കേരളം എന്റെ നാടും മഞ്ഞപ്പട എന്റെ കുടുംബവുമാണ്, ആരാധകർക്കായി കിരീടം നേടുകയാണ് ലക്ഷ്യമെന്ന് പ്രീതം കോട്ടാൽ | Pritam Kotal

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ വളരെയധികം സ്നേഹിച്ചിരുന്ന ഒരു താരത്തെ നൽകി പകരം നേടിയ കളിക്കാരനാണ് പ്രീതം കോട്ടാൽ. ഈ സീസൺ ആരംഭിക്കുന്നതിനു മുൻപുള്ള ട്രാൻസ്‌ഫർ ജാലകത്തിലാണ് ബ്ലാസ്റ്റേഴ്‌സിന്റെ പ്രധാന താരമായ സഹലിനെ നൽകി പ്രീതം കോട്ടാലിനെ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്. ആ ട്രാൻസ്‌ഫറിനെ അനുകൂലിച്ചും വിമർശിച്ചും നിരവധി പേർ രംഗത്തു വന്നിരുന്നു.

രണ്ടു സൂപ്പർ ലീഗ് കിരീടമടക്കം നിരവധി നേട്ടങ്ങൾ സ്വന്തമാക്കിയ പ്രീതം കോട്ടാലിന്റെ വരവ് ബ്ലാസ്റ്റേഴ്‌സിന് വലിയ കരുത്ത് നൽകുമെന്ന് പ്രതീക്ഷിച്ചെങ്കിലും അസാധാരണമായ പ്രകടനമൊന്നും താരത്തിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. എന്നാൽ ബ്ലാസ്റ്റേഴ്‌സ് ആരാധകരെയും കേരളത്തെയും ഒരുപാട് സ്നേഹിക്കുന്ന താൻ ടീമിന് കിരീടം സ്വന്തമാക്കി നൽകാൻ പരമാവധി നൽകുമെന്നാണ് പ്രീതം പറയുന്നത്.

“”ഫുട്ബാളിന്റെ നാട്ടിൽ നിന്ന് ഫുട്ബാളിന്റെ നാട്ടിലേക്ക് കുടിയേറിയ വ്യക്തിയാണ് ഞാൻ. തീർച്ചയായും ഞാൻ കൊൽക്കത്തയെ മിസ് ചെയ്യുന്നുണ്ട്. അവിടെനിന്നുള്ള ഒരുപാട് പ്രിയപ്പെട്ട ഓർമകളും ഇപ്പോഴും എനിക്കൊപ്പമുണ്ട്. പക്ഷെ ഇപ്പോൾ കേരളം എന്റെ നാടാണ്. മഞ്ഞപ്പട എന്റെ കുടുംബമാണ്. അവർക്കുവേണ്ടി ഞാനെന്റെ നൂറു ശതമാനം നൽകും.”

“ഇനി വരാനുള്ളത് നിർണായക മത്സരങ്ങളാണ്. ഞങ്ങളെ വിശ്വസിക്കുവാനും ഞങ്ങളെ പിന്തുണക്കുവാനും ഞാൻ ആരാധകരോട് അഭ്യർത്ഥിക്കുന്നു. പ്ലേ ഓഫിലും, മുമ്പോട്ടും ഞങ്ങൾക്ക് നിങ്ങളുടെ പിന്തുണ വേണം. കേരളത്തിനായി ഇന്ത്യൻ സൂപ്പർ ലീഗ് കിരീടം നേടുകയെന്നതാണ് ഇപ്പോഴെന്റെ സ്വപ്‌നം.” താരം കഴിഞ്ഞ ദിവസം ഒഫീഷ്യൽ വെബ്‌സൈറ്റിനോട് പറഞ്ഞു.

ഷീൽഡ് പ്രതീക്ഷകൾ നഷ്‌ടമായ ബ്ലാസ്റ്റേഴ്‌സ് പ്ലേ ഓഫ് ഉറപ്പിക്കുന്നതിന്റെ അരികിലാണ്. ഇനി ബ്ലാസ്‌റ്റേഴ്‌സിനെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ടത് പ്ലേ ഓഫ് ഉറപ്പിക്കുക, പ്ലേ ഓഫിൽ മികച്ച പ്രകടനം നടത്തുക എന്നതാണ്. നിലവിൽ മോശം ഫോമിലാണെങ്കിലും പ്ലേ ഓഫിൽ അതിനു മാറ്റമുണ്ടാകുമെന്നും ബ്ലാസ്റ്റേഴ്‌സ് അവസാനശ്വാസം വരെ പൊരുതുമെന്നുമുള്ള പ്രതീക്ഷ ആരാധകർക്കുണ്ട്.

Pritam Kotal Says He Love Kerala Blasters Fans