വലിയൊരു തെറ്റിദ്ധാരണ കേരള ബ്ലാസ്റ്റേഴ്‌സിലെത്തിയപ്പോൾ മാറി, വെളിപ്പെടുത്തലുമായി ടീമിന്റെ നായകൻ അഡ്രിയാൻ ലൂണ | Luna

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പ്രിയപ്പെട്ട താരമാണ് അഡ്രിയാൻ ലൂണ. ടീമിന് വേണ്ടി മൂന്നാമത്തെ സീസൺ കളിക്കുന്ന താരം കഴിഞ്ഞ രണ്ടു സീസണുകളിലും മികച്ച പ്രകടനമാണ് നടത്തുന്നത്. ഈ സീസണിലും തന്റെ ഫോം തുടരുന്ന ലൂണ കഴിഞ്ഞ നാല് മത്സരങ്ങളിൽ ഇറങ്ങി ടീമിനായി രണ്ടു ഗോളും ഒരു അസിസ്റ്റും സ്വന്തമാക്കി. ബെംഗളൂരു, ജംഷഡ്‌പൂർ എന്നിവർക്കെതിരെ ഗോൾ നേടിയ ലൂണയാണ് നോർത്ത്ഈസ്റ്റ് യുണൈറ്റഡിനെതിരെ നടന്ന മത്സരത്തിൽ പിറന്ന ഗോളിന് വഴിയൊരുക്കിയത്.

കേരള ബ്ലാസ്റ്റേഴ്‌സിൽ എത്തിയ മൂന്നാമത്തെ സീസണിൽ ടീമിന്റെ നായകൻ കൂടിയാണ് അഡ്രിയാൻ ലൂണ. താരത്തിന് കീഴിൽ കിരീടം സ്വന്തമാക്കാൻ കഴിയുമെന്ന പ്രതീക്ഷ ആരാധകർക്കുണ്ട്. അതേസമയം ദിവസങ്ങൾക്ക് മുൻപ് നൽകിയ അഭിമുഖത്തിൽ കേരള ബ്ലാസ്റ്റേഴ്‌സിൽ എത്തിയതിനു ശേഷം തന്റെ വലിയൊരു തെറ്റിദ്ധാരണ മാറിയതിനെക്കുറിച്ച് ലൂണ പറയുന്നുണ്ട്. മെൽബൺ സിറ്റിയിൽ നിന്നും വന്നതിനു ശേഷം ഐഎസ്എൽ വളരെ എളുപ്പമാകുമെന്ന തന്റെ പ്രതീക്ഷകൾ തെറ്റിയെന്നാണ് താരം പറയുന്നത്.

“ഇവിടേക്ക് വരുന്നതിനു മുൻപ് ഞാൻ കരുതിയത് ഐഎസ്എൽ വളരെ എളുപ്പമുള്ള ഒരു ലീഗായിരിക്കും എന്നാണ്. ഇവിടെ ഗോളുകൾ അടിച്ചു കൂട്ടാനും കിരീടങ്ങൾ നേടാനും എളുപ്പമാകുമെന്നും എല്ലാം വളരെ രസകരമായിരിക്കുമെന്നും ഞാൻ കരുതി. എന്നാൽ ഇവിടെ മത്സരങ്ങളിൽ വിജയിക്കാനും കിരീടങ്ങൾ നേടാനും വളരെ ബുദ്ധിമുട്ടാണ്, ഈ ലീഗിന്റെ നിലവാരം വളരെ ഉയർന്ന നിലയിലാണുള്ളത്. അതെന്നിൽ വളരെയധികം മതിപ്പുണ്ടാക്കിയ കാര്യമാണ്.”

“ഇവിടെ കളിക്കുന്ന താരങ്ങളുടെ നിലവാരവും മൈതാനങ്ങളുടെ നിലവാരവും മികച്ച രീതിയിലുള്ള സംഘാടനവുമെല്ലാം എടുത്തു പറയേണ്ട കാര്യങ്ങളാണ്. ഇതെല്ലാം ലീഗിനും ഇന്ത്യൻ ഫുട്ബോളിനും ഗുണം ചെയ്യുമെന്നതിൽ സംശയമില്ല. ഇന്ത്യൻ ഫുട്ബോളിന് ഇനിയും ഒരുപാട് വളർച്ച നേടാൻ കഴിയും, പക്ഷെ മെച്ചപ്പെടാൻ സമയം വേണം. ഈ ലീഗ് ശരിയായ ദിശയിലൂടെയാണ് മുന്നോട്ടു പോകുന്നത്. ഇന്ത്യൻ ഫുട്ബോളിൽ മികച്ച താരങ്ങളും മികച്ച പരിശീലകരുമുണ്ട്.” അഡ്രിയാൻ ലൂണ പറഞ്ഞു.

ലൂണ ഇന്ത്യൻ ഫുട്ബോളിനെ പ്രശംസിച്ച് സംസാരിക്കുന്നുണ്ടെങ്കിലും അക്കാര്യത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ മുഴുവനായും തൃപ്‌തരാകില്ല എന്നുറപ്പാണ്. ഐഎസ്എൽ പത്താമത്തെ സീസൺ ആരംഭിച്ച ഘട്ടത്തിലും റഫറിമാരുടെ നിലവാരത്തിൽ യാതൊരു മാറ്റവും വന്നിട്ടില്ലെന്നതാണ് കാരണം. അതിനു പുറമെ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിനെതിരെ ഇന്ത്യൻ സൂപ്പർ ലീഗ് അധികൃതർ പ്രതികാരനടപടി എന്നതു പോലെ തീരുമാനങ്ങൾ എടുക്കുന്നതും ആരാധകരെ ചോദിപ്പിക്കുന്നുണ്ട്.

Adrian Luna Talks About His Move To ISL