ആഞ്ഞടിക്കേണ്ട അവസാന മിനിറ്റുകളിൽ തളർന്നു പോകുന്ന കേരള ബ്ലാസ്റ്റേഴ്‌സ്, ഗുരുതരമായ പ്രശ്‌നം ചൂണ്ടിക്കാട്ടി പരിശീലകൻ | Kerala Blasters

ഇന്നലെ നടന്ന ഐഎസ്എൽ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സിന് നിരാശപ്പെടുത്തുന്ന സമനില വഴങ്ങേണ്ടി വന്നിരുന്നു. മത്സരത്തിൽ നോർത്ത്ഈസ്‌റ്റാണ്‌ മുന്നിലെത്തിയതെങ്കിലും അതിനു ശേഷം പൂർണമായും ആധിപത്യം പുലർത്തിയ കേരള ബ്ലാസ്റ്റേഴ്‌സ് നിരവധി അവസരങ്ങളാണ് സ്വന്തം മൈതാനത്ത് ഉണ്ടാക്കിയത്. എന്നാൽ നിർഭാഗ്യവും പെനാൽറ്റി അനുവദിക്കാതിരുന്നത് അടക്കമുള്ള റഫറിയുടെ തെറ്റായ തീരുമാനങ്ങളും മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് അർഹിച്ച വിജയം നിഷേധിക്കുകയായിരുന്നു.

ഒരു ഗോൾ വഴങ്ങിയതോടെയാണ് ബ്ലാസ്റ്റേഴ്‌സ് യഥാർത്ഥ രൂപം പുറത്തെടുത്തത്. ശക്തമായ ആക്രമണങ്ങൾ അതിനു ശേഷം പുറത്തെടുത്ത ടീമിന്റെ രണ്ടു ഷോട്ടുകൾ പോസ്റ്റിലടിച്ച് പുറത്തു പോയിരുന്നു. അതിനു ശേഷമാണ് പെപ്രയെ ബോക്‌സിൽ വീഴ്ത്തിയതിനുള്ള ഒരു പെനാൽറ്റി റഫറി നിഷേധിച്ചത്. ആദ്യപകുതിയിൽ ബ്ലാസ്റ്റേഴ്‌സിന് സമനില ഗോൾ നേടാൻ കഴിഞ്ഞില്ലെങ്കിലും രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ഡാനിഷ് ഫാറൂഖിലൂടെ ബ്ലാസ്റ്റേഴ്‌സ് തിരിച്ചടിച്ചു.

തങ്ങളുടെ നിരന്തരമായ അധ്വാനത്തിന് ഫലം കണ്ടാൽ അത് താരങ്ങളെ കൂടുതൽ ഉത്തേജിപ്പിക്കുകയാണ് സാധാരണ ചെയ്യാറുള്ളത്. എന്നാൽ ബ്ലാസ്റ്റേഴ്‌സിന്റെ കാര്യത്തിൽ നേരെ വിപരീതമായ ഫലമാണ് ഉണ്ടായത്. സമനില ഗോൾ നേടിയതിനു ശേഷം പിന്നീട് ഒരിക്കൽ പോലും ആദ്യപകുതിയിൽ ഉണ്ടായത് പോലെ നിരന്തരമായ ആക്രമണങ്ങൾ ബ്ലാസ്റ്റേഴ്‌സ് സംഘടിപ്പിച്ചില്ല. പുതിയ താരങ്ങളെ ഇറക്കിയെങ്കിലും അവസാന നിമിഷങ്ങളിൽ ആഞ്ഞടിക്കേണ്ട ടീമിന് കാര്യമായി ഒന്നും ചെയ്യാൻ കഴിഞ്ഞില്ലെന്നതാണ് സത്യം.

മത്സരത്തിന് ശേഷം ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഫ്രാങ്ക് ദോവനും ഇക്കാര്യം സൂചിപ്പിച്ചിരുന്നു. “മത്സരത്തിൽ സമനില നേടിയതിനു ശേഷം ടീമിന്റെ താളം നഷ്‌ടമായിരുന്നു. അതിന്റെ കാരണമെന്താണെന്ന് എനിക്ക് മനസിലായില്ല. ഫൈനൽ തേർഡിലുള്ള ഞങ്ങളുടെ ആക്രമണങ്ങൾ ഒന്നുകൂടി മികച്ചതാക്കാൻ പ്രയത്നിക്കേണ്ടത് അത്യാവശ്യമാണ്.” അദ്ദേഹം പറഞ്ഞു. മത്സരത്തിൽ പ്രധാന താരങ്ങളെ നഷ്‌ടമായെങ്കിലും പകരക്കാർ മികച്ച പ്രകടനം നടത്തിയെന്നും ദോവൻ പറഞ്ഞു.

വിജയത്തിനായി പൊരുതേണ്ട അവസാനമിനുട്ടുകളിൽ ബ്ലാസ്റ്റേഴ്‌സ് ആക്രമണങ്ങൾക്ക് ശക്തി കുറഞ്ഞു പോകുന്നത് ഇത് ആദ്യമായല്ല. മുംബൈ സിറ്റിക്കെതിരായ കഴിഞ്ഞ മത്സരത്തിൽ മുംബൈ രണ്ടാമത്തെ ഗോൾ നേടിയതിനു ശേഷം ബ്ലാസ്റ്റേഴ്‌സ് ആക്രമങ്ങൾക്ക് ശക്തി കൂടുകയല്ല, മറിച്ച് മുന്നേറ്റങ്ങൾ ഒന്നുമില്ലാത്ത സാഹചര്യത്തിലേക്കാണ് ടീം പോയത്. ഇതിനൊരു പരിഹാരം കാണേണ്ടത് അനിവാര്യമാണെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.

Kerala Blasters Tempo Went Down In Final Minutes