അർജന്റീന താരത്തിനെ ക്രൂരമായി പരിഹസിച്ച് മൗറീന്യോ, വടി കൊടുത്ത് അടി വാങ്ങിയതെന്ന് ആരാധകർ | Mourinho
സമകാലീന ഫുട്ബോളിലെ ഏറ്റവും മികച്ച പരിശീലകരിൽ ഒരാളായി കണക്കാക്കുന്ന ജോസെ മൗറീന്യോ നിലവിൽ ഇറ്റാലിയൻ ക്ലബായ റോമയെയാണ് പരിശീലിപ്പിക്കുന്നത്. വമ്പൻ നേട്ടങ്ങൾ സ്വന്തമാക്കിയ പരിശീലകൻ എന്നതിനൊപ്പം തന്റെ വാക്ചാതുര്യം കൊണ്ട് ശ്രദ്ധിക്കപ്പെട്ട ഒരു പരിശീലകൻ കൂടിയാണ് മൗറീന്യോ. മോശം പ്രകടനം നടത്തുന്ന താരങ്ങളെ നിശിതമായി വിമർശിക്കാറുള്ള മൗറീന്യോ തനിക്കെതിരായ വിമർശനങ്ങൾക്കും അതെ നാണയത്തിൽ തന്നെ മറുപടി നൽകാറുണ്ട്.
കഴിഞ്ഞ ദിവസം അർജന്റീന താരമായ പപ്പു ഗോമസിനെ മൗറീന്യോ പരിഹസിച്ചതാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. ഖത്തർ ലോകകപ്പ് അടക്കം അർജന്റീന കഴിഞ്ഞ രണ്ടര വർഷത്തിനിടെ നേടിയ മൂന്നു കിരീടങ്ങളിലും പങ്കാളിയായ പപ്പു ഗോമസിനെ കഴിഞ്ഞ ദിവസം ആന്റി ഡോപ്പിംഗ് കമ്മിറ്റി ഫുട്ബോളിൽ നിന്നും വിലക്കിയിരുന്നു. ലോകകപ്പിനു മുൻപ് ഉത്തേജകമരുന്ന് ഉപയോഗിച്ചുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് താരത്തിന് രണ്ടു വർഷം വിലക്ക് നൽകിയത്.
Papu Gomez: "My only memory of Mourinho is the Europa League final of Budapest."
José Mourinho: "I have a cough, but I won't take any syrup or any pills. Or else I might have trouble passing the anti-doping tests."
THAT IS BRUTAL😂 pic.twitter.com/N0Xt3QpmfB
— IM🇵🇹 (@Iconic_Mourinho) October 22, 2023
തന്റെ കുട്ടിയുടെ ചുമക്കുള്ള മരുന്ന് കഴിച്ചതിന്റെ ഭാഗമായാണ് വിലക്ക് വന്നതെന്നാണ് പപ്പു ഗോമസ് പറയുന്നത്. അതേസമയം മൗറീന്യോ താരത്തെ പരിഹസിച്ചത് മാസങ്ങൾക്ക് മുൻപ് പപ്പു ഗോമസ് നടത്തിയ ഒരു പ്രതികരണവുമായി ബന്ധപ്പെട്ടാണ്. മൗറീന്യോയെക്കുറിച്ച് ചോദിച്ചപ്പോൾ എനിക്ക് അദ്ദേഹത്തെക്കുറിച്ച് ഒരേയൊരു ഓർമ മാത്രമേയുള്ളൂവെന്നും സെവിയ്യക്കൊപ്പം മൗറീന്യോയുടെ റോമക്കെതിരെ യൂറോപ്പ ലീഗ് നേടിയതാണ് അതെന്നുമാണ് പപ്പു ഗോമസ് പ്രതികരിച്ചത്.
Jose Mourinho: "Papu Gomez? I wouldn’t want to take the same cough syrup as him, otherwise I could get into trouble." https://t.co/8gTopKZIQI
— RomaPress (@ASRomaPress) October 22, 2023
കഴിഞ്ഞ ദിവസം അതിനുള്ള മറുപടി മൗറീന്യോ നൽകുകയുണ്ടായി. “പപ്പു ഗോമസ് ഞങ്ങൾക്കെതിരെ നടന്ന ഫൈനലിൽ കളിച്ചിട്ടില്ല. എന്നാൽ യുവന്റസിനെതിരെയുള്ള സെമി ഫൈനലിൽ താരം കളിച്ചിരുന്നു. അപ്പോൾ തന്നെ ഈ പോസിറ്റിവ് ടെസ്റ്റിനെക്കുറിച്ച് ഗോമസിനു അറിയാമായിരുന്നു. എനിക്കും ചുമ ഉണ്ടായിരുന്നു, പക്ഷെ ഭാഗ്യത്തിന് ഞാനാ സിറപ്പ് കുടിച്ചില്ല, അല്ലെങ്കിൽ ഞാനും പോസിറ്റിവാണെന്ന് അവർ കണ്ടെത്തിയേനെ.” ഇതാണ് മൗറീന്യോ കഴിഞ്ഞ ദിവസം പറഞ്ഞത്.
ഉത്തേജകമരുന്ന് ഉപയോഗിച്ചതിന്റെ പേരിൽ ഗോമസിനെതിരെയുള്ള നടപടി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം ഇക്കാര്യത്തിൽ താരം അപ്പീൽ പോകാനുള്ള സാധ്യതയുണ്ട്. തന്റെ കുട്ടിക്ക് ചുമക്കുള്ള മരുന്ന് വാങ്ങിയതിന്റെ ബിൽ അടക്കമുള്ള തെളിവുകൾ ഇക്കാര്യത്തിൽ ഉപയോഗിക്കണമെന്നാണ് താരം കരുതുന്നത്. വിലക്ക് നീക്കിയില്ലെങ്കിൽ മുപ്പത്തിയഞ്ചുകാരനായ ഗോമസിന്റെ കരിയർ അവസാനിക്കുമെന്ന കാര്യത്തിൽ സംശയമില്ല.
Mourinho Mocked Papu Gomez After Doping Ban