ലോകകപ്പിനു തൊട്ടു മുൻപ് അർജന്റീന താരം നിരോധിത മരുന്ന് ഉപയോഗിച്ചു, രണ്ടു വർഷം വിലക്കേർപ്പെടുത്തി ആന്റി ഡോപ്പിംഗ് കമ്മിറ്റി | Papu Gomez

ഖത്തർ ലോകകപ്പിൽ അർജന്റീന ടീമിന്റെ ഭാഗമായിരുന്ന താരമാണ് അലസാന്ദ്രോ ഗോമസ്. സൗദി അറേബ്യക്കെതിരായ ആദ്യത്തെ മത്സരത്തിൽ ഓസ്‌ട്രേലിയക്കെതിരെ നടന്ന പ്രീ ക്വാർട്ടറിൽ മാത്രം കളിക്കാനിറങ്ങിയ താരം അർജന്റീനയുടെ ലോകകപ്പ് നേട്ടത്തിൽ പങ്കാളിയായിരുന്നു. ലോകകപ്പിനു ശേഷം അർജന്റീന ടീമിൽ ഒരു മത്സരം പോലും താരം കളിച്ചിട്ടില്ല. മുപ്പത്തിയഞ്ചുകാരനായ താരത്തിനു ഫോം നഷ്‌ടമായതിനെ തുടർന്നാണ് പിന്നീട് ദേശീയ ടീമിൽ ഇടം ലഭിക്കാതിരിക്കാൻ കാരണമായത്.

നിരോധിത മരുന്ന് ഉപയോഗിച്ചതിന്റെ പേരിൽ പപ്പു ഗോമസിനെ വിലക്കിയെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. റെലെവോയുടെ റിപ്പോർട്ടുകൾ പ്രകാരം താരം നിരോധിത മരുന്ന് ഉപയോഗിച്ചുവെന്ന് ആന്റി ഡോപ്പിംഗ് കമ്മിറ്റി കണ്ടെത്തിയിട്ടുണ്ട്. താരത്തെ ഫുട്ബോളിൽ നിന്നും വിലക്കാനുള്ള തീരുമാനവും അവർ അറിയിച്ചിട്ടുണ്ട്. രണ്ടു വർഷത്തേക്കുള്ള വിലക്ക് പ്രാബല്യത്തിൽ വന്നാൽ താരത്തിന്റെ കരിയർ തന്നെ അവസാനിക്കുമെന്നതിൽ സംശയമില്ല.

അതേസമയം പപ്പു ഗോമസുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നത് താരം നിരോധിത മരുന്ന് ഉപയോഗിച്ചത് മനഃപൂർവമല്ല എന്നാണ്. 2022 നവംബറിൽ ലോകകപ്പിന് മുൻപാണ് താരം നിരോധിത മരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയത്. എന്നാൽ അസുഖം വന്നപ്പോൾ തന്റെ കുട്ടികളിൽ ഒരാൾക്ക് നൽകിയ മരുന്ന് ഡോക്റ്ററുടെ നിർദ്ദേശം ഇല്ലാത്ത കഴിച്ചതാണ് പ്രശ്‌നമായതെന്നാണ് താരവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നു. ഇപ്പോഴത്തെ വിലക്കിനെതിരെ താരം അപ്പീൽ നൽകുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല.

കഴിഞ്ഞ സീസണിൽ സ്‌പാനിഷ്‌ ക്ലബായ സെവിയ്യക്ക് വേണ്ടിയാണ് പപ്പു ഗോമസ് കളിച്ചിരുന്നത്. എന്നാൽ അവസരങ്ങൾ കുറഞ്ഞതിനെ തുടർന്ന് താരം ഇക്കഴിഞ്ഞ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ അവരുമായുള്ള കരാർ റദ്ദ് ചെയ്‌തിരുന്നു. താരം സൗദിയിലേക്ക് ചേക്കേറുമെന്നാണ് ഏവരും പ്രതീക്ഷിച്ചതെങ്കിലും ഇറ്റാലിയൻ ക്ലബായ മോൻസയിലേക്കാണ് ട്രാൻസ്‌ഫർ പൂർത്തിയാക്കിയത്. മോൻസക്കായി രണ്ടു മത്സരം പൂർത്തിയാക്കിയ സമയത്താണ് താരത്തിന് വിലക്കേർപ്പെടുത്തുന്നത്.

മുപ്പത്തിയഞ്ചു വയസുള്ള പപ്പു ഗോമസ് 2014 മുതൽ 2021 വരെയുള്ള സീസണിൽ ഇറ്റാലിയൻ ക്ലബായ അറ്റലാന്റയിൽ കളിക്കുന്ന സമയത്താണ് തന്റെ ഏറ്റവും മികച്ച പ്രകടനം നടത്തുന്നത്. അതിനു ശേഷം സെവിയ്യയിലെത്തിയ താരം അർജന്റീന കഴിഞ്ഞ രണ്ടര വർഷത്തിനിടയിൽ നേടിയ മൂന്നു കിരീടനേട്ടങ്ങളിലും പങ്കാളിയായിരുന്നു. അർജന്റീനക്കൊപ്പം 2007ൽ അണ്ടർ 20 ലോകകപ്പ് നേടിയിട്ടുള്ള താരം സെവിയ്യക്കൊപ്പം യൂറോപ്പ ലീഗ് കിരീടവും സ്വന്തമാക്കിയിട്ടുണ്ട്.

Papu Gomez Reportedly Banned For Doping