ്റ്റേഴ്‌സ് ആരാധകർ നടത്തുന്ന പ്രവർത്തനങ്ങൾ തന്നെ അതിനുള്ള തെളിവാണ്.

ആരാധകരുടെ പിന്തുണയിൽ ലോകത്ത് തന്നെ ശ്രദ്ധിക്കപ്പെടുന്ന ക്ലബുകളിൽ ഒന്നാണ് കേരള ബ്ലാസ്റ്റേഴ്‌സെന്നു പരിശീലകൻ സ്റ്റാറെക്കും അറിയാവുന്ന കാര്യമാണ്. കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാം ലൈവ് സെഷനിൽ അദ്ദേഹം നടത്തിയ പ്രതികരണം ആരാധകരോടുള്ള അഭ്യർത്ഥന കൂടിയായിരുന്നു. അടുത്ത സീസൺ മികച്ചതാക്കാൻ വേണ്ടിയുള്ള പിന്തുണയാണ് അദ്ദേഹം ആവശ്യപ്പെട്ടത്.

“മുന്നോട്ടു പോവുക, ഈ ടീമിനെ പിന്തുണക്കുന്നത് തുടരുക. നമ്മളുടെ സ്റ്റേഡിയത്തിലേക്ക് വരുന്ന എതിരാളികൾക്ക് എല്ലാം ദുഷ്‌കരമാക്കുക. എനിക്ക് നൽകിയ ഹാർദ്ദവമായി സ്വാഗതാശംസക്കും നൽകുന്ന പിന്തുണക്കും വളരെയധികം നന്ദി. ഒരുമിച്ച് മുന്നോട്ടു പോയി നമുക്ക് ചരിത്രം കുറിക്കാം.” ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ലൈവിൽ പറഞ്ഞു.

അടുത്ത സീസണിൽ ആരാധകരിൽ നിന്നും വലിയ പിന്തുണ അദ്ദേഹം പ്രതീക്ഷിക്കുന്നുണ്ടെന്ന് ഇതിൽ നിന്നും വ്യക്തമാണ്. കഴിഞ്ഞ സീസണിൽ കൊച്ചിയിൽ നടന്ന മത്സരങ്ങൾ എതിരാളികൾക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിച്ചുവെന്നതിൽ സംശയമില്ല. അതിനേക്കാൾ ആവേശകരമായ പിന്തുണയാണ് മൈക്കൽ സ്റ്റാറെ അടുത്ത സീസണിൽ ആവശ്യപ്പെടുന്നത്.