വാദിയെ പ്രതിയാക്കി മാറ്റുന്ന AIFF, പ്രബീർ ദാസിനും മൂന്നു മത്സരങ്ങളിൽ വിലക്ക്; ഇത് പ്രതികാരം തന്നെ | AIFF

കേരള ബ്ലാസ്റ്റേഴ്‌സിനോട് എഐഎഫ്എഫിന് എന്താണ് ഇത്രയധികം വിരോധമെന്നു മനസിലാക്കാനേ കഴിയുന്നില്ല. മുംബൈ സിറ്റിക്കെതിരെ നടന്ന മത്സരത്തിൽ ചുവപ്പുകാർഡ് വാങ്ങി പുറത്തു പോയ മീലൊസ് ഡ്രിങ്കിച്ചിന് മൂന്നു മത്സരങ്ങളിൽ വിലക്ക് നൽകിയപ്പോൾ തന്നെ ആരാധകരിൽ പലരും നെറ്റി ചുളിച്ചിരുന്നു. പരമാവധി രണ്ടു മത്സരങ്ങളിൽ മാത്രം താരത്തിന് വിലക്ക് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് താരത്തിന് മൂന്നു മത്സരങ്ങളിൽ വിലക്കേർപ്പെടുത്താനുള്ള തീരുമാനം വരുന്നത്.

അപ്പോൾ തന്നെ ഇതൊരു പ്രതികാരനടപടിയായി പല ആരാധകരും വിലയിരുത്തിയിരുന്നു. കഴിഞ്ഞ സീസണിൽ ബെംഗളൂരു എഫ്‌സിക്കെതിരെ നടന്ന മത്സരത്തിൽ റഫറിയുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് കളിക്കളം വിട്ട ബ്ലാസ്റ്റേഴ്‌സിന് എഐഎഫ്എഫ് പിഴശിക്ഷ വിധിച്ചിരുന്നു. നാല് കോടി രൂപ പിഴശിക്ഷ വിധിച്ച എഐഎഫ്എഫ് അച്ചടക്കനടപടിയുടെ തീരുമാനത്തിനെതിരെ ബ്ലാസ്റ്റേഴ്‌സ് ഫിഫയ്ക്കും കോർട്ട് ഓഫ് ആർബിട്രേഷൻ ഓഫ് സ്പോർട്ടിനും അപ്പീൽ നൽകിയതിന്റെ രോഷമാണോ ഈ കാണിക്കുന്നതെന്ന് പലരും ചോദിച്ചു.

ഇപ്പോൾ എഐഎഫ്എഫ് തങ്ങളുടെ പ്രതികാരം നടപ്പിലാക്കുകയാണെന്ന് കൂടുതൽ വ്യക്തമാക്കി ബ്ലാസ്റ്റേഴ്‌സ് റൈറ്റ് ബാക്കായ പ്രബീർ ദാസിനും അച്ചടക്കസമിതി വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഡ്രിങ്കിച്ചിനെ പോലെ മൂന്നു മത്സരങ്ങളിലാണ് പ്രബീർ ദാസിനെയും വിലക്കിയിരിക്കുന്നത്. മുംബൈ സിറ്റിക്കെതിരായ മത്സരത്തിന്റെ അവസാന മിനിറ്റുകളിൽ ഉണ്ടായ സംഭവങ്ങൾ പരിശോധിച്ചതിൽ താരം കുറ്റക്കാരനാണെന്ന് കണ്ടെത്തിയാണ് താരത്തിന് വിലക്ക് ലഭിച്ചിരിക്കുന്നത്.

മത്സരത്തിന്റെ അവസാനമിനുട്ടുകളിൽ വളരെ രോഷത്തോടെയാണ് പ്രബീർ ദാസ് പെരുമാറിയതെന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ അതിന്റെ കാരണമെന്താണെന്ന് താരം പിന്നീട് വ്യക്തമാക്കിയിരുന്നു. തന്റെ അമ്മയെക്കുറിച്ച് മോശമായി പറഞ്ഞതാണ് അത്തരമൊരു പ്രതികരണത്തിന് കാരണമെന്നാണ് പ്രബീർ ദാസ് വ്യക്തമാക്കിയത്. അതേസമയം പ്രബീർ ദാസിന്റെ അമ്മയെ അധിക്ഷേപിക്കുകയും കഴുത്തിന് പിടിക്കുകയും ചെയ്‌ത റോസ്റ്റിൻ ഗ്രിഫിത്സിനെതിരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നത് ശ്രദ്ധേയമാണ്.

പ്രബീർ ദാസിന് വിലക്ക് ലഭിച്ചതോടെ അടുത്ത മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ നില കൂടുതൽ പരുങ്ങലിലായിട്ടുണ്ട്. മിലോസ്, പ്രബീർ, ലെസ്‌കോവിച്ച് എന്നീ പ്രതിരോധ താരങ്ങൾ അടുത്ത മത്സരത്തിൽ ഉണ്ടാകില്ലെന്ന് ഇതോടെ ഉറപ്പായി. ഇവർക്ക് പുറമെ ഐബാൻ, ജീക്സൺ എന്നീ താരങ്ങളും പുറത്താണ്. അതുകൊണ്ടു തന്നെ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരായ മത്സരം ബ്ലാസ്‌റ്റേഴ്‌സിനെ സംബന്ധിച്ച് കടുപ്പമേറിയതായി മാറാനുള്ള സാധ്യതയാണ് കാണുന്നത്.

AIFF Suspend Prabir Das For 3 Matches