ഹൈദെരാബാദിനെതിരെ വിജയം പ്രതീക്ഷിക്കാം, നോഹയുടെ തിരിച്ചുവരവിന്റെ സൂചന നൽകി മൈക്കൽ സ്റ്റാറെ

സ്റ്റാറെക്കു കീഴിലുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ പ്രകടനം മികച്ചതാണെങ്കിലും മത്സരഫലങ്ങളിൽ അത് പ്രതിഫലിക്കുന്നില്ല. വ്യക്തിഗത പിഴവുകൾ വീണ്ടും വീണ്ടും തിരിച്ചടി നൽകിയപ്പോൾ അർഹിച്ച പത്തോളം പോയിന്റാണ് കേരള ബ്ലാസ്റ്റേഴ്‌സിന് നഷ്‌ടമായത്‌.

കഴിഞ്ഞ രണ്ടു മത്സരങ്ങളിൽ നോഹ സദോയി ഇല്ലാതിരുന്നതും കേരള ബ്ലാസ്റ്റേഴ്‌സിനു തിരിച്ചടി നൽകിയ കാര്യമായിരുന്നു. ടീമിന്റെ ഏറ്റവും പ്രധാനപ്പെട്ട താരം പുറത്തിരുന്ന രണ്ടു മത്സരങ്ങളിലും മികച്ച പ്രകടനം നടത്തിയെങ്കിലും തോൽവിയായിരുന്നു ഫലം.

നോഹ ഹൈദെരാബാദിനെതിരെ (Kerala Blasters Vs Hyderabad FC) കളിക്കുമോയെന്ന കാര്യത്തിൽ സ്റ്റാറെ ഏതാനും ദിവസങ്ങൾക്കു മുൻപ് അനുകൂലമായല്ല പ്രതികരിച്ചത്. എന്നാൽ ഇന്ന് മാധ്യമങ്ങളെ കണ്ടപ്പോൾ നോഹ കളിക്കാനുള്ള സാധ്യതയുണ്ടെന്നാണു ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ അറിയിച്ചത്.

നോഹ തിരിച്ചു വരുമ്പോൾ മുന്നേറ്റനിരയിൽ മറ്റൊരു താരത്തിന്റെ അസാന്നിധ്യം ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയാണ്. കഴിഞ്ഞ മത്സരത്തിൽ അനാവശ്യമായി ചുവപ്പുകാർഡ് നേടിയ ക്വാമേ പെപ്രക്ക് നാളെ കൊച്ചിയിൽ നടക്കുന്ന മത്സരം നഷ്‌ടമാകും.

പോയിന്റ് ടേബിളിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ തൊട്ടു പിന്നിലാണ് ഹൈദരാബാദെങ്കിലും അവരുടെ പ്രകടനം മോശമാണ്. അതുകൊണ്ടു തന്നെ നാളത്തെ (Kerala Blasters Next Match) മത്സരത്തിൽ സ്വന്തം മൈതാനത്ത് വിജയിക്കാൻ കഴിയുമെന്ന പ്രതീക്ഷ ബ്ലാസ്റ്റേഴ്‌സിനുണ്ട്.