മത്സരത്തിനായി 24 മണിക്കൂർ മാത്രമുള്ളപ്പോൾ വിലക്ക് പ്രഖ്യാപനം, ബ്ലാസ്‌റ്റേഴ്‌സിനെ തകർക്കാനുള്ള ഗൂഢനീക്കമെന്നതിൽ സംശയമില്ല | AIFF

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചാണ് കഴിഞ്ഞ ദിവസം എഐഎഫ്എഫ് അച്ചടക്കസമിതി ടീമിന്റെ ഫുൾ ബാക്കായ പ്രബീർ ദാസിനെ വിലക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. മുംബൈ സിറ്റിക്കെതിരെ നടന്ന മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ താരം നിയന്ത്രണം വിട്ടു പെരുമാറിയതിനെ തുടർന്നാണ് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ താരത്തെ വിലക്കിയത്. മൂന്നു മത്സരങ്ങളിൽ നിന്നും താരത്തെ വിലക്കിയ തീരുമാനം കേരള ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടി നൽകുമെന്നതിൽ സംശയമില്ല.

അതേസമയം ഈ അച്ചടക്കനടപടി ഒരു പ്രതികാരവും കേരള ബ്ലാസ്‌റ്റേഴ്‌സിനെ തളർത്താൻ വേണ്ടിയുള്ള നീക്കവുമാണ് എന്ന സംശയത്തെ സാധൂകരിക്കുന്ന നിരവധിയായ കാര്യങ്ങളുണ്ട്. മുംബൈ സിറ്റിക്കെതിരായ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ മിലോസ് ഡ്രിങ്കിച്ചിനും മുംബൈ സിറ്റിയുടെ വാൻ നീഫിനും ചുവപ്പുകാർഡ് ലഭിച്ചിരുന്നു. ഈ രണ്ടു താരങ്ങൾക്കുമുള്ള വിലക്ക് ഏതാനും ദിവസങ്ങൾക്ക് മുൻപേ പ്രഖ്യാപിച്ചപ്പോൾ പ്രബീർ ദാസിന്റെ കാര്യം എവിടെയും പരാമർശിച്ചിരുന്നില്ല.

എന്നാൽ മത്സരത്തിന് ഇരുപത്തിനാലു മണിക്കൂർ മാത്രം ബാക്കിയുള്ളപ്പോഴാണ് പ്രബീർ ദാസിന്റെ വിലക്ക് പ്രഖ്യാപിക്കുന്നത്. മുംബൈ സിറ്റിക്കെതിരായ മത്സരത്തിൽ റഫറിക്കെതിരെ നിയന്ത്രണം വിട്ടു പെരുമാറിയതിനെ തുടർന്നാണ് പ്രബീർ ദാസിനെതിരെ നടപടി എടുത്തത്. എന്നാൽ മിലോസിനും വാൻ നീഫിനും ഏതാനും ദിവസം മുൻപേ വിലക്ക് നൽകിയ എഐഎഫ്എഫ് പ്രബീർ ദാസിന്റെ കാര്യത്തിൽ മത്സരത്തിന്റെ തലേ ദിവസം വരെ കാത്തിരുന്നത് എന്തിനാണെന്ന ചോദ്യം ഉയരുന്നുണ്ട്.

മത്സരത്തിന് ഒരു ദിവസം മാത്രം ബാക്കിയുള്ളപ്പോൾ വന്ന ഈ വിലക്ക് കേരള ബ്ലാസ്റ്റേഴ്‌സിന്റെ മത്സരത്തിനുള്ള പദ്ധതികളെ പ്രതികൂലമായി ബാധിക്കുമെന്ന കാര്യത്തിൽ സംശയമില്ല. ഇന്നത്തെ മത്സരത്തിൽ പ്രബീർ ദാസായിരിക്കും റൈറ്റ് വിങ് ബാക്ക് സ്ഥാനത്ത് കളിക്കുക എന്ന സാഹചര്യത്തിൽ പൊടുന്നനെ മാറ്റം വന്നതോടെ പകരക്കാരനായി മറ്റൊരു താരത്തെ ഇറക്കുന്നതിനായി ടീം ലൈനപ്പ് തന്നെ ചിലപ്പോൾ പൊളിച്ചെഴുതേണ്ടി വരുമെന്നത് ടീമിന് തിരിച്ചടി തന്നെയാണ്.

അതിനു പുറമെ എഐഎഫ്എഫ് ബ്ലാസ്‌റ്റേഴ്‌സിനെ തിരഞ്ഞു പിടിച്ച് ആക്രമിക്കുന്നത് തെളിയിക്കുന്ന മറ്റൊരു കാര്യം കൂടിയുണ്ട്. ബെംഗളൂരു എഫ്‌സിക്കെതിരെ ഐബാനെതിരെ വംശീയമായ അധിക്ഷേപം നടന്നതിൽ പരാതി കൊടുത്തിട്ട് ഒരു ചെറുവിരൽ അനക്കാൻ പോലും അധികാരികൾ തയ്യാറായില്ല. മുംബൈക്കെതിരെ പ്രബീർ ദാസിന്റെ കഴുത്തിന് പിടിച്ച ഗ്രിഫിത്ത്‌സ് അടക്കമുള്ള താരങ്ങളെ ശിക്ഷിക്കാതിരുന്ന എഐഎഫ്എഫാണ് ഇപ്പോൾ നടപടിയുമായി വന്നിരിക്കുന്നത്.

Fans Says AIFF Taking Revenge Against Kerala Blasters