എൺപതിനായിരം ടിക്കറ്റിനായി പത്തു ലക്ഷത്തിലധികം ആളുകൾ ക്യൂവിൽ, വെറും രണ്ടു മണിക്കൂർ കൊണ്ട് ടിക്കറ്റ് വിറ്റുതീർന്നു; അത്ഭുതം ഈ ആരാധകപിന്തുണ
അർജന്റീന ദേശീയ ടീമിനുള്ള ആരാധകപിന്തുണ ആശ്ചര്യപ്പെടുത്തുന്ന ഒന്നു തന്നെയാണ്. പൊതുവെ വൈകാരികത കൂടിയ അർജന്റീനയിൽ നിന്നുള്ള ആരാധകർക്കൊപ്പം ലോകമെമ്പാടുമുള്ള നിരവധി ആരാധകർ ടീമിനു വലിയ പിന്തുണ നൽകുന്നുണ്ട്. ഖത്തർ ലോകകപ്പിൽ അർജന്റീനയുടെ മത്സരങ്ങൾ അവരുടെ ഹോം മത്സരങ്ങൾ പോലെ തോന്നിപ്പിക്കാൻ ഈ ആരാധകപിന്തുണ സഹായിച്ചു, ടീമിന്റെ കിരീടനേട്ടത്തിലും ഇത് വലിയ പങ്കു വഹിച്ചിട്ടുണ്ട്.
ലോകകപ്പിന് ശേഷം അർജന്റീന ആദ്യമായി മത്സരം കളിക്കുന്നത് ഈ മാസം ഇരുപത്തിമൂന്നിനു പനാമക്കെതിരെയാണ്. ലോകകപ്പ് വിജയം സ്വന്തം രാജ്യത്തിലെ ആരാധകർക്ക് മുന്നിൽ ആഘോഷിക്കുക എന്ന ഉദ്ദേശത്തോടെയാണ് ചെറിയ ടീമിനെ അർജന്റീന സൗഹൃദ മത്സരത്തിനായി തിരഞ്ഞെടുത്തത്. പനാമക്കെതിരായ മത്സരത്തിനു പുറമെ മാർച്ച് ഇരുപത്തിയെട്ടിന് കുറകാവോക്കെതിരെ മറ്റൊരു മത്സരം കൂടി അർജന്റീന ടീം കളിക്കുന്നുണ്ട്.
‼️ The sale of tickets for Argentina – Panama has began on Deportick website — There are more than one milion people in queue waiting for their turn. 🇦🇷🎟️ pic.twitter.com/kj6Tc4kXT0
— All About Argentina 🛎🇦🇷 (@AlbicelesteTalk) March 16, 2023
അതേസമയം ബ്യുണസ് അയേഴ്സിലെ എൽ മോന്യൂമെന്റൽ സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന മത്സരത്തിനായി ആശ്ചര്യപ്പെടുത്തുന്ന രീതിയിലാണ് അപേക്ഷകൾ വന്നു കൊണ്ടിരിക്കുന്നത്. റിവർപ്ലേറ്റിന്റെ ഹോം ഗ്രൗണ്ടായ എൽ മോന്യൂമെന്റലിന്റെ കപ്പാസിറ്റി എൺപത്തിമൂവായിരത്തോളമാണ്. ഇത്രയും ടിക്കറ്റുകൾക്കായി പത്ത് ലക്ഷത്തിലധികം ആളുകളാണ് ഇപ്പോൾ തന്നെ ക്യൂവിൽ നിൽക്കുന്നത്. ടിക്കറ്റ് വിൽപ്പന കഴിഞ്ഞ ദിവസമാണ് ആരംഭിച്ചത്.
അർജന്റീന ലോകകപ്പ് വിജയം നേടിയതിനു ശേഷം സ്വന്തം രാജ്യത്ത് നടത്തിയ ആഘോഷത്തിനും ജനലക്ഷങ്ങളാണ് എത്തിയത്. ആളുകൾ തിങ്ങി നിറഞ്ഞതിനാൽ തുറന്ന ബസിലുള്ള പരേഡ് ഉപേക്ഷിച്ച് ടീമിന് ഹെലികോപ്റ്ററിൽ ആരാധകരെ അഭിവാദ്യം ചെയ്യേണ്ട സാഹചര്യം വരെയുണ്ടായിരുന്നു. ലോകകപ്പ് നേടി മൂന്നു മാസത്തോളമായിട്ടും ഇപ്പോഴും ആരാധകരുടെ ആവേശം അവസാനിച്ചിട്ടില്ലെന്നാണ് സൗഹൃദമത്സരത്തിനുള്ള ടിക്കറ്റിന്റെ ആവശ്യം വ്യക്തമാക്കുന്നത്.
ഇപ്പോൾ ലഭ്യമായ വിവരപ്രകാരം അർജന്റീന-പനാമ മത്സരത്തിനുള്ള എല്ലാ ടിക്കറ്റുകളും വിറ്റു തീർന്നിട്ടുണ്ട്. വെറും രണ്ടു മണിക്കൂറുകൾ കൊണ്ടാണ് ഇത്രയും ടിക്കറ്റുകൾ വിറ്റു തീർന്നത്. സൗഹൃദമത്സരം ഒരു ആഘോഷം തന്നെയാകുമെന്ന് ഇത് വ്യക്തമാക്കുന്നു.