ബാഴ്‌സലോണ താരങ്ങൾ റൊണാൾഡോയെ മറികടന്ന ദിവസം, പുതിയ നേട്ടങ്ങളുമായി പെഡ്രിയും യമാലും

ഇന്നലെ നടന്ന യൂറോ കപ്പ് പ്രീ ക്വാർട്ടർ മത്സരത്തിൽ തകർപ്പൻ പ്രകടനമാണ് സ്പെയിൻ നടത്തിയത്. ആദ്യഗോൾ ജോർജിയായാണ് നേടിയതെങ്കിലും അതിനു ശേഷം ആർത്തലച്ചു വന്ന സ്പെയിൻ ആക്രമണങ്ങൾ തടുത്തു നിർത്താൻ അവർക്ക് കഴിഞ്ഞില്ല. രണ്ടാം പകുതിയിൽ ആഞ്ഞടിച്ച സ്പെയിൻ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് വിജയം നേടിയത്.

സ്പെയിനിന്റെ വിജയത്തിൽ പോർച്ചുഗൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ രണ്ടു റെക്കോർഡുകളാണ് തകർക്കപ്പെട്ടത്. അതിലൊന്ന് തകർത്തത് ടീമിന്റെ പതിനാറുകാരനായ താരം ലാമിൻ യമാലായിരുന്നു. ഒരു പ്രധാന യൂറോപ്യൻ ടൂർണമെന്റിൽ ഒന്നിലധികം അസിസ്റ്റ് നേടുന്ന ടീനേജ് താരമെന്ന റൊണാൾഡോയുടെ നേട്ടത്തിനൊപ്പം ഇന്നലെ യമാൽ എത്തുകയുണ്ടായി.

സ്പെയിനിനെ മുന്നിലെത്തിച്ച് ഫാബിയൻ റൂയിസ് നേടിയ ഗോളിന് അസിസ്റ്റ് നൽകിയതോടെ ഈ ടൂർണമെന്റിലെ രണ്ടാമത്തെ അസിസ്റ്റാണ് യമാൽ നേടിയത്. 2004ലെ യൂറോ കപ്പിൽ റൊണാൾഡോ രണ്ട് അസിസ്റ്റുകൾ സ്വന്തമാക്കിയിരുന്നു. അന്ന് റൊണാൾഡോക്ക് 19 വയസ്സാണ് പ്രായമെങ്കിൽ യമാലിന് വെറും പതിനാറു വയസ് മാത്രമാണ് പ്രായമുള്ളത്.

മറ്റൊരു റെക്കോർഡ് തകർത്തത് പെഡ്രിയാണ്. ഏതെങ്കിലും പ്രധാന ടൂർണമെന്റുകളിൽ ഏറ്റവുമധികം മത്സരങ്ങൾ കളിച്ച 21 വയസൊ അതിൽ കുറവോ പ്രായമുള്ള യൂറോപ്യൻ താരമെന്ന നേട്ടമാണ് പെഡ്രിക്ക് മുന്നിൽ വഴി മാറിയത്. റൊണാൾഡോ ആ പ്രായത്തിൽ യൂറോ കപ്പ്, ലോകകപ്പ് എന്നിവയിൽ 12 മത്സരങ്ങൾ കളിച്ചപ്പോൾ പെഡ്രിയുടെ 13ആമത്തെ മത്സരമാണ് ഇന്നലെ കഴിഞ്ഞത്.

യുവതാരങ്ങൾ അടങ്ങുന്ന സ്പെയിൻ ടീം യൂറോയിൽ മികച്ച പ്രകടനമാണ് നടത്തുന്നത്. നാല് മത്സരങ്ങളിൽ നിന്നും ഒൻപത് ഗോളുകൾ നേടിയ ടീം ആകെ വഴങ്ങിയത് ഒരു സെൽഫ് ഗോൾ മാത്രമാണ്. സ്പെയിനിനെ സംബന്ധിച്ച് ഏറ്റവും കടുപ്പമേറിയ പോരാട്ടം അടുത്താണ്. ക്വാർട്ടർ ഫൈനലിൽ ആതിഥേയരും കിരീടം നേടാൻ സാധ്യതയുള്ള ടീമുകളിൽ ഒന്നുമായ ജർമനിയാണ് സ്പെയിനിന്റെ എതിരാളികൾ.