ഏഷ്യയിലെ ഏറ്റവും മികച്ച ഫാൻബേസ്, ഐഎസ്എല്ലിലെ സ്വപ്‌നക്ലബ്; കേരള ബ്ലാസ്‌റ്റേഴ്‌സിനെ പ്രശംസിച്ച് മിലോസ് ഡ്രിഞ്ചിച്ച് | Milos Drincic

ഈ സീസണിന് മുന്നോടിയായാണ് മോണ്ടിനെഗ്രോ താരമായ മിലോസ് ഡ്രിഞ്ചിച്ചിനെ പ്രതിരോധം ശക്തമാക്കുന്നതിനു വേണ്ടി കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്. മോണ്ടിനെഗ്രോയിലെയും ബെലറൂസിയയിലെയും ക്ലബുകൾക്ക് വേണ്ടി ബൂട്ടു കെട്ടിയിട്ടുള്ള താരം യൂറോപ്പ ലീഗ് യോഗ്യത മത്സരത്തിലടക്കം കളിച്ചിട്ടുള്ളതിനാൽ തന്നെ ആരാധകരുടെ പ്രതീക്ഷകൾ കൂടുതലായിരുന്നു.

ആരാധകരുടെ പ്രതീക്ഷകൾ കാത്തു സൂക്ഷിക്കുന്ന പ്രകടനം തന്നെയാണ് ഡ്രിഞ്ചിച്ച് നടത്തുന്നത്. പരിക്കിന്റെ തിരിച്ചടികൾ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിനെ ബാധിച്ചത് താരത്തിന്റെ പ്രകടനത്തെയും ബാധിച്ചിട്ടുണ്ടെങ്കിലും ടീമിന് ഒരുപാട് കാലം ഉപയോഗിക്കാൻ കഴിയുന്ന താരം കഴിഞ്ഞ ദിവസം ബ്ലാസ്‌റ്റേഴ്‌സിനെക്കുറിച്ചും ക്ലബിന് പിന്തുണ നൽകുന്ന ആരാധകരെക്കുറിച്ചും സംസാരിക്കുകയുണ്ടായി.

“ഇന്ത്യൻ സൂപ്പർ ലീഗിലെ സ്വപ്‌നക്ലബുകളിൽ ഒന്നാണ് കേരള ബ്ലാസ്റ്റേഴ്‌സ് എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. ഇന്ത്യയിലെയും ഒരുപക്ഷെ ഏഷ്യയിലെ തന്നെയും ഏറ്റവും മികച്ച ഫാൻബേസുള്ള ക്ലബിന്റെ ഭാഗമാവുകയെന്നത് നിർവചിക്കാനാകാതെ ഒരു അനുഭവമാണ് നൽകുന്നത്.” കേരളത്തിലെ ഒരു പ്രധാന മാധ്യമത്തോട് സംസാരിക്കുമ്പോൾ മിലോസ് പറഞ്ഞു.

“ക്ലബിനൊപ്പമുള്ള എന്റെ സമയം ഞാൻ വളരെയധികം ആസ്വദിച്ചു കൊണ്ടിരിക്കുകയാണ്. ഈ ടീമിന്റെ ലീഡറാകാനും ഇവിടെ വലിയൊരു പ്രഭാവം സൃഷ്‌ടിക്കാനും എനിക്ക് താൽപര്യമുണ്ട്.” താരം പറഞ്ഞു. ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് വലിയ പ്രതീക്ഷ നൽകുന്ന വാക്കുകളാണ് ഡ്രിഞ്ചിച്ചിൽ നിന്നും ഉണ്ടായിരിക്കുന്നതെന്നതിൽ സംശയമില്ല.

ഒരു വർഷത്തെ കരാറിലാണ് ഡ്രിഞ്ചിച്ച് ബ്ലാസ്റ്റേഴ്‌സിൽ എത്തിയിരിക്കുന്നത്. അതുകൊണ്ടു തന്നെ ഈ സീസൺ കഴിയുമ്പോൾ താരം ഫ്രീ ഏജന്റായി മാറും. താരത്തിന്റെ കരാർ പുതുക്കാനുള്ള നീക്കങ്ങൾ ബ്ലാസ്റ്റേഴ്‌സ് നേതൃത്വം നടത്തുന്നുണ്ടെന്ന് റിപ്പോർട്ടുകൾ നേരത്തെ ഉണ്ടായിരുന്നെങ്കിലും ഇതുവരെ അക്കാര്യത്തിൽ പുരോഗമനമൊന്നും ഉണ്ടായിട്ടില്ല.

Milos Drincic Talks About Kerala Blasters