അർജന്റീനയുടെ കിരീടം നഷ്‌ടമാകുമെന്ന് ആരും സ്വപ്‌നം കാണേണ്ട, പപ്പു ഗോമസിന്റെ രണ്ടു മെഡലുകൾ തിരിച്ചു വാങ്ങിയേക്കും | Papu Gomez

ഖത്തർ ലോകകപ്പിൽ അർജന്റീനയുടെ കിരീടനേട്ടത്തിൽ പങ്കാളിയായ പപ്പു ഗോമസിനു നൽകിയ വിലക്കാണ് ഇപ്പോൾ ഫുട്ബോൾ ലോകത്തെ പ്രധാനപ്പെട്ട ചർച്ച. ലോകകപ്പിന് തൊട്ടു മുൻപ് ഉത്തേജകമരുന്ന് ഉപയോഗിച്ചു എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അർജന്റീന താരത്തെ ആന്റി ഡോപ്പിംഗ് കമ്മിറ്റി കഴിഞ്ഞ ദിവസം വിലക്കിയത്. രണ്ടു വർഷത്തെ വിലക്കാണ് മുപ്പത്തിയഞ്ചുകാരനായ അർജന്റീന താരത്തിന് ലഭിച്ചിരിക്കുന്നത് എന്നതിനാൽ ഇനി കരിയറിൽ ഒരു തിരിച്ചുവരവുണ്ടാകാനുള്ള സാധ്യത കുറവാണ്.

ഖത്തർ ലോകകപ്പിൽ രണ്ടു മത്സരങ്ങളിലാണ് പപ്പു ഗോമസ് കളത്തിലിറങ്ങിയത്. സൗദി അറേബ്യക്കെതിരെ താരം ആദ്യ ഇലവനിൽ ഇറങ്ങിയ മത്സരത്തിൽ അർജന്റീന ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽവി വഴങ്ങിയിരുന്നു. ഏഞ്ചൽ ഡി മരിയക്ക് പരിക്ക് പറ്റിയതിനാൽ ഓസ്‌ട്രേലിയക്കെതിരെ നടന്ന മത്സരത്തിലും താരം ആദ്യ ഇലവനിൽ ഉണ്ടായിരുന്നു. താരത്തിന് വിലക്ക് വന്നതിനാൽ അത് അർജന്റീനയുടെ കിരീടനേട്ടത്തെ ബാധിക്കുമെന്ന രീതിയിലുള്ള ചർച്ചകൾ ഇതോടെ ശക്തമായി ഉയരുകയും ചെയ്‌തു.

എന്നാൽ പപ്പു ഗോമസിന്റെ വിലക്ക് അർജന്റീനയുടെ ലോകകപ്പ് നേട്ടത്തെ യാതൊരു തരത്തിലും ബാധിക്കില്ലെന്ന കാര്യം വ്യക്തമാണ്. അതേസമയം കരിയറിലെ ഏറ്റവും വലിയ നേട്ടമായ ലോകകപ്പ് പപ്പു ഗോമസിനു നഷ്‌ടമായേക്കും. താരത്തിന് ലഭിച്ച ലോകകപ്പ് മെഡൽ തിരിച്ചു വാങ്ങാനുള്ള സാധ്യതയുണ്ട്. കഴിഞ്ഞ സീസണിൽ സ്‌പാനിഷ്‌ ക്ലബായ സെവിയ്യയുടെ താരമായ പപ്പു ഗോമസ് യൂറോപ്പ ലീഗ് നേട്ടത്തിൽ പങ്കാളിയായിരുന്നു. ആ മെഡലും താരത്തിന് നഷ്‌ടമായേക്കും.

അതേസമയം ഉത്തേജകമരുന്ന് ഉപയോഗിച്ചത് മനഃപൂർവമല്ലെന്നാണ് താരം വ്യക്തമാക്കുന്നത്. ലോകകപ്പിന് മുൻപ് തന്റെ കുട്ടികളിൽ ഒരാൾക്ക് നൽകിയ മരുന്ന് എടുത്തു കുടിച്ചതിലാണ് ഉത്തേജകമരുന്നിന്റെ സാന്നിധ്യം കണ്ടെത്തിയതെന്ന് താരവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. കുട്ടിക്കായി മരുന്ന് വാങ്ങിയതിന്റെ തെളിവുകൾ തന്റെ പക്കലുണ്ടെന്നും താരം അറിയിക്കുന്നു. നിലവിലെ വിലക്കിനെതിരെ താരം അപ്പീൽ നൽകുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല.

ഇക്കാര്യത്തിൽ എന്തെങ്കിലും ചെയ്യാൻ കഴിയുമോ എന്നത് സംബന്ധിച്ച് തന്റെ വക്കീലന്മാരുമായി പപ്പു ഗോമസ് ചർച്ചകൾ നടത്തുന്നുണ്ടെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇക്കഴിഞ്ഞ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ സെവിയ്യയുമായുള്ള കരാർ അവസാനിപ്പിച്ച ഗോമസ് ഇറ്റാലിയൻ ക്ലബായ മോൻസയിലേക്ക് ചേക്കേറിയിരുന്നു. അതേസമയം ലോകകപ്പിന് ശേഷം പിന്നീട് അർജന്റീനക്കു വേണ്ടി പപ്പു ഗോമസ് കളിച്ചിട്ടില്ല.

Papu Gomez Might Lose His World Cup Europa League Medals