അരങ്ങേറ്റത്തിൽ ഇരുപത്തിമൂന്നാം സെക്കൻഡിൽ വിജയഗോൾ, പതിനേഴുകാരൻ ബാഴ്‌സലോണയുടെ ഹീറോ | Barcelona

കഴിഞ്ഞ ഏതാനും വർഷങ്ങളായി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന ബാഴ്‌സലോണക്ക് ടീമിനെ കരുത്തുറ്റതാക്കുന്നതിൽ ഒരുപാട് പരിമിതികളുണ്ട്. പലപ്പോഴും ഫ്രീ ഏജന്റായ താരങ്ങളെയും, കുറഞ്ഞ പ്രതിഫലം വാങ്ങുന്ന താരങ്ങളെയും ടീമിലെത്തിച്ചാണ് ബാഴ്‌സലോണ ഇറങ്ങാറുള്ളത്. എങ്കിലും പ്രകടനത്തിന്റെ കാര്യത്തിൽ ബാഴ്‌സലോണ മികച്ചു തന്നെയാണ് നിൽക്കുന്നത്. സാവി പരിശീലകനായി എത്തിയതിനു ശേഷം കഴിഞ്ഞ സീസണിൽ ലീഗ് അടക്കം രണ്ടു കിരീടങ്ങൾ ബാഴ്‌സലോണ നേടുകയുണ്ടായി.

സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന ബാഴ്‌സലോണക്ക് പലപ്പോഴും പരിക്കിന്റെ പ്രശ്‌നങ്ങളും തിരിച്ചടി നൽകാറുണ്ട്. കഴിഞ്ഞ സീസണിൽ ചാമ്പ്യൻസ് ലീഗിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ ടീം പുറത്തു പോകാൻ പ്രധാന കാരണമായത് നിരവധി വമ്പൻ താരങ്ങളുടെ പരിക്കുകളായിരുന്നു. ഈ സീസണിലും സമാനമായ സാഹചര്യമാണ് ബാഴ്‌സലോണ നേരിടുന്നത്. ഫസ്റ്റ് ടീമിൽ ഇറങ്ങേണ്ട അഞ്ചു താരങ്ങളാണ് നിലവിൽ പരിക്ക് കാരണം പുറത്തിരിക്കുന്നത്.

എന്നാൽ ലോകഫുട്ബോളിലെ ഏറ്റവും മികച്ച അക്കാദമികളിൽ ഒന്നായ ലാ മാസിയ ഈ സമയത്തെല്ലാം ബാഴ്‌സലോണയുടെ സഹായത്തിനെത്താറുണ്ട്. ഇന്നലെ അത്‌ലറ്റിക് ബിൽബാവോക്കെതിരെ നടന്ന മത്സരത്തിലും ബാഴ്‌സലോണയെ സഹായിച്ചത് ലാ മാസിയ അക്കാദമിയിൽ നിന്നുള്ള താരമായിരുന്നു. സ്വന്തം മൈതാനത്ത് നടന്ന മത്സരത്തിൽ എഴുപത്തിയൊമ്പത് മിനുട്ട് വരെയും ബാഴ്‌സലോണക്ക് ഗോൾ നേടാൻ കഴിഞ്ഞില്ലെങ്കിലും അതിനു ശേഷം ഒരു ഗോളിന്റെ വിജയം ടീം സ്വന്തമാക്കിയപ്പോൾ അത് നേടിയത് ലാ മാസിയ താരമായിരുന്നു.

മത്സരത്തിൽ എഴുപത്തിയൊമ്പതാം മിനുട്ടിലാണ് ലാ മാസിയ താരമായ മാർക് ഗുയുവിനെ സാവി കളത്തിലിറക്കുന്നത്. ,മൈതാനത്തിറങ്ങി വെറും ഇരുപത്തിമൂന്ന് സെക്കൻഡ് ആയപ്പോൾ തന്നെ പതിനേഴുകാരനായ താരം ബാഴ്‌സലോണയുടെ വിജയഗോൾ നേടി. പോർച്ചുഗൽ താരമായ ജോവോ ഫെലിക്‌സിന്റെ പാസ് സ്വീകരിച്ചാണ് മികച്ചൊരു ഫിനിഷിംഗിലൂടെ ഗുയു ബാഴ്‌സലോണക്ക് നിർണായകമായ മത്സരത്തിൽ വിജയം നേടിക്കൊടുത്തത്.

മത്സരത്തിൽ വിജയം നേടിയതോടെ ഈ സീസണിൽ ഒരു മത്സരത്തിൽ പോലും തോൽവി അറിഞ്ഞിട്ടില്ലെന്ന റെക്കോർഡ് നിലനിർത്താൻ ബാഴ്‌സലോണക്ക് കഴിഞ്ഞു. വിജയം കുറിച്ചതോടെ നിലവിൽ സ്‌പാനിഷ്‌ ലീഗിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറാനും ബാഴ്‌സലോണയ്ക്ക് കഴിഞ്ഞു. അടുത്ത മത്സരത്തിൽ റയൽ മാഡ്രിഡിനെതിരെ വിജയിച്ചാൽ അവരെ മറികടക്കാൻ ബാഴ്‌സലോണക്ക് കഴിയും. അതിനു മുൻപേ യുക്രൈൻ ക്ലബായ ഷാക്തറിനെതിരെ ചാമ്പ്യൻസ് ലീഗിൽ ബാഴ്‌സലോണ ഇറങ്ങുന്നുണ്ട്.

Marc Guiu Scored On His Barcelona Debut