സിദാനെ അധിക്ഷേപിച്ച ഫ്രഞ്ച് ഫുട്ബോൾ പ്രസിഡന്റ് പുറത്ത്, ദെഷാംപ്സിന്റെ കരാർ നീട്ടിയത് പുനഃപരിശോധിക്കും
ഫ്രഞ്ച് ഫുട്ബോളിൽ എന്തൊക്കെയോ അസ്വാരസ്യങ്ങൾ പുകയുന്നതിന്റെ ലക്ഷണങ്ങൾ ലോകകപ്പിനിടയിൽ തന്നെ തുടങ്ങിയതായിരുന്നു. പരിക്ക് മാറിയിട്ടും ബെൻസിമയെ ലോകകപ്പ് ടീമിലേക്ക് തിരിച്ചു വിളിക്കാതിരുന്നതും ദെഷാംപ്സിന് പുതിയ കരാർ നൽകിയതിനു ശേഷം ലാ ഗ്രെയ്റ്റ് സിദാനെ അധിക്ഷേപിച്ച് നടത്തിയ പരാമർശങ്ങളും അതിനെതിരെ എംബാപ്പെ അടക്കമുള്ള താരങ്ങൾ രംഗത്തു വന്നതുമെല്ലാം അതിനു ഉദാഹരണമാണ്. സിദാനെതിരായ മര്യാദയില്ലാത്ത സംസാരത്തിനു പിന്നീട് ഫ്രഞ്ച് ഫുട്ബോൾ പ്രസിഡന്റ് ക്ഷമാപണം നടത്തുകയും ചെയ്തിരുന്നു.
ലോകകപ്പിന് ശേഷം സിദാൻ ഫ്രാൻസിന്റെ പരിശീലകനാവുമെന്ന അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും അടുത്ത ലോകകപ്പ് വരെ ദെഷാംപ്സിന്റെ കരാർ നീട്ടുകയാണ് ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷൻ ചെയ്തത്. എന്നാൽ ഈ തീരുമാനത്തിൽ ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷനിലെ തന്നെ ചില അംഗങ്ങൾക്ക് അതൃപ്തിയുണ്ടെന്നാണ് ഫ്രാൻസിലെ പ്രമുഖ മാധ്യമമായ എൽഎക്വിപ്പെ വെളിപ്പെടുത്തുന്നത്. തങ്ങളുടെ പൂർണമായ അറിവില്ലാതെയാണ് ദിദിയർ ദെഷാംപ്സിന്റെ കരാർ 2026 വരെ പുതുക്കിയതെന്നാണ് ഇവർ പറയുന്നത്. ഇതു കാരണം ദെഷാംപ്സിന്റെ കരാർ പുനഃപരിശോധിക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു.
ദെഷാംപ്സിന് ഇത്രയും ദൈർഘ്യമുള്ള കരാറാണ് നൽകുന്നതെന്ന് കമ്മിറ്റിയിലെ പല അംഗങ്ങളും അറിഞ്ഞിട്ടില്ല. കരാർ നൽകുന്നതിന് ഇരുപത്തിനാലു മണിക്കൂർ മുൻപ് മാത്രമാണ് പുതിയ കോൺട്രാക്റ്റിന്റെ കാര്യം അംഗങ്ങൾ അറിയുന്നത്. അതിനാൽ നിലവിലെ കരാറിൽ മാറ്റം വരുത്തണമെന്നും ഈ അംഗങ്ങൾ ആവശ്യപ്പെടുന്നു. 2024ൽ നടക്കുന്ന യൂറോപ്യൻ ചാമ്പ്യൻഷിപ്പോടെ ദെഷാംപ്സിന്റെ കരാർ അവസാനിക്കുന്ന തരത്തിൽ മാറ്റാനാണ് അവർ ആലോചിക്കുന്നത്. ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് ലാ ഗ്രെയ്റ്റിന്റെ കാലാവധി അപ്പോൾ അവസാനിക്കുമെന്നായിരുന്നു അവർ കണക്കു കൂട്ടിയത്.
🚨 The Executive Committee of the FFF will review the contract extension of Didier Deschamps tomorrow!
— Transfer News Live (@DeadlineDayLive) January 10, 2023
Some hope to make adjustments to the contract that would allow any new FFF president to part ways with Deschamps after EURO 2024.
(Source: @lequipe) pic.twitter.com/4HIosCfYPa
എന്നാൽ ലാ ഗ്രെയ്റ്റ് 2024 വരെ തൽസ്ഥാനത്ത് തുടരില്ലെന്ന് തീരുമാനമായിട്ടുണ്ട്. അദ്ദേഹത്തിനെതിരെ ഫുട്ബോൾ ഏജന്റായ സോണിയ സൂയ്ദ് ലൈംഗികമായുള്ള അതിക്രമം അടക്കമുള്ള പരാതികൾ ഉന്നയിച്ചതിനെ തുടർന്ന് തൽസ്ഥാനത്തു നിന്നും നീക്കം ചെയ്തു. അടുത്തിടെ നടത്തിയ ഒരു അഭിമുഖത്തിൽ തന്നെ ലൈംഗികമായ കണ്ണോടെ മാത്രമാണ് അദ്ദേഹം കണ്ടിട്ടുള്ളതെന്നാണ് സോണിയ സൂയ്ദ് വെളിപ്പെടുത്തിയത്. ഇതിനോട് ഇതുവരെയും ലാ ഗ്രെയ്റ്റ് പ്രതികരിച്ചിട്ടില്ല. ഇതിനു പുറമെ ഓഡിറ്റ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടില്ലെന്ന ആരോപണവും ഗ്രെയ്റ്റിനെതിരെ ഉണ്ട്. ഇപ്പോൾ അദ്ദേഹത്തെ പുറത്താക്കുകയും ചെയ്തിരിക്കുന്നു.
🚨🚨 OFFICIEL ! NOËL LE GRAËT EST ÉCARTÉ DE LA FFF ! ❌ pic.twitter.com/KY3KUjiFk3
— BeFootball (@_BeFootball) January 11, 2023
നിലവിലെ സംഭവവികാസങ്ങൾ സിനദിൻ സിദാന് പ്രതീക്ഷയാണ്. ഫ്രാൻസിന്റെ പരിശീലകനാവുകയെന്നത് സിദാന്റെ വളരെക്കാലമായുള്ള ആഗ്രഹമാണ്. അതിനു വേണ്ടി ക്ലബുകളുടെ ഓഫറുകൾ തഴഞ്ഞ് അദ്ദേഹം കാത്തിരിക്കുകയായിരുന്നു. എന്നാൽ ദെഷാംപ്സിന്റെ കരാർ പുനഃപരിശോധിച്ചാലും അടുത്ത യൂറോക്ക് ശേഷമേ സിദാന് ഫ്രാൻസ് ടീമിലെത്താൻ കഴിയൂ. അതുവരെ താരം ഏതെങ്കിലും ക്ലബ്ബിനെ പരിശീലിപ്പിക്കാൻ തയ്യാറാകുമോ എന്നറിയില്ല.