പ്രതീക്ഷകൾ വർധിച്ചപ്പോഴേക്കും ബ്ലാസ്റ്റേഴ്‌സിന് മറ്റൊരു മുട്ടൻ പണി കൂടി, ടീമിന്റെ പ്രധാനതാരം പ്ലേ ഓഫ് കളിക്കില്ല | Naocha Singh

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പ്ലേ ഓഫ് മത്സരങ്ങൾ ഏതാനും ദിവസങ്ങൾക്കകം ആരംഭിക്കാൻ പോവുകയാണ്. സീസണിന്റെ രണ്ടാം പകുതിയിൽ മോശം പ്രകടനം നടത്തിയ ബ്ലാസ്‌റ്റേഴ്‌സിനെ കുറിച്ച് ആരാധകർക്ക് ഒരുപാട് ആശങ്കകളുണ്ട്. നിരവധി താരങ്ങൾ പരിക്കേറ്റു പുറത്തു പോയതാണ് ടീമിന്റെ പ്രകടനം മോശമാകാൻ കാരണമെങ്കിലും പ്ലേ ഓഫിൽ അവരിൽ ചിലർ തിരിച്ചു വരുമെന്നത് പ്രതീക്ഷയാണ്.

ടീമിന്റെ നായകനായ അഡ്രിയാൻ ലൂണ, ഫുൾ ബാക്കായ ഐബാൻ എന്നിവരാണ് പ്ലേ ഓഫ് മത്സരങ്ങൾക്കായി രജിസ്റ്റർ ചെയ്യപ്പെട്ടിരിക്കുന്ന, പരിക്കിന്റെ പിടിയിലായിരുന്ന താരങ്ങൾ. ഇവരുടെ തിരിച്ചു വരവിൽ ആരാധകർ സന്തോഷിക്കുന്നതിനിടയിൽ മറ്റൊരു മുട്ടൻ പണി ബ്ലാസ്റ്റേഴ്‌സിന് ലഭിച്ചിട്ടുണ്ട്. ടീമിന്റെ പ്രധാന ലെഫ്റ്റ് ബാക്ക് നവോച്ച സിങ്ങിന് വിലക്ക് വന്നിരിക്കുകയാണിപ്പോൾ.

ഈസ്റ്റ് ബംഗാളിനെതിരെ നടന്ന മത്സരത്തിൽ എതിർടീമിന്റെ താരത്തെ തല കൊണ്ടിടിച്ചതിനെ തുടർന്ന് താരത്തിന് ചുവപ്പുകാർഡ് ലഭിച്ചിരുന്നു. അതിനു ശേഷമുള്ള രണ്ടു മത്സരങ്ങളിലും താരം കളിച്ചിരുന്നില്ല. ഇന്നലെ എഐഎഫ്എഫിന്റെ അച്ചടക്കനടപടി വന്നപ്പോൾ മൂന്നു മത്സരങ്ങൾ വിലക്കും ഇരുപതിനായിരം പിഴയും തീരുമാനിച്ചിട്ടുണ്ട്. ഇതോടെ ഒഡിഷക്കെതിരായ മത്സരം കൂടി താരത്തിന് നഷ്‌ടമാകും.

കേരള ബ്ലാസ്റ്റേഴ്‌സിൽ ഐബാൻ, നവോച്ച സിങ് എന്നിവരാണ് പ്രധാന ലെഫ്റ്റ് ബാക്കുകൾ. ഐബാൻ പരിക്കേറ്റു പുറത്തായ സാഹചര്യത്തിൽ നവോച്ച സിങ് ടീമിനായി മികച്ച പ്രകടനമാണ് നടത്തിയിരുന്നത്. ഐബാൻ പ്ലേ ഓഫ് മത്സരങ്ങൾക്കായി രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണെങ്കിലും മാസങ്ങളായി പുറത്തിരിക്കുന്ന താരത്തിന് പെട്ടന്ന് ഉത്തരവാദിത്വം നൽകാൻ കഴിയില്ലെന്നത് ടീമിന് പ്രതിസന്ധി നൽകുന്നു.

നവോച്ച സിങ് ഇല്ലാതിരുന്ന കഴിഞ്ഞ രണ്ടു മത്സരങ്ങളിലും മധ്യനിര താരമായ മുഹമ്മദ് ആസ്ഹറാണ് ലെഫ്റ്റ് ബാക്കായി ആദ്യ ഇലവനിൽ ഇറങ്ങിയിരുന്നത്. എന്നാൽ ഒരു സുപ്രധാന മത്സരത്തിൽ ആ പരീക്ഷണം ഇവാൻ നടത്തുമോയെന്ന് ഉറപ്പില്ല. ഒന്നുകിൽ സന്ദീപ് സിംഗിനെ ആ പൊസിഷനിൽ കളിപ്പിക്കുകയോ അല്ലെങ്കിൽ അരിത്ര ദാസിന് അവസരം നൽകുകയോ ആയിരിക്കും ഇവാൻ ചെയ്യുക.

Naocha Singh Suspended For 3 Matches By AIFF