കേരളം എനിക്കിപ്പോൾ സ്വന്തം നാടാണ്, ബ്ലാസ്റ്റേഴ്‌സിൽ വിരമിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് അഡ്രിയാൻ ലൂണ | Luna

കേരള ബ്ലാസ്റ്റേഴ്‌സ് ടീമിൽ ഇതുവരെ കളിച്ചിട്ടുള്ളതിൽ ഏറ്റവും മികച്ച താരമാണ് അഡ്രിയാൻ ലൂണ. 2021ൽ ഓസ്‌ട്രേലിയൻ ക്ലബായ മെൽബൺ സിറ്റിയിൽ നിന്നും ടീമിലെത്തിയ താരം പിന്നീട് ടീമിന്റെ പ്രധാന താരമായി മാറി. തനിക്കൊപ്പം ഉണ്ടായിരുന്ന പല താരങ്ങളും ക്ലബ് വിട്ടു പോയിട്ടും ബ്ലാസ്റ്റേഴ്‌സിനൊപ്പം നിന്ന ലൂണ ഈ സീസണിൽ ടീമിന്റെ നായകനാണ്. കഴിഞ്ഞ ദിവസം കേരള ബ്ലാസ്‌റ്റേഴ്‌സിനെ കുറിച്ചും അവരുടെ ആരാധകർക്ക് തന്നോടുള്ള സ്നേഹത്തെക്കുറിച്ചും അഡ്രിയാൻ ലൂണ സംസാരിക്കുകയുണ്ടായി.

“യുറുഗ്വായ് എന്റെ സ്വന്തം നാടാണ്, നമ്മൾ എവിടെയൊക്കെ പോയാലും നമുക്ക് സ്വന്തം നാടിനെ എല്ലായിപ്പോഴും മിസ് ചെയ്യും. പക്ഷെ ഇവിടം സ്വന്തം നാട് പോലെ കേരള ബ്ലാസ്റ്റേഴ്‌സ് എനിക്ക് തോന്നിപ്പിക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് കഴിയുന്നുണ്ട്. അവർ എനിക്ക് ഒരുപാട് സ്നേഹം തരുന്നു. അതുകൊണ്ടു തന്നെ എനിക്കവരോട് വളരെയധികം സ്നേഹമുണ്ട്, അവർ എനിക്ക് തരുന്ന സ്നേഹത്തെ ഞാൻ വളരെയധികം മതിക്കുകയും ചെയ്യുന്നു.”

“ആരാധകരുടെ ഈ സ്നേഹം അനുഭവിക്കുന്നതു കൊണ്ടാണ് ഞാൻ എന്റെ ഏറ്റവും മികച്ച പ്രകടനം മൈതാനത്തു നൽകാൻ എല്ലായിപ്പോഴും ശ്രമിച്ചു കൊണ്ടിരിക്കുന്നത്. കേരളത്തിലെ ആളുകളും കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആരാധകരും എനിക്ക് വളരെയധികം പ്രിയപ്പെട്ടതാണ്, അവർക്ക് സന്തോഷം നൽകുന്നതിനായി ഞാൻ എന്റെ പരമാവധി ചെയ്യും. അവർ എന്നെ വളരെയധികം സ്നേഹിക്കുന്നു, അവർ എന്നെയും വളരെയധികം സ്നേഹിക്കുന്നു, അതുകൊണ്ടു തന്നെ ഇതൊരു നല്ല ബന്ധമാണ്.”

“ഇവിടെ വരാനുള്ള എന്റെ തീരുമാനത്തിൽ സന്തോഷമേയുള്ളൂ. ഞാൻ അക്കാര്യത്തിൽ ശരിയായ തീരുമാനമാണ് എടുത്തതെന്നതിൽ ഇപ്പോൾ സന്തോഷിക്കുന്നു. എനിക്ക് ഇന്ത്യയിൽ തന്നെ വിരമിക്കണം, കേരള ബ്ലാസ്റ്റേഴ്‌സിൽ തന്നെയായാൽ നല്ലത്. കേരള ബ്ലാസ്റ്റേഴ്‌സിൽ അതിനു കഴിഞ്ഞില്ലെങ്കിലും ഞങ്ങൾ സുഹൃത്തുക്കൾ ആയിരിക്കും, ഞങ്ങൾക്കിടയിൽ കുഴപ്പങ്ങളൊന്നും ഉണ്ടാകില്ല. ഇവിടെത്തന്നെ കരിയർ അവസാനിപ്പിക്കണമെന്നത് എന്റെ ശരിയായ തീരുമാനം തന്നെയാണ്.” ലൂണ പറഞ്ഞു.

കേരള ബ്ലാസ്റ്റേഴ്‌സിൽ മൂന്നാമത്തെ സീസൺ പിന്നിടുന്ന അഡ്രിയാൻ ലൂണ ഒരു സീസണിൽ ക്ലബ്ബിനെ ഫൈനലിൽ എത്തിച്ചിരുന്നു. കഴിഞ്ഞ സീസണിൽ പ്ലേ ഓഫ് കളിച്ച ടീം റഫറിയുടെ തെറ്റായ തീരുമാനത്തെ തുടർന്നാണ് പുറത്തു പോയത്. ലൂണയെ ഒരുപാട് സ്നേഹിക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ താരത്തിൽ നിന്നും പ്രതീക്ഷിക്കുന്നത് ഒരു കിരീടമാണ്. ഈ സീസണിൽ അത് നേടിക്കൊടുക്കാൻ താരത്തിന് കഴിയുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

Adrian Luna Wants To Retire At Kerala Blasters