അർജന്റീന താരത്തിനെ റയൽ മാഡ്രിഡിനും ബാഴ്‌സലോണക്കും വേണം, താരം തിരഞ്ഞെടുക്കുക ഏതു ക്ലബിനെയായിരിക്കും | Julian Alvarez

ഫുട്ബോൾ ലോകത്ത് ശക്തമായ വൈരി വെച്ചു പുലർത്തുന്ന രണ്ടു ക്ലബുകളാണ് റയൽ മാഡ്രിഡും ബാഴ്‌സലോണയും. ദേശീയതയുടെ കാര്യത്തിലുള്ള അഭിപ്രായവ്യത്യാസങ്ങൾ പലപ്പോഴും കളിക്കളത്തിലും പ്രകടനമാക്കുന്ന ഇവർ തമ്മിൽ പല കാര്യങ്ങളിൽ മത്സരങ്ങൾ നടക്കാറുണ്ട്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം അർജന്റീനയുടെ സൂപ്പർതാരത്തെ വരുന്ന ട്രാൻസ്‌ഫർ ജാലകത്തിൽ തങ്ങളുടെ തട്ടകത്തിൽ എത്തിക്കുന്നതിനു വേണ്ടിയാണ് ഈ രണ്ടു ക്ലബുകളും തമ്മിൽ മത്സരം നടത്തുന്നത്.

റിപ്പോർട്ടുകൾ പ്രകാരം മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി കളിക്കുന്ന അർജന്റീന മുന്നേറ്റനിര താരമായ ജൂലിയൻ അൽവാരസിനെ സ്വന്തമാക്കാനാണ് ഈ രണ്ടു ക്ലബുകളും ശ്രമം നടത്തുന്നത്. റിവർപ്ലേറ്റിൽ നിന്നും മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കിയ അൽവാരസ് കഴിഞ്ഞ ലോകകപ്പിലാണ് ഹീറോയാകുന്നത്. ലൗടാരോ മാർട്ടിനസ് തീർത്തും നിറം മങ്ങിയപ്പോൾ അതിനു പകരക്കാരനായ താരം നിർണായകമായ നാല് ഗോളുകളുമായി അർജന്റീനക്ക് കിരീടം സ്വന്തമാക്കി നൽകുന്നതിൽ നിർണായകമായ പങ്കു വഹിക്കുകയുണ്ടായി.

ഇരുപത്തിമൂന്നുകാരനായ താരം സ്‌ട്രൈക്കർ പൊസിഷനിലാണ് കളിക്കുകയെങ്കിലും താരത്തിന്റെ വർക്ക് റേറ്റ് അവിശ്വസനീയമാണ്. അതിനു പുറമെ മുന്നേറ്റനിരയിൽ വിവിധ പൊസിഷനിൽ കളിക്കാനും സെറ്റ് പീസുകൾ മികച്ച രീതിയിൽ കൈകാര്യം ചെയ്യാനും താരത്തിന് കഴിയും. അൽവാരസിനെ പോലെ തൊണ്ണൂറ് മിനുട്ടും കളിക്കളത്തിൽ കഠിനാധ്വാനം ചെയ്യുന്നൊരു താരം ഏതൊരു പരിശീലകന്റെയും സ്വപ്‌നം തന്നെയാണ് എന്നുറപ്പാണ്. രണ്ടു ക്ലബിലും ആദ്യ ഇലവനിൽ ഇടം പിടിക്കാനുള്ള നിലവാരവും താരത്തിനുണ്ട്.

അർജന്റീനക്ക് വേണ്ടിയും മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടിയും മികച്ച പ്രകടനം നടത്തുന്നുണ്ടെങ്കിലും ക്ലബിന്റെ ആദ്യ ഇലവനിൽ സ്ഥിരസാന്നിധ്യമല്ല അൽവാരസ്. ഏർലിങ് ഹാലൻഡിനെ പോലെയൊരു ഗോൾ മെഷീൻ ടീമിന്റെ ഭാഗമായതിനാൽ തന്നെ പലപ്പോഴും താരത്തിന്റെ അവസരങ്ങൾ പരിമിതമാണ്. അതിനാൽ തന്നെ മാഞ്ചസ്റ്റർ സിറ്റി വിടാനുള്ള താൽപര്യം അൽവാരസിനുണ്ടാകാനും സാധ്യതയുണ്ട്. ഇപ്പോൾ തന്നെ കരിയറിൽ സാധ്യമായ നേട്ടങ്ങളെല്ലാം ഇരുപത്തിമൂന്നുകാരനായ താരം സ്വന്തമാക്കിയിട്ടുണ്ട്.

നേരത്തെ താരത്തിന് റിലീസിംഗ് ക്ലോസ് ഉണ്ടെന്നായിരുന്നു റിപ്പോർട്ടുകളെങ്കിലും അതില്ലെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരം. 2028 വരെ കരാറുള്ള താരത്തെ സ്വന്തമാക്കുക അതിനാൽ തന്നെ രണ്ടു ടീമുകൾക്കും ബുദ്ധിമുട്ടുള്ള കാര്യമാണ്. അതേസമയം അൽവാരസിനെ സ്വന്തമാക്കാനുള്ള സാമ്പത്തികശേഷി റയൽ മാഡ്രിഡിനുണ്ട്. സാമ്പത്തികപ്രതിസന്ധിയിൽ ബുദ്ധിമുട്ടുന്ന ബാഴ്‌സലോണയ്ക്ക് അതിനു കഴിയണമെങ്കിൽ നിലവിൽ ടീമിലുള്ള പല താരങ്ങളെയും ഒഴിവാക്കേണ്ടി വരും.

Julian Alvarez A Target For Real Madrid And Barcelona