ഞാൻ ആരാധിക്കുന്ന താരം ലയണൽ മെസിയാണ്, റൊണാൾഡോയെ ഒരു കാര്യത്തിൽ മാതൃകയാക്കുന്നുവെന്ന് അഡ്രിയാൻ ലൂണ | Luna

ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിനൊപ്പം മൂന്നാമത്തെ സീസണിലേക്ക് ചുവടു വെക്കുകയാണ് യുറുഗ്വായ് താരം അഡ്രിയാൻ ലൂണ. 2021ൽ മെൽബൺ സിറ്റിയിൽ നിന്നും കേരള ബ്ലാസ്റ്റേഴ്‌സിൽ എത്തിയതിനു ശേഷം പിന്നീട് ടീമിന്റെ നട്ടെല്ലായി മാറാൻ ലൂണക്ക് കഴിഞ്ഞു. ബ്ലാസ്റ്റേഴ്‌സിനൊപ്പം മൂന്നാമത്തെ സീസണിൽ ടീമിന്റെ നായകനുമായ ലൂണ തന്നെയാണ് ഈ സീസണിലും സ്‌ക്വാഡിന്റെ അച്ചുതണ്ടായി പ്രവർത്തിക്കുന്നത്. ബ്ലാസ്റ്റേഴ്‌സ് വിജയിച്ച സീസണിലെ ആദ്യത്തെ രണ്ടു മത്സരങ്ങളിലും ലൂണ ഗോൾ നേടിയിരുന്നു.

ലാറ്റിനമേരിക്കൻ രാജ്യമായ യുറുഗ്വായിൽ നിന്നും വരുന്ന ലൂണ താൻ ആരാധിക്കുന്ന താരങ്ങളെ കഴിഞ്ഞ ദിവസം വെളിപ്പെടുത്തുകയുണ്ടായി. ലാറ്റിനമേരിക്കയിലെ വിവിധ ടീമുകളിൽ നിന്നുള്ള നിരവധി താരങ്ങളെ ആരാധിക്കുന്ന ലൂണയുടെ ഏറ്റവും പ്രിയപ്പെട്ട താരം അർജന്റീന നായകൻ ലയണൽ മെസിയാണ്. എന്നാൽ മെസി ആരാധകനായതു കൊണ്ട് താരത്തിന്റെ എതിരാളിയായ റൊണാൾഡോയോട് ലൂണക്ക് യാതൊരു വിരോധവുമില്ല. ഒരു കാര്യത്തിൽ റൊണാൾഡോയെയും ലൂണ മാതൃകയാക്കുന്നുണ്ട്.

“റൊണാൾഡീന്യോ, ഡീഗോ ഫോർലാൻ എന്നിവരെയാണ് ഞാൻ ആദ്യമായി ശ്രദ്ധിച്ചിരുന്നത്. കുറച്ചുകൂടി വളർന്നപ്പോൾ ഞാൻ ലയണൽ മെസിയെ കൂടുതൽ നിരീക്ഷിക്കാൻ തുടങ്ങി, ഞാനൊരു വലിയ മെസി ആരാധകനാണ്. റൊണാൾഡോയെയും ഞാൻ ശ്രദ്ധിക്കാറുണ്ട്, പ്രധാനമായും ഫ്രീ കിക്കുകൾ എടുക്കുന്ന കാര്യത്തിൽ. ഏത് ആംഗിളിൽ നിന്നും എങ്ങിനെയാണ് താരം ഫ്രീ കിക്കുകൾ എടുക്കുന്നതെന്ന് നോക്കാൻ ഞാൻ ഒരുപാട് സമയം ചിലവഴിച്ചിട്ടുണ്ട്. ഫ്രീകിക്കിലെ എന്റെ ടെക്‌നിക്ക് വന്നത് അവിടെ നിന്നാണ്.” ലൂണ പറഞ്ഞു.

ക്രിസ്റ്റ്യാനോ റൊണാൾഡോ ഫ്രീകിക്കിൽ ഒരുപാട് ഉപയോഗിച്ചിട്ടുള്ള ഒരു രീതിയാണ് നക്കിൾ ബോൾ ടെക്‌നിക്ക്. പ്രത്യേക രീതിയിൽ പന്തിനെ കിക്ക് ചെയ്‌ത്‌ വായുവിൽ വെച്ചു തന്നെ പന്തിന്റെ ദിശയിൽ മാറ്റം വരുത്തി ഗോൾകീപ്പറെ പൂർണമായും കബളിപ്പിക്കുന്ന രീതിയാണത്. ഈ ടെക്‌നിക്ക് അഡ്രിയാൻ ലൂണ പലപ്പോഴും ഉപയോഗിച്ചിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്‌സിന് വേണ്ടി കളിക്കുമ്പോൾ ഈ ടെക്‌നിക്ക് ഉപയോഗിച്ച ലൂണയെ റൊണാൾഡോയുമായി ആരാധകർ താരതമ്യം ചെയ്‌തിട്ടുണ്ടായിരുന്നു.

ഫ്രീകിക്കിന്റെ കാര്യത്തിൽ റൊണാൾഡോയെ അനുകരിക്കുന്ന ലൂണ കളിക്കളത്തിൽ മെസിയുടെ രീതിയാണ് പിന്തുടരുന്നതെന്നത് ഏവർക്കുമറിയാവുന്ന കാര്യമാണ്. ഒരേസമയം ഗോളുകൾ അടിക്കാനും ഗോളടിക്കാൻ അവസരങ്ങൾ ഒരുക്കാനും മധ്യനിരയിൽ നിന്നും മുന്നേറി വന്നു ടീമിന്റെ മൊത്തം കളിയെ ചലിപ്പിക്കാനും ലൂണക്ക് കഴിയാറുണ്ട്. ഇനി മെസിയെപ്പോലെ ടീമിന് കിരീടങ്ങൾ കൂടി താരം സ്വന്തമാക്കി നൽകാനാണ് ആരാധകർ ആഗ്രഹിക്കുന്നത്.

Adrian Luna Reveals He Is big Fan Of Messi