അന്നു ചെയ്‌തത് കുറച്ച് ഓവറായിപ്പോയി, ബ്ലാസ്റ്റേഴ്‌സ് താരത്തിനെതിരെ പരിശീലകൻ തന്നെ രംഗത്ത് | Frank Dauwen

ഇന്ത്യൻ സൂപ്പർ ലീഗ് പത്താമത്തെ സീസണിലെ നാലാമത്തെ മത്സരത്തിനായി കേരള ബ്ലാസ്റ്റേഴ്‌സ് നാളെ കളിക്കളത്തിൽ ഇറങ്ങാൻ പോവുകയാണ്. സ്വന്തം മൈതാനത്ത് വെച്ചു നടക്കുന്ന മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡാണ്‌ കേരള ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികൾ. ആദ്യത്തെ രണ്ടു മത്സരങ്ങളിലും വിജയം നേടിയതിനു ശേഷം മുംബൈ സിറ്റിക്കെതിരെ നടന്ന മത്സരത്തിൽ തോൽവി വഴങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സ് അതിന്റെ നിരാശയിൽ നിന്നും ഉയർത്തെഴുന്നേൽക്കാൻ കൂടി വേണ്ടിയാണ് നാളെ ഇറങ്ങുന്നത്.

നാളത്തെ മത്സരത്തിനായി ഇറങ്ങുമ്പോൾ കേരള ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടികൾ ഏറെയുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് മോണ്ടിനെഗ്രോ പ്രതിരോധതാരമായ മീലൊസ് ഡ്രിങ്കിച്ചിനു ലഭിച്ച വിലക്ക്. മുംബൈ സിറ്റിക്കെതിരായ മത്സരത്തിന്റെ അവസാന നിമിഷങ്ങളിലുണ്ടായ സംഘർഷങ്ങൾക്കിടയിൽ മുംബൈ താരത്തെ ഇടിച്ചു വീഴ്ത്തിയതിന് താരത്തിന് ചുവപ്പുകാർഡ് ലഭിച്ചിരുന്നു. ഇതിനെത്തുടർന്ന് മൂന്നു മത്സരങ്ങളിലാണ് ഡ്രിങ്കിച്ച് പുറത്തിരിക്കേണ്ടി വരികയെന്ന് തീർച്ചയായിട്ടുണ്ട്.

നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ നടക്കാനിരിക്കുന്ന മത്സരത്തിന് മുന്നോടിയായി ഇന്ന് നടന്ന പത്രസമ്മേളനത്തിൽ പങ്കെടുത്ത ബ്ലാസ്റ്റേഴ്‌സ് സഹപരിശീലകനും ഇതേക്കുറിച്ച് സൂചിപ്പിക്കുകയുണ്ടായി. ഡ്രിങ്കിച്ചിന് മൂന്നു മത്സരങ്ങളിൽ വിലക്ക് നൽകിയ തീരുമാനം ശരിയായില്ലെന്ന അഭിപ്രായമുള്ള പരിശീലകൻ താരത്തിന്റെ ഫൗളിനെ വിമർശിച്ചു. “മൂന്നു മത്സരത്തിലുള്ള സസ്‌പെൻഷൻ കുറച്ച് കൂടിപ്പോയെന്ന അഭിപ്രായമാണ് എനിക്കുള്ളത്. പക്ഷെ ആ മത്സരത്തിൽ മിലോസിന്റെ പ്രതികരണം ഓവറായിരുന്നു, താരം വികാരങ്ങളെ നിയന്ത്രിക്കാൻ പഠിക്കണം.” ദോവൻ മാധ്യമങ്ങളോട് പറഞ്ഞു.

മിലോസിന്റെ സസ്‌പെൻഷനിൽ ബ്ലാസ്റ്റേഴ്‌സിന് വലിയ തിരിച്ചടി വരാൻ കാരണം പകരക്കാരനായി ഇറങ്ങാൻ കഴിയുന്ന ലെസ്‌കോവിച്ചും പരിക്കേറ്റു പുറത്തു പോയതാണ്. ക്രൊയേഷ്യൻ താരം എന്നാണു ഫിറ്റ്നസ് വീണ്ടെടുക്കുകയെന്ന കാര്യത്തിൽ വ്യക്തതയില്ല. ഇതോടെ ഇനിയുള്ള മത്സരങ്ങളിൽ ഇന്ത്യൻ സെന്റർ ബാക്കുകളെ വെച്ച് കളിക്കേണ്ട സാഹചര്യമാണ് കേരള ബ്ലാസ്റ്റേഴ്‌സിനുള്ളത്. കഴിഞ്ഞ മൂന്നു മത്സരങ്ങളിലും മികച്ച പ്രകടനം നടത്തിയ മിലോസിന്റെ അഭാവം തിരിച്ചടിയാകുമെന്നതിലും സംശയമില്ല.

മിലോസിന്റെ വിലക്കിനു പുറമെ രണ്ടു താരങ്ങൾ പരിക്കേറ്റു പുറത്തു പോയതും കേരള ബ്ലാസ്റ്റേഴ്‌സിന് വലിയ രീതിയിലുള്ള ആശങ്ക നൽകുന്നു. മുംബൈ സിറ്റിക്കെതിരെ പരിക്കേറ്റു പുറത്തു പോയ ഐബാന് ഈ സീസൺ മുഴുവൻ നഷ്‌ടമാകും എന്നുറപ്പായിക്കഴിഞ്ഞു. അതിനു പുറമെ ജിക്‌സൻ സിങ്ങിനും പരിക്കേറ്റിട്ടുണ്ട്. താരത്തിന് ശസ്ത്രക്രിയ വേണ്ടി വരുമെന്ന റിപ്പോർട്ടുകൾ ഉണ്ട്. സർജറി വേണ്ടി വന്നാൽ നാലാഴ്‌ച താരത്തിനും പുറത്തിരിക്കേണ്ടി വരും.

Frank Dauwen Says Milos To Control Emotions